Top

ആറ് സംസ്ഥാനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍

മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളും പോസിറ്റിവിറ്റി നിരക്കുകളും വര്‍ധിച്ചുവരികയാണെന്ന് കേന്ദ്രം പറഞ്ഞു.

31 Dec 2021 3:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആറ് സംസ്ഥാനങ്ങളില്‍ ആശങ്കയുണ്ടാക്കുന്ന സാഹചര്യം; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍
X

രാജ്യത്ത് കഴിഞ്ഞ നാലു ദിവസത്തിനിടെ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവുണ്ടായതിനാല്‍ പുതുവത്സരാഘോഷങ്ങളില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രധാന നഗരങ്ങളില്‍ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും ആശങ്കാ ജനകമാണെന്നും കേന്ദ്രം വ്യാഴാഴ്ച അറിയിച്ചു.

9 നഗര പ്രദേശങ്ങളില്‍ ഒമിക്രോണ്‍ കേസുകളും ആറ് സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളും വര്‍ധിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമ ബംഗാള്‍, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ പ്രതിദിന കേസുകളും പോസിറ്റിവിറ്റി നിരക്കുകളും വര്‍ധിച്ചുവരികയാണെന്ന് കേന്ദ്രം പറഞ്ഞു.

പ്രതിവാര നിരക്കുകളേയും കഴിഞ്ഞ ഏഴു ദിവസത്തെ പോസിറ്റിവിറ്റി നിരക്കുകളേയും താരതമ്യപ്പെടുത്തികൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം ഈ ആറ് സംസ്ഥാനങ്ങളെ ആശങ്കജനകമായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഡിസംബര്‍ 24 മുതല്‍ 30 വരെയുളള കണക്കാണ് താരതമ്യപ്പെടുത്തിയത്.

മഹാരാഷ്ട്രയില്‍ 13,200 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് (0.92 ശതമാനത്തില്‍ നിന്ന് 2.59 ശതമാനമുയര്‍ന്നു), ഡല്‍ഹിയില്‍ 2,587 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു(0.2 ശതമാനത്തില്‍ നിന്ന് 1 ശതമാനമായി ഉയര്‍ന്നു), ഗുജറാത്തില്‍ 1,711 കേസുകളും റിപ്പോര്‍ട്ട് ചെയ്തു (പോസിറ്റിവിറ്റി നിരക്കുകള്‍ 0.19 ശതമാനവും 0.54 ശതമാനമായി ഉയര്‍ന്നു), പശ്ചിമ ബംഗാളില്‍ 4,442 കേസുകളും റിപ്പോര്‍ട്ട് ചെയ്തു (18.49ശതമാനമായിയുര്‍ന്നു), കര്‍ണാടകയില്‍ 2,533 കേസുകളും റിപ്പോര്‍ട്ട് ചെയ്തു (26 ശതമാനമായി പോസിറ്റിവിറ്റി നിരക്കുയര്‍ന്നത്), തമിഴ്‌നാട്ടില്‍ 4,383 കൊവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത് (2.35 ശതമാനമായിയുര്‍ന്നു).

കൊവിഡ് വാകസിനേഷനും പരിശോധനയും വേഗത്തിലാക്കാനും ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും രാജ്യത്തെ എട്ട് സംസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹി, ഹരിയാന, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കിയത്. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ 13,154 ആയി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് നിര്‍ദേശം.

ഒമിക്രോണ്‍ രോഗ ബാധ വര്‍ധിച്ച സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. മുംബൈയില്‍ ജനുവരി ഏഴ് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. രാജ്യത്ത് ആദ്യത്തെ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഒമിക്രോണ്‍ ബാധിതന്‍ മരിച്ചത്. നൈജീരിയയില്‍ നിന്ന് മഹാരാഷ്ട്രയിലെത്തിയ 52കാരന്‍ 28നാണ് മരിച്ചത്. വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പരിശോധനയിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Next Story