മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം: അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി

കേസിൽ ജസ്റ്റിസ് രേവതി മൊഹിതെ-ദേരെ, പൃഥ്വിരാജ് ചവാൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓ​ഗസ്റ്റ് 22ന് വാദം കേൾക്കും
മഹാരാഷ്ട്രയിലെ ലൈംഗികാതിക്രമം: അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി
Updated on

മുംബൈ: മഹാരാഷ്ട്രയിൽ നഴ്സറി വിദ്യാർത്ഥികളായ പെൺകുട്ടികളെ സ്കൂൾ ജീവനക്കാരൻ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിന് പിന്നാലെയുണ്ടായ അക്രമാസകത്മായ പ്രതിഷേധങ്ങളിൽ സ്വമേധയ കേസെടുത്ത് ബോംബെ ഹൈക്കോടതി. കേസിൽ ജസ്റ്റിസ് രേവതി മൊഹിതെ-ദേരെ, പൃഥ്വിരാജ് ചവാൻ ഉൾപ്പെടെയുള്ള ഡിവിഷൻ ബെഞ്ച് ഓ​ഗസ്റ്റ് 22ന് വാദം കേൾക്കും. നേരത്തെ വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയ കേസെടുക്കുകയും സംസ്ഥാന അധികാരികളിൽ നിന്നും വിഷയത്തിൽ വിശദമായ റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. രണ്ടാഴ്ച്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര ചീഫ് സെക്രട്ടറിക്കും, ഡിജിപിക്കും നോട്ടീസ് കൈമാറിയതായാണ് റിപ്പോർട്ട്. കേസിൽ പ്രതിയായ ശുചീകരണ തൊഴിലാളിക്ക് വേണ്ടി വാദിക്കില്ലെന്ന് നേരത്തെ കല്യാൺ ബാർ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.

അതേസമയം പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ബലാത്സം​ഗത്തിനിരയാക്കിയ സംഭവത്തിൽ ഓ​ഗസ്റ്റ് 24ന് സംസ്ഥാനത്ത് മഹാ വികാസ് അഘാഡി (എംവിഎ) ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സഖ്യകക്ഷികളായ നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി (എൻസിപി), കോൺ​ഗ്രസ് നേതാക്കൾ പങ്കെടുക്കുമെന്ന് ശിവസേന (യുബിടി) വിഭാ​ഗം നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി. ലൈം​ഗികാതിക്രമ കേസിൽ അന്വേഷണം വേ​ഗത്തിലാക്കണമെന്നും ഇരകൾക്ക് നീതി നടപ്പാക്കണമെന്നും ശിവസേന താക്കറെ പറഞ്ഞു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. ഒരു വശത്ത് മുഖ്യമന്ത്രി ലഡ്‌കി ബഹിൻ പദ്ധതി സംസ്ഥാന സർക്കാർ നടത്തുന്നുണ്ടെങ്കിലും പെൺകുട്ടികൾ സുരക്ഷിതരല്ലെന്നും അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങളെ മാത്രം ലക്ഷ്യമിട്ട് സ്ത്രീപീഡന കേസുകളിൽ രാഷ്ട്രീയം കളിക്കുകയാണെന്നും താക്കറെ പറഞ്ഞു. കേസ് കൈകാര്യം ചെയ്യുന്നതിന് ഉജ്വൽ നിഗത്തെ പ്രത്യേക പ്രോസിക്യൂട്ടറായി നിയമിക്കാനുള്ള ഏക്‌നാഥ് ഷിൻഡെ സർക്കാരിന്റെ നടപടിയെയും എംവിഎ എതിർത്തു. ഉജ്വൽ ബിജെപി അംഗമാണെന്നും ബിജെപിക്ക് വേണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചുവെന്നും പറഞ്ഞാണ് എംവിഎ എതിർക്കുന്നത്.

പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായ സ്‌കൂൾ ബിജെപിക്കും ആർഎസ്എസിനും ബന്ധമുള്ളതാണെന്ന ആരോപണവുമായി മഹാരാഷ്ട്ര കോൺഗ്രസും രംഗത്തെത്തിയിരുന്നു. സ്‌കൂളിലെ സിസിടിവി ദൃശ്യങ്ങൾ കാണാനില്ലെന്നും മഹാരാഷ്ട്ര കോൺഗ്രസ് പ്രസിഡന്റ് നാന പട്ടോളെ ആരോപിച്ചു. സ്‌കൂളിന്റെ മാനം കാക്കാൻ കേസ് ഒതുക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ബദ്‌ലാപൂരിലെ സംഭവം സംസ്ഥാനത്തെ സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വീണ്ടും ഉയർത്തിയിരിക്കുകയാണ്. ബിജെപി സഖ്യ സർക്കാർ അധികാരത്തിന്റെ ലഹരിയിലാണെന്നും സംസ്ഥാനത്തെ ഒരു കാര്യത്തിലും അവർ ഇടപെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ സഹോദരിമാരുടെ സുരക്ഷയിൽ യാതൊരു ഉറപ്പുമില്ല. സംസ്ഥാനത്ത് ക്രമസമാധാനമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിഷേധം ശക്തമായതോടെ അധികൃതർ പ്രദേശത്ത് നേരത്തെ ഇൻ്റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. റെയിൽവെ സ്റ്റേഷനിലെത്തിയ പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിയുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ച് വിടുന്നതിനായി പൊലീസ് ലാത്തി വീശുകയായിരുന്നു. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസ് വേഗത്തിലാക്കാനും ബലാത്സംഗശ്രമം ഉൾപ്പെടുത്താനും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ നിർദേശം നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com