ഇപിഎസ് പക്ഷത്തിന് തിരിച്ചടി; ഒ പനീര്‍ ശെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ നിയമവിധേയമല്ലെന്ന് കോടതി
ജൂണ്‍ 23 ന് മുമ്പുള്ള രീതികളാണ് പാര്‍ട്ടി പിന്തുടരേണ്ടത് അതിനുശേഷം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും കോടതി വിധിയില്‍ പറയുന്നു.
17 Aug 2022 7:31 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ചെന്നെെ: ഇപിഎസ് പക്ഷത്തിന് തിരിച്ചടി. ഒ പനീര്‍ ശെല്‍വത്തെ പുറത്താക്കിയ ജനറല്‍ കൗണ്‍സില്‍ നിയമവിധേയമല്ലെന്ന് കോടതി ഉത്തരവിട്ടു. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്.
അണ്ണാഡി എംകെയിലെ അധികാരത്തര്‍ക്കങ്ങൾ വലിയ തമ്മിൽ തല്ലിന് കാരണമായിരുന്നു. പിന്നീടാണ് പാർട്ടിക്കകത്തെ വിയോജിപ്പ് കോടതിയിലെത്തിയത്. ജൂലൈ 11 ചെന്നൈ നഗരത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടി ഭരണഘടന ഭേദഗതി ചെയ്തതും ഇരട്ട നേതൃത്വത്തെ നീക്കം ചെയ്യാൻ തീരുമാനിച്ചതും. പിന്നീട്, സ്ഥിരം ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തെരഞ്ഞെടുത്തു. എല്ലാ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും ഒപിഎസിനെ നീക്കാന്‍ തീരുമാനിച്ചിരുന്നു. ഇതോടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് വരെ അദ്ദേഹത്തെ നീക്കി. ഈ തീരുമാനങ്ങളെല്ലാം ഇപ്പോൾ മദ്രാസ് ഹൈക്കോടതി റദ്ദാക്കിയിരിക്കുകയാണ്.
പാര്‍ട്ടിയുടെ തീരുമാനങ്ങൾ നിയമാവലിക്ക് വിധേയമല്ലെന്ന് ചൂണ്ടികാട്ടിയാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസ് ജി ജയചന്ദ്രനാണ് വിധി പ്രഖ്യാപിച്ചത്. ജൂണ്‍ 23 ന് മുമ്പുള്ള രീതികളാണ് പാര്‍ട്ടി പിന്തുടരേണ്ടത് അതിനുശേഷം നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങളൊന്നും നിലനില്‍ക്കില്ലെന്നും കോടതി വിധിയില്‍ പറയുന്നു. ഇനി ജനറല്‍ കൗണ്‍സില്‍ യോഗം വിളിക്കണമെങ്കില്‍ മുപ്പത് ദിവസം മുമ്പ് നോട്ടീസ് നല്‍കണം. ഒരു വര്‍ഷത്തില്‍ ഒരു ജനറല്‍ കൗണ്‍സില്‍ യോഗം മാത്രമേ നടത്താന്‍ പാടുള്ളുവെന്നും കോടതി ഉത്തരവിൽ പറയുന്നു.
Story highlights: A setback for the EPS side; General Council that sacked O Paneer Selvam is illegal, court says