Top

'ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം'; വോട്ട് വിഭജിക്കലാണ് കെജ്‌രിവാളിന്റെ കര്‍ത്തവ്യമെന്ന് കോണ്‍ഗ്രസ്

13 Sep 2022 4:48 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീം; വോട്ട് വിഭജിക്കലാണ് കെജ്‌രിവാളിന്റെ കര്‍ത്തവ്യമെന്ന് കോണ്‍ഗ്രസ്
X

ഷിംല: ആംആദ്മി പാര്‍ട്ടി ബിജെപിയുടെ ബി ടീമാണെന്ന് ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പിന് മുമ്പ് നല്‍കുന്ന കളവായ വാഗ്ദാനങ്ങള്‍ നല്‍കി വോട്ടര്‍മാരെ വഞ്ചിക്കുകയാണ് അരവിന്ദ് കെജ്‌രിവാള്‍ നയിക്കുന്ന പാര്‍ട്ടിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഈ വര്‍ഷം അവസാനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസില്‍ തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലാണ് നടക്കുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് അല്‍ക്ക ലാംബ പറഞ്ഞു. 'ഡബിള്‍ എഞ്ചിന്‍' ബിജെപി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂവെന്ന് ഹിമാചലിലെ ഉപതെരഞ്ഞെടുപ്പുകള്‍ കാണിക്കുന്നുവെന്നും അല്‍ക്ക ലാംബ പറഞ്ഞു.

കഴിഞ്ഞ ഒക്ടോബറില്‍ മണ്ഡി ലോക്‌സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിലും ഫത്തേപൂര്‍, അര്‍കി, ജുബ്ബല്‍-കോത്‌കൈ നിയോജക മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസാണ് വിജയിച്ചത്. ഇക്കാര്യം മുന്‍നിര്‍ത്തിയാണ് അല്‍ക്ക ലാംബയുടെ വാക്കുകള്‍.

ഉത്തരാഖണ്ഡിലും ഗോവയിലും ബിജെപിയുമായി കോണ്‍ഗ്രസാണ് നേരിട്ട് ഏറ്റുമുട്ടുന്നത്. എന്നാല്‍ ഇരു സംസ്ഥാനങ്ങളിലും ബിജെപിയുടെ വിജയം ആംആദ്മി പാര്‍ട്ടി ഉറപ്പ് വരുത്തിയെന്നും അല്‍ക്ക ലാംബ പറഞ്ഞു.

ഉത്തരാഖണ്ഡിലെ ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ കെട്ടിവെച്ച പണം നഷ്ടപ്പെട്ടതിന് ശേഷം ബിജെപിയില്‍ ചേര്‍ന്നു. ഒറ്റ രാത്രി കൊണ്ട് ആംആദ്മി പാര്‍ട്ടിയുടെ ഹിമാചലിലെ സംസ്ഥാന സമിതിയാകെ ജെപി നദ്ദയുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നുവെന്നും അല്‍ക്ക ലാംബ പറഞ്ഞു.

Story Highlights: AAP is 'BJP's B team', says Congress

Next Story