'മോദി സർക്കാർ ഓഗസ്റ്റിൽ നിലംപതിക്കും, തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുക'; പ്രവർത്തകരോട് ലാലു

നേരത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ജെഡിയുവിനെതിരെ രംഗത്ത് വന്നിരുന്നു
'മോദി സർക്കാർ ഓഗസ്റ്റിൽ നിലംപതിക്കും, തിരഞ്ഞെടുപ്പിന് ഒരുങ്ങിയിരിക്കുക'; പ്രവർത്തകരോട് ലാലു

പാട്ന: മോദി സര്‍ക്കാര്‍ ഓഗസ്റ്റ് മാസത്തില്‍ നിലംപതിക്കുമെന്ന് ആര്‍ജെഡി തലവന്‍ ലാലു പ്രസാദ് യാദവ്. ഇടക്കാല ലോക്‌സഭാ തിരഞ്ഞെടുപ്പ് ഏതുസമയത്തും സംഭവിക്കാമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു. ആര്‍ജെഡി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍ജെഡി നേതാവ്. 'പാര്‍ട്ടി പ്രവര്‍ത്തകരോട് തയ്യാറായിരിക്കാന്‍ ഞാന്‍ ആവശ്യപ്പെടുകയാണ്. തിരഞ്ഞെടുപ്പ് ഏതുസമയത്തും ഉണ്ടാകാം. ഡല്‍ഹിയിലെ മോദി സര്‍ക്കാര്‍ വളരെ ദുര്‍ബലമാണ്. അത് ആഗസ്റ്റ് മാസത്തോടെ നിലംപതിച്ചേക്കും' ആര്‍ജെഡിയുടെ സ്ഥാപക ദിനത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ലാലു പ്രസാദ് യാദവ്.

നേരത്തെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ജെഡിയുവിനെതിരെ രംഗത്ത് വന്നിരുന്നു. അധികാരത്തില്‍ തുടരാന്‍ ജെഡിയും അടിസ്ഥാന പ്രത്യയശാസ്ത്ര നിലപാടുകളോട് സന്ധി ചെയ്തു എന്നായിരുന്നു തേജസ്വിയുടെ വിമര്‍ശനം. ആര്‍ജെഡിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രകടനത്തെയും തേജസ്വി പുകഴ്ത്തിയിരുന്നു. ആര്‍ജെഡിയുടെ വോട്ട്‌ഷെയര്‍ ഉയര്‍ന്നത് ചൂണ്ടിക്കാണിച്ചായിരുന്നു തേജസ്വിയുടെ പ്രതികരണം. എന്‍ഡിഎയുടെ വോട്ട്‌ഷെയര്‍ ഇടിഞ്ഞതും തേജസ്വി ചൂണ്ടിക്കാണിച്ചിരുന്നു. ബിഹാറിൽ ബിജെപി പിന്തുണയിലാണ് നിതീഷിൻ്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കുന്നത്. സ്വന്തം നിലയിൽ കേവലഭൂരിപക്ഷമില്ലാത്ത ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിൻ്റെ നിലനിൽപ്പ് ജെഡിയുവിൻ്റെ കൂടി പിൻബലത്തിലാണ്.

ജെഡിയുവില്‍ നിന്നുള്ളവര്‍ അധികാരത്തോടുള്ള ആര്‍ത്തിമൂലം അവരുടെ പ്രത്യയശാസ്ത്രത്തോട് സന്ധി ചെയ്യുകയും ബിജെപിയോട് സഖ്യത്തില്‍ ഏര്‍പ്പെടുകയും ചെയ്യുകയാണ്. ബിജെപിയോട് സന്ധി ചെയ്യാത്ത, അവരുടെ മുന്നില്‍ മുട്ടുവളയ്ക്കാത്ത ഏക പാര്‍ട്ടി ആര്‍ജെഡിയാണ്. അധികാരം എന്നത് വലിയ കാര്യമല്ല. ദുര്‍ബലര്‍ക്കും ദരിദ്രര്‍ക്കും വേണ്ടിയാണ് തങ്ങളുടെ പോരാട്ടം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആര്‍ജെഡിയുടെ വോട്ട്‌ഷെയര്‍ 9% വര്‍ദ്ധിച്ചു. എന്‍ഡിഎയുടെ വോട്ട്‌ഷെയര്‍ 6% കുറഞ്ഞു. ഇന്ന് ആര്‍ജെഡി നാല് സീറ്റില്‍ വിജയിച്ചു. ഇതില്‍ കൂടുതല്‍ സീറ്റില്‍ വിജയിക്കാന്‍ തങ്ങള്‍ക്ക് സാധിക്കും. തങ്ങളുടെ സഖ്യകക്ഷികള്‍ 9 സീറ്റുകളില്‍ വിജയിച്ചിരുന്നുവെന്നും തേജസ്വി യാദവ് വ്യക്തമാക്കി.

തുടര്‍ച്ചയായി പാലങ്ങള്‍ തകരുന്നതില്‍ ബിഹാറിലെ നിതീഷ് സര്‍ക്കാര്‍ പ്രതിരോധത്തിലാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പത്തിലേറെ പാലങ്ങളാണ് ബിഹാറില്‍ തകര്‍ന്ന് വീണത്. കനത്ത മഴമൂലമാണ് പാലങ്ങള്‍ തകര്‍ന്നതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നിതീഷ് സര്‍ക്കാരിന്റെ അഴിമതിയാണ് പാലങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണമെന്നാണ് പ്രതിപക്ഷ ആരോപണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com