Top

'ഐക്യത്തിനും ജനാധിപത്യത്തിനെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാനും'; ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി പ്രമുഖര്‍

ഗുരുതരമായ സാഹചര്യങ്ങളിലൂടെ രാജ്യം കടന്ന് പോകുമ്പോഴാണ് ഭാരത് ജോഡോ യാത്ര സംഭവിക്കാന്‍ പോകുന്നത്

7 Sep 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐക്യത്തിനും ജനാധിപത്യത്തിനെതിരെയുള്ള ആക്രമണങ്ങളെ ചെറുക്കാനും; ഭാരത് ജോഡോ യാത്രക്ക് പിന്തുണയുമായി പ്രമുഖര്‍
X

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിന്തുണയുമായി പ്രസ്താവനയിറക്കി ഇരുന്നൂറിലധികം പ്രമുഖര്‍. ഇന്ത്യയുടെ ഐക്യത്തിനും ജനാധിപത്യത്തിനുമെതിരെയുള്ള ആക്രമങ്ങളെ ചെറുക്കാന്‍ ഭാരത് ജോഡോ യാത്ര പോലെയുള്ള ഉദ്യമങ്ങളെ പിന്തുണയ്ക്കണമെന്ന് പ്രസ്താവനയില്‍ പറയുന്നു.

സ്വരാജ് ഇന്ത്യ സ്ഥാപകന്‍ യോഗേന്ദ്ര യാദവ്, ഡോക്യുമെന്ററി ഫിലിംമേക്കര്‍ ആനന്ദ് പട്വര്‍ദ്ധന്‍, എഐഎസ്എഫ് നേതാവ് അനില്‍ സദ്‌ഗോപാല്‍, മനുഷ്യാവകാശ പ്രവര്‍ത്തക അഞ്ജലി ഭരദ്വാജ്, നാടക പ്രവര്‍ത്തക അുനുരാധ കപൂര്‍, ജേണലിസ്റ്റ് മൃണാള്‍ പാണ്ഡെ, മുന്‍ എംപി ധരംവീര്‍ ഗാന്ധി, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ അഭിജിത്ത് സെന്‍ ഗുപ്ത, സുജാത റാവു തുടങ്ങി 204 പ്രമുഖ വ്യക്തികളാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

'മുന്‍പെങ്ങും രാജ്യത്തിന്റെ മൂല്യങ്ങള്‍ സമീപകാലത്തേത് പോലെ ആക്രമണങ്ങള്‍ നേരിടേണ്ടി വന്നിട്ടില്ല. ഇത്രയും വിദ്വേഷവും വിഭാഗീയതയും പുറന്തള്ളലും നേരിടേണ്ടി വന്നിട്ടില്ല. രാജ്യത്തിന്റെ ഭാവി നിര്‍മ്മാണത്തിൽ നിന്ന് ഭൂരിപക്ഷം വരുന്ന കര്‍ഷകരും, തൊഴിലാളികളും, ദളിതരും, ആദിവാസികളും, സ്ത്രീകളും, മത ന്യൂനപക്ഷങ്ങളും മാറ്റിനിര്‍ത്തപ്പെട്ടിട്ടില്ല. ഗുരുതരമായ ഇത്തരം സാഹചര്യങ്ങളിലൂടെ രാജ്യം കടന്ന് പോകുമ്പോഴാണ് ഭാരത് ജോഡോ യാത്ര സംഭവിക്കാന്‍ പോകുന്നത്. നമ്മുടെ ഭരണഘടനാ മൂല്യങ്ങള്‍ തിരിച്ചു പിടിക്കാനുള്ള പ്രതിജ്ഞ പുതുക്കുന്നതില്‍ പ്രധാന പങ്കുവഹിക്കാന്‍ മാര്‍ച്ചിന് കഴിയട്ടെ', പ്രസ്താവനയില്‍ പറയുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്രയ്ക്ക് ഇന്ന് തുടക്കം കുറിക്കും. കന്യാകുമാരിയിലെ ഗാന്ധി മണ്ഡപത്തില്‍ വൈകുന്നേരം 5 മണിക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഫഌഗ് ഓഫ് ചെയ്യും. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോവും. 150 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പദയാത്ര 3500 കിലോമീറ്റര്‍ പിന്നിടും.

ഭാരത് ജോഡോ യാത്രയില്‍ കേരളത്തില്‍ നിന്ന് 8 അംഗങ്ങളാണുള്ളത്. ചാണ്ടി ഉമ്മന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥന സെക്രട്ടറി ജി മഞ്ജുകുട്ടന്‍, കെഎസ് യു ജനറല്‍ സെക്രട്ടറി നബീല്‍ നൗഷാദ്, മഹിള കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഫാത്തിമ, ഷീബ രാമചന്ദ്രന്‍, കെ ടി ബെന്നി, സേവാദള്‍ മുന്‍ അധ്യക്ഷന്‍ എം എ സലാം, ഗീത രാമകൃഷ്ണന്‍ എന്നിവരാണ് പദയാത്രയില്‍ കേരളത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അനുഗമിക്കുന്ന സ്ഥിരം അംഗങ്ങള്‍.

11ന് കേരളത്തില്‍ പ്രവേശിക്കുന്ന യാത്ര 19 ദിവസം കൊണ്ട് പാറശാല മുതല്‍ നിലമ്പൂര്‍ വരെ 453 കിലോമീറ്റര്‍ ദൂരം പിന്നിടും. പ്രതിദിനം 22 കിലോമീറ്റര്‍ ദൂരം. കനയ്യ കുമാര്‍, പവന്‍ ഖേര, മുന്‍ പഞ്ചാബ് മന്ത്രി വിജയ് ഇന്ദര്‍ സിംഗ്ല, മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് കേശവ് ചന്ദ്ര യാദവ്, ഉത്തരാഖണ്ഡ് കോണ്‍ഗ്രസിന്റെ കമ്മ്യൂണിക്കേഷന്‍ വിഭാഗം സെക്രട്ടറി വൈഭവ് വാലിയ എന്നിവര്‍ ഉള്‍പ്പടെ നിരവധി യുവ നേതാക്കള്‍ യാത്രയില്‍ പങ്കെടുക്കും.

STORY HIGHLIGHTS: 204 Civil Society Members Signed Appeal in Support of Bharat Jodo Yathra

Next Story