ഐപിഎല്‍ വാതുവെപ്പ്: ബംഗളുരുവില്‍ പിടിയിലായ സംഘത്തില്‍ മൂന്ന് മലയാളികള്‍, കണ്ടെടുത്തത് മുക്കാല്‍ കോടിയിലധികം
20 Oct 2021 7:08 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ബംഗളൂരു: ഐപിഎല്‍ ഓണ്‍ലൈന്‍ വാതുവെപ്പ് കേസില്‍ മലയാളികളടക്കം 27 പേര് ബംഗളുരുവില്‍ പിടിയില്‍. ബംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഇവരില്‍ നിന്ന് 78 ലക്ഷം രൂപയും പിടിച്ചെടുത്തിട്ടുണ്ട്.
തൃശ്ശൂര്‍ സ്വദേശികളായ കാര്‍ത്തിക്, കിരണ്‍, ബെംഗളൂരുവില്‍ താമസമാക്കിയ മലയാളി സജീവ് എന്നിവരാണ് പിടിയിലായ മലയാളികള്‍. ചെന്നൈ സ്വദേശികളായ സൂര്യ, കപില്‍ എന്നിവർക്ക് പുറമെ ഗോവ, മഹാരാഷ്ട്ര, കര്‍ണാടക സ്വദേശികളും സംഘത്തിലുണ്ട്. ഇതുവരെ കര്‍ണ്ണാടകയില്‍ മാത്രം 20 ഓളം കേസുകളാണ് വാതുവെപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പര്‍ കിങ്സ്- കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഐപിഎല്‍ ഫൈനല്‍ മത്സരവുമായി ബന്ധപ്പെട്ടാണ് വാതുവെപ്പ് നടന്നത്. ബംഗളൂരുവിലെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈനായാണ് വാതുവെപ്പ് നടന്നതെന്നാണ് അന്വേഷണ സംഘം അറിയിക്കുന്നത്.
ഹോട്ടലില്‍ നിന്ന് ഓണ്‍ലൈന്‍ വാതുവെപ്പിന് ഉപയോഗിച്ച ലാപ്ടോപ്പുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഫൈനല്‍ മത്സരത്തിന് പിന്നാലെ ബംഗളുരു, അസം, മുംബൈ, ഡല്‍ഹി എന്നീ കേന്ദ്രങ്ങളില്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു.