Top

മന്‍മോഹന്‍ കാലത്ത് 414 രൂപ, എട്ട് വര്‍ഷം കൊണ്ട് ഗാര്‍ഹിക പാചകവാതകം ഇരട്ടി വിലയിലേക്ക്

1241 രൂപ വിലയുണ്ടായിരുന്ന സിലിണ്ടര്‍ അക്കാലത്ത് ഉപഭോക്താക്കള്‍ക്ക് 414 രൂപയ്ക്ക് ലഭിച്ചു.

8 May 2022 6:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മന്‍മോഹന്‍ കാലത്ത് 414 രൂപ, എട്ട് വര്‍ഷം കൊണ്ട് ഗാര്‍ഹിക പാചകവാതകം ഇരട്ടി വിലയിലേക്ക്
X

കൊച്ചി: കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടിയെന്നോണമാണ് പാചകവാതക വിലയിലെ വര്‍ധനവ്. ഇന്നലെ 50 രൂപ കൂട്ടിയതോടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകം സിലിണ്ടര്‍ ഒന്നിന് 1006.50 രൂപ നിരക്കിലാണ് ഉപഭോക്താവിന് ലഭിക്കുന്നത്. 958.57 രൂപയാണ് ഇതിന്റെ അടിസ്ഥാനവില. കേന്ദ്ര നികുതിയും, സംസ്ഥാന നികുതിയും 23.96 രൂപ വീതമാണ് നല്‍കേണ്ടിവരുന്നത്. എന്നാല്‍ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 2014 ലാണ് ഇന്ത്യയില്‍ പാചകവാതക വില അതിന്റെ റെക്കോഡിലെത്തിയതെന്ന് മനസ്സിലാവും. ക്രൂഡ് വില 110 ഡോളര്‍ ഉയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ അന്നത്തെ മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പാചക വാതകത്തിന് സബ്‌സിഡി നല്‍കികൊണ്ട് ഒരു പ്രതിസന്ധിയില്‍ നിന്നും ജനങ്ങള്‍ക്ക് ആശ്വാസമായി. 1241 രൂപ വിലയുണ്ടായിരുന്ന സിലിണ്ടര്‍ അക്കാലത്ത് ഉപഭോക്താക്കള്‍ക്ക് 414 രൂപയ്ക്ക് ലഭിച്ചു.

അന്ന് മുതല്‍ പാചകവാതകത്തിന് നല്‍കി വരുന്ന ഈ സബ്‌സിഡി രണ്ട് വര്‍ഷത്തിന് മുന്‍പ് നരേന്ദ്ര മോദി സര്‍ക്കാര്‍ നിര്‍ത്തലാക്കി. ആഗോള തലത്തില്‍ എണ്ണ വിലയിലുണ്ടായ ഇടിവാണ് സബ്‌സിഡി നിര്‍ത്തലാക്കാന്‍ കാരണമായി എന്‍ഡിഎ സര്‍ക്കാര്‍ ചൂണ്ടികാട്ടിയത്. എന്നാല്‍ പിന്നീടങ്ങോട്ട് 17 മാസത്തിനിടെ ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിച്ചത് 306 രൂപയാണ്. കൊവിഡിന് ശേഷം മാര്‍ക്കറ്റിലുണ്ടായ വിലക്കയറ്റിനൊപ്പം പാചക വാതകത്തിന് സബ്‌സിഡിയില്ലാത്തത് ഉപഭോക്താക്കള്‍ക്ക് കടുത്ത പ്രഹരമാണ് ഏല്‍പ്പിക്കുന്നത്.

കഴിഞ്ഞ ദിവസത്തെ ഇന്ധന വില വര്‍ധനവിന് മുമ്പ് മാര്‍ച്ച് 22 നായിരുന്നു ഗാര്‍ഹിക സിലിണ്ടറിന് വില വര്‍ധിച്ചത്. അന്നും 50 രൂപയായിരുന്നു കൂടിയത്. യുക്രൈന്‍-റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വില വര്‍ധിക്കുന്നതാവാം വിലവര്‍ധനവിന് കാരണമെന്നാണ് വിലയിരുത്തല്‍.

Story Highlights : 414 rupees during Manmohan Singh's period, domestic cooking gas doubled in eight years

Next Story