Top

ഏഴാം വയസില്‍ തട്ടിക്കൊണ്ടുപോയി; 16കാരി 9 വര്‍ഷത്തിന് ശേഷം അമ്മയ്‌ക്കൊപ്പം; അത്ഭുതമെന്ന് ഹര്‍നാസ് സന്ധു

പൂജയുടെ തിരോധാനത്തില്‍ ഏറെക്കാലം കുടുംബം അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ വീട്ടുജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയെന്ന സ്ത്രീയാണ് വഴിത്തിരിവായത്.

6 Aug 2022 7:28 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഏഴാം വയസില്‍ തട്ടിക്കൊണ്ടുപോയി; 16കാരി 9 വര്‍ഷത്തിന് ശേഷം അമ്മയ്‌ക്കൊപ്പം; അത്ഭുതമെന്ന് ഹര്‍നാസ് സന്ധു
X

മുംബൈ: ഏഴാം വയസില്‍ സ്‌കൂളില്‍ പോയ മകളെ പിന്നീട് അമ്മ കാണുന്നത് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം. സിനിമയെ വെല്ലുന്ന ഒരു തട്ടിപ്പിന്റെ കഥയാണ് മഹാരാഷ്ട്രയിലെ അന്ധേരിയില്‍ നടന്നത്. ചേട്ടനോടൊപ്പം സ്‌കൂളിലേക്ക് പോയ രണ്ടാം ക്ലാസുകാരി പൂജയെ വഴിയില്‍വെച്ച് കാണാതാവുകയായിരുന്നു. പൂജയുടെ തിരോധാനത്തില്‍ ഏറെക്കാലം കുടുംബം അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ വീട്ടുജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയെന്ന സ്ത്രീയാണ് വഴിത്തിരിവായത്.

രാവിലെ സ്‌ക്കൂളിലേക്ക് പോകുന്ന വഴി ഐസ്‌ക്രീമും ചോക്ലേറ്റും കാട്ടി പ്രലോഭിപ്പിച്ച് മക്കളില്ലാത്ത ദമ്പതികള്‍ പൂജയെ തട്ടികൊണ്ടുപോവുകയായിരുന്നു. ജുഹു ഗല്ലി സ്വദേശികളായ ഹാരി ഡിസൂസ-സോണിയ ദമ്പതികളാണ് തട്ടികൊണ്ടുപോകലിന് പിന്നില്‍. സ്വന്തമായി കുട്ടികളില്ലാത്ത വിഷമം പരിഹരിക്കാനാണ് ഇവര്‍ പൂജയെ തട്ടികൊണ്ടുപോയത്.

ഒമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ഹാരി ഡിസൂസ-സോണിയ ദമ്പതികളുടെ വീട്ടില്‍ ജോലിക്കെത്തിയ പ്രമീള ദേവേന്ദ്രയാണ് വര്‍ഷങ്ങള്‍ക്ക് ശേഷം പൂജയെ സ്വന്തം അമ്മയുടെ അരികിലെത്തിച്ചത്. ഹാരി ഡിസൂസയും ഭാര്യയും തന്റെ യഥാര്‍ത്ഥ മാതാപിതാക്കളല്ലെന്നും അവര്‍ ഉപദ്രവിക്കാറുണ്ടെന്നും ഒരു ദിവസം അപ്രതീക്ഷിതമായി പൂജ പ്രമീളയോട് പറയുകയായിരുന്നു. വിവരമറിഞ്ഞ പ്രമീള ഗൂഗിളില്‍ തിരഞ്ഞതോടെ പൂജയെ കാണാതായതിന്റെ നിരവധി വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടു. വാര്‍ത്തകള്‍ക്കൊപ്പം പൂജയുടെ ചിത്രങ്ങള്‍ കൂടി കണ്ടതോടെ പ്രമീളക്ക് കാര്യങ്ങള്‍ വ്യക്തമായി.

അന്ന് കേസ് അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ രാജേന്ദ്ര ബൊസാലേ തന്റെ വിരമിക്കലിന് ശേഷവും സാമൂഹ്യമാധ്യമങ്ങളില്‍ സൂക്ഷിച്ച പോസ്റ്റുകള്‍ കണ്ടതോടെ പ്രമീള ആ നമ്പറില്‍ ബന്ധപ്പെട്ട് പൂജയെക്കുറിച്ച് അന്വേഷിച്ചു. പൂജയുടെ അയല്‍വാസിയായ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെയായിരുന്നു പോസ്റ്ററിലെ നമ്പര്‍. എന്നാല്‍ ആരോ വിളിച്ച് തന്നെ പറ്റിക്കുകയാണെന്നാണ് മുഹമ്മദ് ആദ്യം കരുതിയത്. പൂജയുടെ അരികില്‍ ഇരുന്ന് പ്രമീള വീഡിയോ കോള്‍ ചെയ്തതോടെയാണ് അദ്ദേഹത്തിന് വിശ്വാസം വന്നത്. തുടര്‍ന്ന് മുഹമ്മദ് പൂജയുടെ അമ്മയെ ബന്ധപ്പെട്ട് കാര്യങ്ങള്‍ വിശദീകരിച്ചു.

ഒമ്പത് വര്‍ഷം മുമ്പ് നഷ്ടപ്പെട്ട മകളെ തിരിച്ചുകിട്ടിയതിന്റെ ഞെട്ടലിലും സന്തോഷത്തിലുമാണ് ഈ അമ്മ. പൂജയുടെ തിരിച്ചുവരവ് അത്ഭുതമായി തോന്നുന്നുവെന്ന് അമ്മ ഹര്‍നാസ് സന്ധു പറഞ്ഞു.

ഡിസൂസയും ഭാര്യയും ഗോവയിലും മുംബൈയിലും കൊണ്ടുപോവുകയും മാതാപിതാക്കളെക്കുറിച്ച് ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പൂജ പിന്നീട് പൊലീസിന് മൊഴി നല്‍കി. ദമ്പതികള്‍ അവര്‍ക്ക് കുഞ്ഞുണ്ടാകുന്നത് വരെ തന്നെ നന്നായി നോക്കിയിരുന്നെന്നും പിന്നീട് ക്രൂരമായി പിഡീപ്പിക്കുമായിരുന്നുവെന്നും പൂജ പൊലീസിനോട് പറഞ്ഞു. അതിനിടെ പൂജയെ കര്‍ണാടകയിലെ ഒരു ഹോസ്റ്റലിലേക്കും മാറ്റിയിരുന്നു. പിന്നീട് 2015ലാണ് പൂജ തിരിച്ച് മുംബൈയിലെത്തിയത്.

പൂജ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. തട്ടികൊണ്ടുപോകല്‍, ബാലവേലക്ക് നിര്‍ബന്ധിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

Story highlights: Abducted at age seven; 16-year-old with mother after 9 years; Harnas Sandhu said it was a miracle


Next Story