Top

അര്‍ബുദത്തെ നേരിട്ട് പ്ലസ്ടുവിന് 97.75 ശതമാനം മാര്‍ക്ക്; ഡോക്ടറാകണമെന്ന് 17കാരി

കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രമിത തിവാരിക്ക് അക്യൂട്ട് മൈനർ ലുക്കീമിയ സ്ഥിരീകരിച്ച

27 July 2022 8:02 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അര്‍ബുദത്തെ നേരിട്ട് പ്ലസ്ടുവിന് 97.75 ശതമാനം മാര്‍ക്ക്; ഡോക്ടറാകണമെന്ന് 17കാരി
X

ലഖ്നൗ: ഐഎസ്‌സി പ്ലസ്ടു പരീക്ഷയിൽ 97.75 ശതമാനം മാർക്ക് നേടി അർബുദ രോഗിയായ 17 കാരി. ഉത്തർപ്രദേശിലെ ലഖ്‌നൗ സ്വദേശിനിയായ പ്രമിത തിവാരിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് പ്രമിത തിവാരിക്ക് അക്യൂട്ട് മൈനർ ലുക്കീമിയ സ്ഥിരീകരിച്ചത്.

രോ​ഗാവസ്ഥയിൽ പരീക്ഷക്ക് തയ്യാറെടുക്കുന്നത് പ്രയാസകരമായിരുവെന്ന് പ്രമിത തിവാരി പറഞ്ഞു.'പലപ്പോഴും അസുഖം കൂടുമ്പോൾ ദിവസങ്ങളോളം ആശുപത്രിയിൽ കഴിയേണ്ടി വരുമായിരുന്നു. അതുകൊണ്ട് കൃത്യമായി ടൈംടേബിൾ വെച്ചല്ല ഞാൻ പഠിച്ചത്. കിട്ടുന്ന സമയത്ത് ജാഗ്രതയോടെ പഠിക്കുകയാണ് ചെയ്തത്. എനിക്ക് ഡോക്ടറാകണമെന്നാണ് ആഗ്രഹം', പ്രമിത തിവാരി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

ഈ വർഷം ജനുവരിയിലാണ് പ്രമിതയുടെ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. 'ഇപ്പോൾ രോഗം നിയന്ത്രണ വിധേയമാണ്. എന്നാൽ ഡോക്ടർ പറഞ്ഞതനുസരിച്ച് പൂർണമായി സുഖം പ്രാപിക്കാൻ അഞ്ച് വർഷമെടുത്തേക്കും', അദ്ദേഹം കൂട്ടിച്ചേർത്തു.

ലഖ്നൗവിലെ സേത്ത് എംആർ ജയ്പുരിയ സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് പ്രമിത തിവാരി. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിനിടയിൽ തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പോകുകയായിരുന്നു. ഈ സമയത്ത് നടത്തിയ പരിശോധനകളിലാണ് കാൻസറാണെന്ന് മനസിലായത്. ലഖ്‌നൗവിലെ ആശുപത്രിയിലായിരുന്ന പ്രമിതയെ പിന്നീട് ഗുരുഗ്രാമിലെ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റി കീമോ ചെയ്തു.

ചികിത്സയിലിരിക്കെയാണ് ഒന്നും രണ്ടും ടേം പരീക്ഷകൾ ഗുരുഗ്രാമിൽ എത്തി പ്രമിത തിവാരി എഴുതിയത്. ഐഎസ്‌സി പരീക്ഷകൾക്കായി ഗുരുഗ്രാമിൽ ഒരു സെന്റർ അനുവദിക്കുണമെന്ന് കൂൾ പ്രിൻസിപ്പൽ കൗൺസിൽ ഫോർ ഇന്ത്യ സ്‌കൂൾ സർട്ടിഫിക്കറ്റ് (സിഐഎസ്‌സി) ബോർഡിൽ അപേക്ഷിച്ചതിനെ തുടർന്ന് പരീക്ഷ കേന്ദ്രം അനുവദിക്കുകയായിരുന്നു.

Story highlights: 97.75 percent marks for cancer direct plus two; 17-year-old girl wants to become a doctor

Next Story