Top

കടം 1.61 ലക്ഷം കോടി; പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയെടുക്കല്‍ കുറച്ചെന്ന് അദാനി ഗ്രൂപ്പ്

പൊതുമേഖല ബാങ്കുകളെ വായ്പകള്‍ക്ക് വേണ്ടി ആശ്രയിക്കുന്നത് പകുതിയാക്കിയെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു

6 Sep 2022 2:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടം 1.61 ലക്ഷം കോടി; പൊതുമേഖലാ ബാങ്കുകളില്‍ നിന്നുള്ള വായ്പയെടുക്കല്‍ കുറച്ചെന്ന് അദാനി ഗ്രൂപ്പ്
X

ന്യൂഡല്‍ഹി: അതിവേഗത്തിലുള്ള വളര്‍ച്ച ലക്ഷം കോടിയുടെ കട ബാധ്യതകള്‍ വെച്ചുകൊണ്ടാണെന്നും കടക്കെണിയി സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി അദാനി ഗ്രൂപ്പ്. മാര്‍ച്ച് 2022ല്‍ 1.81 ലക്ഷം കോടിയുടെ കടമാണുള്ളത്. നിലവില്‍ അത് 1.61 ലക്ഷം കോടിയാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ക്രെഡിറ്റ് സൈറ്റിന്റെ റിപ്പോര്‍ട്ടിന് 15 പേജിലാണ് അദാനി ഗ്രൂപ്പ് മറുപടി നല്‍കിയിരിക്കുന്നത്.

പൊതുമേഖല ബാങ്കുകളെ വായ്പകള്‍ക്ക് വേണ്ടി ആശ്രയിക്കുന്നത് പകുതിയാക്കിയെന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു. 2015-16 വര്‍ഷത്തില്‍ വായ്പയുടെ 55 ശതമാനം പൊതുമേഖല ബാങ്കുകളില്‍ നിന്നായിരുന്നു. 2021-22ല്‍ വായ്പയുടെ 21 ശതമാനമാണ് പൊതുമേഖലാ ബാങ്കുകളില്‍ നിന്ന്. 2016 സാമ്പത്തിക വര്‍ഷത്തില്‍ 31 ശതമാനം വായ്പയ്ക്ക് അദാനി ഗ്രൂപ്പ് സ്വകാര്യ ബാങ്കുകളെ ആശ്രയിച്ചു. ഇത് 2021-22ല്‍ 11 ശതമാനമായി കുറഞ്ഞു. ബോണ്ടുകളിലൂടെ സമാഹരിച്ച തുകയുടെ അളവ് 14 ശതമാനത്തില്‍ നിന്നും 50 ശതമാനമായി ഉയര്‍ന്നെന്നും അദാനി ഗ്രൂപ്പ് പറയുന്നു.

ആഗോള ധന കാര്യക്ഷമത വിലയിരുത്തല്‍ ഏജന്‍സിയായ ഫിച്ച് ഗ്രൂപ്പിന്റെ ഉപഘടകമായ ക്രെഡിറ്റ് സൈറ്റ്‌സ് അദാനി ഗ്രൂപ്പിന്റെ വന്‍ നിക്ഷേപ പദ്ധതികള്‍ കടക്കെണിയിലാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഗ്രൂപ്പിന്റെ നിക്ഷേപ പദ്ധതികള്‍ ഏറെ അതിരുകടന്നതാണെന്നും ഗൗതം അദാനിയുടെ സമ്പത്തിന്റെ ഭൂരിഭാഗവും 'കടലാസില്‍ 'മാത്രമാണെന്നും ക്രെഡിറ്റ് സൈറ്റ്‌സ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് വര്‍ഷങ്ങളായി അടക്കിവാഴുന്ന മേഖലകളിലടക്കം അദാനി ഗ്രൂപ്പ് മത്സരിക്കുന്നു. അത് ആക്രമണോത്സുകമായ വിപുലീകരണ പദ്ധതിയാണെന്നും പരാജയപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പിന്റെ ആക്രമണാത്മക വിപുലീകരണം, പുതിയതോ അല്ലെങ്കില്‍ അനുബന്ധ ബിസിനസ്സുകളിലേക്കുള്ള കടന്നുകയറ്റം, റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള കമ്പനികളുമായി മത്സരിക്കുന്നതില്‍ നിന്ന് ഉണ്ടാകുന്ന അപകടസാധ്യതകള്‍,പരിസ്ഥിതി, സാമൂഹിക അപകടസാധ്യതകള്‍ തുടങ്ങി നിരവധി ആശങ്കകള്‍ റിപ്പോര്‍ട്ടില്‍ ഉന്നയിക്കുന്നുണ്ട്.

STORY HIGHLIGHTS: Adani group says not overleveraged loans from public sector banks halved

Next Story