'രാജ്യത്ത് പുതിയ കൊറോണ വൈറസ് വകഭേദം'; സ്ഥിരീകരിച്ചത് 76 പേരിൽ
കൊവിഡ് കേസുകളുടെ എണ്ണം 5,389 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം
18 March 2023 1:34 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് 76 പേരില്‍ കൊറോണ വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തി. എക്‌സ് ബി ബി1.16 എന്ന വകഭേദമാണ് കണ്ടെത്തിയത്. കൊവിഡ് കേസുകളില്‍ വീണ്ടും ഒരു വര്‍ധനയ്ക്ക് കാരണമാകുന്നത് പുതിയ വകഭേദമാണോ എന്ന സംശയത്തിലാണ് വിദഗ്ദര്‍. പുതിയ വകഭേദം ഗുരുതരമല്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എയിംസ് മുൻ ഡയറക്ടറും കൊവിഡ് ടാസ്ക് ഫോഴ്സ് മേധാവിയുമായിരുന്ന ഡോ രൺദീപ് ഗുലേറിയ പറഞ്ഞു.
കര്‍ണാടക (30), മഹാരാഷ്ട്ര (29), പുതുച്ചേരി (7), ഡല്‍ഹി (5), തെലങ്കാന (2), ഗുജറാത്ത് (1), ഹിമാചല്‍ പ്രദേശ് (1), ഒഡിഷ (1) എന്നിവിടങ്ങളിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ജനുവരിയിലാണ് ഇന്ത്യയിൽ എക്സ് ബി ബി1.16 വകഭേദം ആദ്യമായി റിപ്പോർട്ട് ചെയ്തത്. രണ്ട് കേസുകളായിരുന്നു ജനുവരിയിൽ റിപ്പോർട്ട് ചെയ്തതെങ്കിൽ ഫെബ്രുവരിയിൽ ഇത് 59 കേസുകളായി വർധിച്ചു. മാർച്ചിൽ ഇതുവരെ 15 പേരിലാണ് പുതിയ വകഭേദം കണ്ടെത്തിയതെന്ന് സർക്കാർ ഏജൻസിയായ ഇൻസകോഗ് വ്യക്തമാക്കി. രാജ്യത്ത് കൊവിഡ് വീണ്ടും വർധിക്കുകയാണ്.
841 പേരാണ് ഇന്നലെ രോഗബാധിതരായി ചികിത്സ തേടിയത്. നാലുമാസത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. ഇതോടെ കൊവിഡ് കേസുകളുടെ എണ്ണം 5,389 ആയി വർധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച വിവരങ്ങൾ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 4.46 കോടി കൊവിഡ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആരോഗ്യമന്ത്രാലയം നൽകുന്ന വിവരം. ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കൊവിഡ് കേസുകൾ ഫെബ്രുവരിയേക്കാൾ ആറ് മടങ്ങ് വർധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെയുള്ള കണക്ക് പ്രകാരം ദിവസേനയുള്ള കൊവിഡ് കേസുകളുടെ ശരാശരി 112 ആയിരുന്നെങ്കിൽ മാർച്ച് 18 വരെയുള്ള കണക്കുകൾ പ്രകാരം 626 ആണ്.
STORY HIGHLIGHTS: 76 samples of new covid variant xbb 116 found in india