യുപിയിലെ 80 മണ്ഡലങ്ങളിലും വിജയിച്ചാലും ഇവിഎം നിർത്തലാക്കണമെന്ന നിലപാടിൽ മാറ്റമില്ല; അഖിലേഷ് യാദവ്

ഇവിഎമ്മില്‍ കൃത്രിമം കാട്ടാനും അവ ഹാക്ക് ചെയ്യാനും കഴിയുമെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ഇവിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു
യുപിയിലെ 80 മണ്ഡലങ്ങളിലും വിജയിച്ചാലും ഇവിഎം നിർത്തലാക്കണമെന്ന നിലപാടിൽ മാറ്റമില്ല; അഖിലേഷ് യാദവ്

ന്യൂഡൽഹി: ഇവിഎം വോട്ടിങ് യന്ത്രത്തെ തനിക്ക് ഇപ്പോഴും വിശ്വാസമില്ലെന്ന് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശിലെ 80 മണ്ഡലങ്ങളിലും വിജയിക്കാന്‍ സാധിച്ചാലും വോട്ടിങ് യന്ത്രം സംബന്ധിച്ച മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ അഖിലേഷ് യാദവ് പറഞ്ഞു. ' ഇവിഎമ്മിനെ കഴിഞ്ഞ കാലങ്ങളില്‍ ഞാന്‍ വിശ്വസിച്ചിരുന്നില്ല. ഇന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഉത്തര്‍പ്രദേശിലെ 80 സീറ്റുകളില്‍ വിജയിക്കാന്‍ കഴിഞ്ഞാലും ഇവിഎമ്മില്‍ വിശ്വാസമില്ല. ഇത് രാജ്യത്തെ സ്ഥിരമായ പ്രശ്നമാണ്. സമാജ്‌വാദി പാർട്ടിക്ക് ഈ വിഷയത്തില്‍ ശക്തമായ നിലപാടാണുള്ളത്. ഇൻഡ്യ അധികാരത്തിലെത്തിയാല്‍ ഇവിഎം നിര്‍ത്തലാക്കുക തന്നെ ചെയ്യും',ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു.

ഇവിഎമ്മില്‍ കൃത്രിമം കാട്ടാനും അവ ഹാക്ക് ചെയ്യാനും കഴിയുമെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ നേരത്തെ ഇവിഎമ്മിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ഓരോ വോട്ടും എണ്ണി കൃത്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികൾ പക്ഷെ സുപ്രീം കോടതി തള്ളിയിരുന്നു. വോട്ടിങ് യന്ത്രത്തിനെതിരെ കര്‍ശന നിലപാട് സ്വീകരിച്ചുവന്ന പ്രതിപക്ഷത്തെ നേതാക്കളില്‍ പ്രധാനി ആയിരുന്നു അഖിലേഷ് യാദവ്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് വേളയിലും അദ്ദേഹം വോട്ടിങ് യന്ത്രത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

എന്ത് കൊണ്ടാണ് ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായ അമേരിക്കയിൽ ബാലറ്റ് പേപ്പർ ഉപയോഗിക്കുന്നത് എന്നും പല രാജ്യങ്ങളിലും ഓരോ വോട്ടും എണ്ണിതിട്ടപ്പെടുത്താൻ മാസങ്ങൾ വരെ ചിലവഴിക്കുമ്പോൾ മൂന്ന് മണിക്കൂർ കൊണ്ട് തന്നെ ഫലമറിയണമെന്ന് വാശിപിടിക്കുന്നത് എന്തിനാണ് എന്നും അഖിലേഷ് ചോദിച്ചു.

ഇത്തവണ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇൻഡ്യ മുന്നണിയുടെ ഭാഗമായിരുന്ന സമാജ്‌വാദി പാര്‍ട്ടി യുപിയില്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. 37 സീറ്റുകളാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്പി നേടിയത്. അഖിലേഷ് യാദവ് കനൗജ് മണ്ഡലത്തില്‍നിന്ന് മത്സരിച്ച് വിജയിച്ചാണ് ലോക്സഭയിലെത്തിയത്.

യുപിയിലെ 80 മണ്ഡലങ്ങളിലും വിജയിച്ചാലും ഇവിഎം നിർത്തലാക്കണമെന്ന നിലപാടിൽ മാറ്റമില്ല; അഖിലേഷ് യാദവ്
രാഹുലിന് ബാലക്ബുദ്ധി, ഇന്നലെ പാര്‍ലമെന്‍റിലുണ്ടായത് അനുകമ്പ നേടാനുള്ള നാടകം: നരേന്ദ്ര മോദി

Related Stories

No stories found.
logo
Reporter Live
www.reporterlive.com