Top

'റോക്കി ഭായിയെപ്പോലെ ഗാങ്‌സ്റ്റർ, പൊലീസുകാർ അടുത്ത ടാർഗറ്റ്'; ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്ന് ഭോപ്പാൽ സീരിയൽ കില്ലർ

3 Sep 2022 10:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

റോക്കി ഭായിയെപ്പോലെ ഗാങ്‌സ്റ്റർ, പൊലീസുകാർ അടുത്ത ടാർഗറ്റ്; ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്ന് ഭോപ്പാൽ സീരിയൽ കില്ലർ
X

ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ നഗരത്തെ ഭീതിയിലാഴ്ത്തിയ സീരിയൽ കില്ലർ തന്റെ അഞ്ചാമത്തെ ഇരയെയും കൊന്നതായി വെളിപ്പെടുത്തിയെന്ന് പൊലീസ്. കോടതിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലാണ് താൻ മറ്റൊരാളെ കൊന്നുവെന്ന് പ്രതി വെളിപ്പെടുത്തിയത്. ജോലിക്കിടെ ഉറങ്ങുന്നവരെ ഇഷ്ടമല്ലെന്നും അതിനാലാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്നുമാണ് പ്രതി പൊലീസിനോട് പറഞ്ഞത്. കെ‌ജി‌എഫ് സിനിമയിലെ 'റോക്കി ഭായി'യെ പോലെ ഗ്യാങ്സ്റ്റർ ആകാനാണ് ആഗ്രഹിച്ചതെന്നും അടുത്തതായി പൊലീസുകാരെയാണ് ലക്ഷ്യമിട്ടിരുന്നതെന്നും പ്രതി അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകി.

കഴിഞ്ഞ ദിവസമാണ് സാഗർ സ്വദേശി ശിവപ്രസാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. നാലു സുരക്ഷാ ജീവനക്കാരെ ഉറക്കത്തിൽ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലാണ് പത്തൊമ്പതുകാരനെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെടുത്തിയ ഒരു സുരക്ഷാ ജീവനക്കാരന്റെ ഫോൺ പ്രതി കൈക്കലാക്കിയിരുന്നു. ഇത് പിന്തുടർന്നാണ് വെള്ളിയാഴ്ച ഭോപ്പാലിൽ വെച്ച് പ്രതിയെ പിടികൂടിയത്.

ആഗസ്റ്റ് 28നും സെപ്റ്റംബർ ഒന്നിനും ഇടയിൽ മധ്യപ്രദേശിലെ സാഗർ നഗരത്തിൽ മൂന്നും ഭോപ്പാലിൽ ഒരു സെക്യൂരിറ്റി ജീവനക്കാരനെയുമാണ് ശിവപ്രസാദ് കൊലപ്പെടുത്തിയത്. ഭോപ്പാലിൽ നടത്തിയ കൊലപാതകം സിസിടിവിയിൽ പതിഞ്ഞിരുന്നു. നിക്കറും ബനിയനും ധരിച്ചെത്തിയ പ്രതി ഉറങ്ങിക്കിടക്കുന്ന സുരക്ഷാജീവനക്കാരന്റെ തലയ്ക്ക് കല്ലുകൊണ്ട് ഇടിക്കുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റാരും കണ്ടില്ലെന്ന് ഉറപ്പാക്കിയ ശേഷം സംഭവസ്ഥലത്തു നിന്ന് പെട്ടെന്ന് രക്ഷപ്പെടുകയും ചെയ്തു. ചുറ്റിക, വടിവാൾ, കല്ല് എന്നിവ ഉപയോഗിച്ചായിരുന്നു കൊലപാതകങ്ങൾ നടത്തിയത്.

അർദ്ധരാത്രി ഉറങ്ങിക്കിടക്കുന്ന സുരക്ഷാ ജീവനക്കാർ സമാന സാഹചര്യങ്ങളിൽ കൊല്ലപ്പെട്ടത് സംസ്ഥാനത്തുടനീളം പരിഭ്രാന്തി പരത്തിയിരുന്നു. പൊലീസ് പരിശോധനയും കർശനമാക്കിയിരുന്നു തുടർന്നാണ് പ്രതി പിടിയിലായത്.

STORY HIGHLIGHTS: accused who caught in Madhya Pradesh claimed to have killed his fifth victim

Next Story