30 കുട്ടികള്‍ക്ക് ഒറ്റ സിറിഞ്ച്; വാക്സിന് വിതരണത്തില്‍ ഗുരുതര പിഴവ്; നഴ്സിന്റെ അറിവോടെ
ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് താന്‍ ഒരു സിറിഞ്ച് 30 വിദ്യാര്‍ത്ഥികളില്‍ ഉപയോഗിച്ചതെന്നാണ് ജിതേന്ദ്രയുടെ പ്രതികരണം.
28 July 2022 5:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ഭോപ്പാല്‍: സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ്-19 വാക്സിന് നല്‍കിയതില്‍ ഗുരുതര വീഴ്ച്ച. ഒറ്റ സിറിഞ്ച് ഉപയോഗിച്ച് 30 സ്ക്കൂള് കുട്ടികള്‍ക്ക് വാക്സിന് കുത്തിവെപ്പ് നടത്തിയെന്നാണ് ആരോപണം. ഇക്കഴിഞ്ഞ ബുധനാഴ്ച്ച മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലാണ് സംഭവം.
തലസ്ഥാന നഗരമായ ഭോപ്പാലിനോട് ചേര്‍ന്നുള്ള ജെയിന് പബ്ലിക്ക് സ്ക്കൂളിലാണ് കൊവിഡ് വാക്സിന് നല്‍കിയതില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചത്. ജിതേന്ദ്ര റായ് എന്നയാളാണ് കുട്ടികള്‍ക്ക് വാക്സിന് നല്‍കിയത്. വാക്സിനെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ രക്ഷിതാവാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.
'ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന എന്റെ മകന് ബുധനാഴ്ച്ചയാണ് വാക്സിനെടുത്തത്. ഒരേ സിറിഞ്ച് ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം ഉദ്യോഗസ്ഥരോട് തിരക്കി. 40 കുട്ടികള്‍ക്ക് ഒരു സിറിഞ്ച് എന്ന തോതിലാണ് ഉപയോഗിക്കുന്നത് എന്നാണ് ഞെട്ടിപ്പിക്കുന്ന മറുപടി. ഇക്കാര്യം ഉടന്‍ തന്നെ സ്ക്കൂള് മാനേജ്മെന്റിനെ അറിയിച്ചു.' രക്ഷിതാവ് വിശദീകരിച്ചു. ഇതിന്റെ പൗര്ശ്വഫലം എന്നോണം വിദ്യാര്‍ത്ഥികളില്‍ എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ആര് സമാധാനം പറയുമെന്നും രക്ഷിതാക്കള്‍ ചോദിക്കുന്നു.
അതേസമയം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ കൂടി അറിവോടെയാണ് താന്‍ ഒരു സിറിഞ്ച് 30 വിദ്യാര്‍ത്ഥികളില്‍ ഉപയോഗിച്ചതെന്നാണ് ജിതേന്ദ്രയുടെ പ്രതികരണം.
'വാക്സിന് വിതരണത്തിനെത്തുന്നതിന് മുമ്പ് ഇക്കാര്യം ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാല്മുഴുവന് വിദ്യാര്‍ത്ഥികള്‍ക്കും ഒരു സിറിഞ്ച് ഉപയോഗിച്ചാല്‍ മതിയെന്നാണ് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയത്. ചെയ്തത് തെറ്റാണെന്ന് എനിക്കറിയാം. എനിക്ക് നിര്‍ദേശം ലഭിച്ചത് പ്രകാരമാണ് ചെയ്തത്.' മാധ്യമങ്ങളോട് ജിതേന്ദ്ര പറഞ്ഞു.
അതേസമയം ചീഫ് മെഡിക്കല്‍ ഓഫീസര്‍ സ്ക്കൂളില്‍ എത്തുന്നതിന് മുമ്പ് ജിതേന്ദ്ര സ്ഥലം വിട്ടിരുന്നു. നിലവില്‍ അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ സിച്ച്ഡ് ഓഫ് ആണ്. സംഭവത്തില്‍ ജിതേന്ദ്രക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.