Top

എയ്ഡഡ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ക്വാട്ട: സര്‍ക്കാരിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളി

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളേയും അണ്‍ എയ്ഡഡ് കോളേജുകളേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് വാദിച്ചു

6 Sep 2022 1:11 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എയ്ഡഡ് മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ക്വാട്ട: സര്‍ക്കാരിനെതിരെ എന്‍എസ്എസ് നല്‍കിയ ഹര്‍ജി തള്ളി
X

ന്യൂഡല്‍ഹി: എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് ക്വാട്ട പ്രവേശന വിഷയത്തില്‍ എന്‍എസ്എസിന് തിരിച്ചടി. മാനേജ്‌മെന്റ് ക്വാട്ട പ്രവേശനം നല്‍കുന്നതില്‍ സമ്പൂര്‍ണ അധികാരം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. 2017ല്‍ സംസ്ഥാന സര്‍ക്കാര്‍ പാസാക്കിയ മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയെയാണ് നായര്‍ സര്‍വ്വീസ് സൊസൈറ്റി ചോദ്യം ചെയ്തത്. എയ്ഡഡ് ഹോമിയോ മെഡിക്കല്‍ കോളേജിലെ 15 ശതമാനം മാനേജ്‌മെന്റ് സീറ്റിലെ പ്രവേശനത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കുന്ന ഭേദഗതിയായിരുന്നു ഇത്.

മെഡിക്കല്‍ വിദ്യാഭ്യാസ മേഖലയിലെ എയ്ഡഡ് കോളേജുകളേയും അണ്‍ എയ്ഡഡ് കോളേജുകളേയും ഒരു പോലെ കാണാന്‍ കഴിയില്ലെന്ന് എന്‍എസ്എസ് വാദിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും എന്‍എസ്എസ് ആരോപിച്ചു. ഈ ഹര്‍ജി ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്ലി എന്നിവരടങ്ങുന്ന ബെഞ്ചാണ് തള്ളിയത്.

കേരള മെഡിക്കല്‍ വിദ്യാഭ്യാസ നിയമഭേദഗതിയിലെ 2 (പി) വകുപ്പ് പ്രകാരം 15 ശതമാനം മാനേജ്‌മെന്റ് സീറ്റുകളിലേക്ക് നടക്കുന്ന പ്രവേശനത്തിന് സംസ്ഥാന ഫീസ് നിര്‍ണയ സമിതിയുടെ അനുമതി വേണം. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികളുടെ രേഖകളും വിവരങ്ങളും പരിശോധിക്കാന്‍ സമിതിക്ക് അധികാരമുണ്ട്. സര്‍ക്കാരിന്റെ ഫീസ് നിര്‍ണയ സമിതിയുടെ നിയന്ത്രണം ചട്ടലംഘനമാണെന്ന് എന്‍എസ്എസ് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതേ ആവശ്യവുമായി ഹൈക്കോടതിയിലെത്തിയപ്പോഴും എന്‍എസ്എസിന് തിരിച്ചടി കിട്ടിയിരുന്നു. സര്‍ക്കാര്‍ പണം നല്‍കുന്ന എയ്ഡഡ് മെഡിക്കല്‍ കോളേജുകളിലെ പ്രവേശന നടപടിക്രമങ്ങളില്‍ നിയന്ത്രണങ്ങള്‍ കൊണ്ട് വരാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി ഹൈക്കോടതി തള്ളിയത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും സചിവോത്തപുരം എന്‍എസ്എസ് ഹോമിയോ കോളേജ് ചെയര്‍മാനുമായ ജി സുകുമാരന്‍ നായര്‍, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി ബിന്ദുകുമാരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Story highlights: Aided Medical College Management Quota: Petition filed by NSS against Govt rejected

Next Story