Top

'അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ വരണം'; ആവശ്യമുന്നയിച്ച് ഇത് വരെ ഏഴ് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍

ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗെഹ്‌ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പാവുകയായിരുന്നു

19 Sep 2022 4:49 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യക്ഷ സ്ഥാനത്ത് രാഹുല്‍ ഗാന്ധി തന്നെ വരണം; ആവശ്യമുന്നയിച്ച് ഇത് വരെ ഏഴ് കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍
X

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. ഇതിനകം ഏഴ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്‌സിക്യുട്ടീവ് കമ്മിറ്റികള്‍ രാഹുല്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കി. രാജസ്ഥാനാണ് ആദ്യം പ്രമേയം പാസാക്കിയ സംസ്ഥാനം. തുടര്‍ന്ന് ചത്തീസ്ഗഢ്, ഗുജറാത്ത്, തമിഴ്‌നാട്, ബീഹാര്‍, മഹാരാഷ്ട്ര, ജമ്മുകശ്മീര്‍ എന്നീ സംസ്ഥാനങ്ങളും പ്രമേയം പാസാക്കി. ഹിമാചല്‍ പ്രദേശും പ്രമേയം പാസാക്കിയതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഇന്ത്യയുടെ ഭാവി രാഹുലാണെന്നും യുവാക്കളുടെ ശബ്ദമാണെന്നും പ്രസ്താവിക്കുന്ന പ്രമേയമാണ് ഗുജറാത്ത് പാസാക്കിയത്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ടും തിരുവനന്തപുരം എംപി ശശി തരൂരും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ശശി തരൂര്‍ തിങ്കളാഴ്ച ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശശി തരൂരിന് മത്സരിക്കാമെന്ന് സോണിയാ ഗാന്ധി പറഞ്ഞുവെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. ഇതോടെയാണ് ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്.

ശശി തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വം ഉറപ്പായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗെഹ്‌ലോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വവും ഉറപ്പാവുകയായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായ ഗെഹ്‌ലോട്ട് ഒക്ടോബര്‍ 25ന് ഡല്‍ഹിയിലെത്തും. തൊട്ടടുത്ത ദിവസം തന്നെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക നല്‍കും.

രണ്ട് വര്‍ഷത്തിനിപ്പുറം അടുത്തമാസമാണ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡല്‍ഹി ജന്‍പഥിലെ സോണിയാ ഗാന്ധിയുടെ വസതിയിലാണ് നേതാക്കളുടെ കൂടികാഴ്ച്ച നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് സോണിയ തരൂരിനെ അറിയിച്ചത്. 'നിങ്ങളുടെ തീരുമാനമാണ്. തെരഞ്ഞെടുപ്പ് അതിന്റെ പ്രക്രിയയായി തന്നെ നടക്കും.' സോണിയ തരൂരിനോട് പറഞ്ഞതായി പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

തരൂരിനൊപ്പം നേതാക്കളായ ദീപേന്ദര്‍ ഹൂഡ, ജയ് പ്രകാശ് അഗര്‍വാള്‍, വിജേന്ദ്ര സിംഗ് എന്നിവരും സോണിയയെ കണ്ടു. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശശി തരൂര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടന്നാല്‍ പാര്‍ട്ടിക്കുളളില്‍ ജനാധിപത്യം ഉണ്ടെന്ന് സ്ഥാപിക്കാന്‍ കഴിയുമെന്നാണ് ശശി തരൂരിന്റെ അഭിപ്രായം. അതേസമയം പാര്‍ട്ടി നേതൃത്വത്തിലേക്ക് രാഹുല്‍ ഗാന്ധി വരണമെന്ന് ആവശ്യപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് യോഗം പ്രമേയം പാസാക്കിയിട്ടുണ്ട്. ഗുജറാത്താണ് ഏറ്റവും ഒടുവില്‍ പ്രമേയം പാസാക്കിയത്. നേരത്തെ ചത്തീസ്ഗഢ്, രാജസ്ഥാന്‍ കോണ്‍ഗ്രസ് സമിതികളും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Story Highlights: 7 state units pass resolutions for Rahul Gandhi as Congress chief

Next Story