Top

പൗരത്വം തെളിയിക്കാന്‍ നിയമ പോരാട്ടം; ഒടുവില്‍ ആത്മഹത്യ, അസമില്‍ എന്‍ആര്‍സിയുടെ ഇരയായി 60 കാരന്‍

3 Feb 2022 8:16 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൗരത്വം തെളിയിക്കാന്‍ നിയമ പോരാട്ടം; ഒടുവില്‍ ആത്മഹത്യ, അസമില്‍ എന്‍ആര്‍സിയുടെ ഇരയായി 60 കാരന്‍
X

പൗരത്വം തെളിയിക്കാന്‍ നിയമ പോരാട്ടങ്ങള്‍ തുടരുന്നതിനിടെ അസമില്‍ അറുപതുകാരന്‍ ജീവനൊടുക്കി. അസമിലെ അസമിലെ മോറിഗോണ്‍ ജില്ലയിലെ ബോര്‍ക്കല്‍ ഗ്രാമത്തിലെ ചെറുകിട ഉണക്ക മീന്‍ വ്യാപാരിയായിരുന്ന മനിക് ദാസ് എന്ന വയോധികനാണ് എന്‍ആര്‍സിയുടെ നിയമ നടപടികളുടെ ഇരയായതിന്റെ പേരില്‍ ജീവനൊടുക്കിയത്. അസമിലെ ഫോറിനേഴ്സ് ട്രിബ്യൂണലില്‍ പൗരത്വം സംബന്ധിച്ച നിയമ നടപടികള്‍ തുടരുന്നതിനിടെയാണ് മനിക് ദാസിനെ തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കടുത്ത മാനസികസംഘര്‍ഷമാണ് പൗരത്വം സംബന്ധിച്ച ഫോറിനേഴ്സ് ട്രിബ്യൂണലിലെ കേസിനെ തുടര്‍ന്ന് മനിക് ദാസ് നേരിട്ടിരുന്നതെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കി. 2004ലാണ് അസം അതിര്‍ത്തിസേന വിദേശിയാണോയെന്ന സംശയം പ്രകടിപ്പിച്ച് മനിക് ദാസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്. അതേസമയം 2019ലെ. ദേശീയപൗരത്വ രജിസ്ട്രിയില്‍ മനിക് ദാസിന്റേയും കുടുംബാംഗങ്ങളുടേയും പേരുവിവരങ്ങള്‍ ചേര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍ ഫോറിനേഴ്‌സ് ട്രിബ്യൂണലില്‍ പൗരത്വം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഫോറിനേഴ്സ് ട്രിബ്യൂണല്‍ മനിക് ദാസിന് നോട്ടീസ് അയക്കുയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നേയും കുടുംബത്തേയും ബംഗ്ലാദേശികളെന്ന് മുദ്രകുത്തുമെന്ന് മനിക് ദാസ് ഭയപ്പെട്ടിരുന്നതായി കുടുംബാംഗങ്ങള്‍ പറഞ്ഞു.

പിതാവിന്റെ പേര് ദേശീയ പൗരത്വ രജിസ്റ്ററിലുണ്ട്. കൂടാതെ നിയമപരമായ തിരിച്ചറിയില്‍ രേഖകളായ പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, സ്വന്തം പേരിലുള്ള ഭൂമിയുടെ രേഖകള്‍ എന്നിവയെല്ലാം കൈവശമുണ്ടെന്നും മനിക് ദാസിന്റെ മകള്‍ വ്യക്തമാക്കുന്നു.

അതേസമയം ഫോറിനേഴ്സ് ട്രിബ്യൂണല്‍ കേസുമായി മനിക് ദാസിന്റെ മരണത്തിന് ബന്ധമില്ലെന്നാണ് മൊറിഗോണ്‍ പൊലീസ് സൂപ്രണ്ട് നല്‍കുന്ന വിശദീകരണം. ഇയാളുടെ പേരില്‍ ആരോപിക്കപ്പെടുന്ന തരത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നോട്ടീസ് നല്‍കുക മാത്രമാണ് ചെയ്തതെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു. കുടുംബ പ്രശ്‌നങ്ങളാകാം ഇയാളെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് ആരോപിക്കുന്നു.

ഞായറാഴ്ച്ച മുതല്‍ മനിക് ദാസിനെ കാണാനില്ലായിരുന്നു. പിന്നീട് ചൊവ്വാഴ്ച്ച തൂങ്ങിമരിച്ചനിലയില്‍ വീടിനടത്തുതന്നെ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ ദാസിന്റെ മരണം ആത്മഹത്യയാണെന്നാണ് വിലയിരുത്തപ്പെടുന്നുതെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം.

Next Story