Top

'വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യങ്ങളല്ല, ഫ്രീബീസ് എന്ന് വിളിക്കരുത്'; എഎപി-ബിജെപി പോര് സുപ്രീംകോടതിയില്‍

'പൊതുക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ ബിജെപി അവകാശപ്പെടുന്നതുപോലെ സൗജന്യമെന്ന് കണക്കാക്കാനാകില്ല'

9 Aug 2022 7:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിദ്യാഭ്യാസവും ആരോഗ്യവും സൗജന്യങ്ങളല്ല, ഫ്രീബീസ് എന്ന് വിളിക്കരുത്; എഎപി-ബിജെപി പോര് സുപ്രീംകോടതിയില്‍
X

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നല്‍കുന്ന സൗജന്യ വാഗ്ദാനങ്ങള്‍ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സുപ്രീംകോടതിയിലെ ഹര്‍ജിയെ എതിര്‍ത്ത് ആംആദ്മി പാര്‍ട്ടിയുടെ സത്യവാങ്മൂലം. വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ പൊതുക്ഷേമ പദ്ധതികള്‍ക്കുള്ള ചെലവുകള്‍ ബിജെപി അവകാശപ്പെടുന്നതുപോലെ സൗജന്യമെന്ന് കണക്കാക്കാനാവില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.

'ചില പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് പല വാഗ്ദാനങ്ങളും നല്‍കുമെങ്കിലും സര്‍ക്കാര്‍ രൂപീകരിച്ച് കഴിഞ്ഞാല്‍ തികച്ചും വ്യത്യസ്തമായ നടപടികളാണുണ്ടാകുക. ദരിദ്രരായ ജനങ്ങള്‍ക്കായി പ്രഖ്യാപിക്കുന്ന പദ്ധതികളെ സൗജന്യ വാഗ്ദാനങ്ങള്‍ (ഫ്രീബീസ്) എന്ന് വിശേഷിപ്പിക്കരുത്. സൗജന്യ ജലം, സൗജന്യ വൈദ്യുതി അല്ലെങ്കില്‍ സൗജന്യ പൊതുഗതാഗതം തുടങ്ങിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ 'സൗജന്യങ്ങള്‍' അല്ല, മറിച്ച് സംസ്ഥാനത്തിന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നതിന്റെ ഉദാഹരണങ്ങളാണ്. കൂടുതല്‍സമത്വമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്', പെറ്റീഷനില്‍ എഎപി പറയുന്നു. കടം എഴുതിത്തള്ളലും, കുറച്ച് ആളുകള്‍ക്ക് മാത്രമായുള്ള നികുതി ഇളവുമാണ് സൗജന്യമായി കണക്കാക്കേണ്ടതെന്നും എഎപി പരിഹസിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാര്‍ ഉപാധ്യായയാണ് സുപ്രീംക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജി പരിഗണിച്ച കോടതി ഇത് നിയന്ത്രിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും വ്യക്താമാക്കിയിരുന്നു.

രാഷ്ട്രീയപാര്‍ട്ടികള്‍ അശ്രദ്ധമായി സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതും, പദ്ധതികള്‍ പ്രഖ്യാപിക്കുന്നതും സാമ്പത്തിക ദുരന്തത്തിന് വഴിവെക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയില്‍ പറഞ്ഞത്. ഇത് വോട്ടര്‍മാരില്‍ പ്രതികൂലമായ സ്വാധീനം ഉണ്ടാക്കുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേകുറിച്ച് വിശദമായ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

Story Highlights: Aam Aadmi Party moves Supreme Court opposes public interest litigation against freebies

Next Story