Top

മഹാരാഷ്ട്രയില്‍ തരംഗമായി ആദിത്യ താക്കറെയുടെ യാത്ര; ശിവസേന വീണ്ടും ശക്തമാകുമോയെന്ന് ബിജെപിക്ക് ആശങ്ക

ജനങ്ങളില്‍ നിന്നും ആദിത്യയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്

22 Aug 2022 12:31 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മഹാരാഷ്ട്രയില്‍ തരംഗമായി ആദിത്യ താക്കറെയുടെ യാത്ര; ശിവസേന വീണ്ടും ശക്തമാകുമോയെന്ന് ബിജെപിക്ക് ആശങ്ക
X

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിയെ ആശങ്കയിലാക്കി ശിവസേന നേതാവ് ആദിത്യ താക്കറെയുടെ സംസ്ഥാന പര്യടനം. പര്യടനത്തില്‍ തടിച്ചുകൂടുന്ന ജനക്കുട്ടമാണ് ബിജെപി ക്യാമ്പില്‍ ആശങ്കയുണ്ടാക്കിയിരിക്കുന്നത്. ഏക്‌നാഥ് ഷിന്‍ഡെയുടെ വിമത നീക്കത്തില്‍ ഭരണം നഷ്ടമായതിന്റെ പശ്ചാത്തലത്തില്‍ ശിവസേന പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസം നല്‍കുക എന്ന ലക്ഷ്യവുമായാണ് ആദിത്യ താക്കറെയുടെ പര്യടനം നടക്കുന്നത്.

ജനങ്ങളില്‍ നിന്നും ആദിത്യയ്ക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിക്കുന്നത്. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കെയാണ് ആദിത്യ താക്കറെയുടെ പര്യടനമെന്നതാണ് ശ്രദ്ധേയം. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ശിവസേനയ്ക്കും ഷിന്‍ഡെ-ബിജെപി സഖ്യത്തിനും നിര്‍ണായകമാണ്.

ഉദ്ധവ് താക്കറെയുടെയും ആദിത്യയുടെയും നീക്കങ്ങളും, കഴിഞ്ഞ സംഭവങ്ങളെ തുടര്‍ന്നുണ്ടായിട്ടുള്ള സഹതാപവും ശിവസേന പ്രവര്‍ത്തകരെ ഏകോപിപ്പിക്കുമോ എന്നതാണ് ബിജെപിയുടെ ആശങ്ക. തങ്ങള്‍ക്കൊപ്പം എത്തിയ ഷിന്‍ഡെ വിഭാഗത്തില്‍ വിള്ളലുണ്ടാക്കുന്നതിന് ഇത് കാരണമായാല്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. അതുകൊണ്ടുതന്നെ ഉദ്ധവ് താക്കറെയുടെയും മകന്റെയും നീക്കങ്ങള്‍ക്ക് തടയിടാന്‍ പുതിയ തന്ത്രങ്ങള്‍ വേണമെന്നാണ് സംസ്ഥാന നേതാക്കള്‍ പറയുന്നത്.

എന്നാല്‍ നിലവിലെ സംഭവ വികാസങ്ങള്‍ സംസ്ഥാന ബിജെപിക്ക് തിരിച്ചടിയുണ്ടാക്കില്ലെന്നാണ് മറ്റൊരു വിഭാഗം നേതാക്കള്‍ പറയുന്നത്. പാര്‍ട്ടിക്ക് മുഖമാകാന്‍ മറ്റാരും വേണ്ടെന്നും, നരേന്ദ്ര മോദി മതിയെന്നുമാണ് ഇവരുടെ അവകാശ വാദം.

Story Highlights: Aaditya Thackeray's statewide tours; raise concern in BJP

Next Story