'തമിഴ് പുതല്‍വന്‍'ആഗസ്റ്റില്‍; ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ

ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'പുതുമൈ പെണ്‍' പദ്ധതിക്ക് പിന്നാലെയാണ് 'തമിഴ് പുതല്‍വന്‍' പദ്ധതിക്കും തുടക്കമിടുന്നത്.
'തമിഴ് പുതല്‍വന്‍'ആഗസ്റ്റില്‍; ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ

ചെന്നൈ: തമിഴ്‌നാട്ടില്‍ എം കെ സ്റ്റാലിന്‍ സര്‍ക്കാരിന്റെ സുപ്രധാന പദ്ധതി 'തമിഴ് പുതല്‍വന്‍' ആഗസ്റ്റ് മുതല്‍ നടപ്പില്‍ വരും. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടുന്ന സര്‍ക്കാര്‍ സ്‌ക്കൂളുകളിലെ ആണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1,000 രൂപ നല്‍കുന്നതാണ് പദ്ധതി. മൂന്ന് ലക്ഷം ഗുണഭോക്താക്കളുടെ അക്കൗണ്ടില്‍ പണമെത്തും. ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്ന പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന 'പുതുമൈ പെണ്‍' പദ്ധതിക്ക് പിന്നാലെയാണ് 'തമിഴ് പുതല്‍വന്‍' പദ്ധതിക്കും തുടക്കമിടുന്നത്.

പഞ്ചായത്ത് യൂണിയന്‍ പ്രൈമറി-മിഡില്‍ സ്‌കൂളുകള്‍, ആദി ദ്രാവിഡര്‍ വെല്‍ഫെയര്‍ സ്‌കൂളുകള്‍, മുനിസിപ്പല്‍ സ്‌കൂളുകള്‍, ട്രൈബല്‍ വെല്‍ഫെയര്‍ സ്‌കൂളുകള്‍, കള്ളാര്‍ റിക്ലമേഷന്‍ സ്‌കൂളുകള്‍, പിന്നാക്ക വിഭാഗ ക്ഷേമ സ്‌കൂളുകള്‍, ഫോറസ്റ്റ് സ്‌കൂള്‍, സാമൂഹിക സുരക്ഷാ വകുപ്പ് സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ പഠിച്ചവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

ഡിപ്ലോമ, ബിരുദം, വൊക്കേഷണല്‍, പാരാമെഡിക്കല്‍ എന്നീ കോഴ്സുകളില്‍ ചേരുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ആനുകൂല്യം ലഭിക്കുക. വിദൂര വിദ്യാഭ്യാസ വിദ്യാര്‍ത്ഥികള്‍ക്കോ ഓപ്പണ്‍ യൂണിവേഴ്‌സിറ്റികളില്‍ ചേരുന്നവര്‍ക്കോ സാമ്പത്തിക സഹായം ലഭിക്കില്ല.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 500 സ്മാര്‍ട് ക്ലാസ് റൂമുകള്‍ സജ്ജീകരിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 455.32 കോടിയില്‍ 22,931 ക്ലാസ്‌റൂമുകളാണ് പദ്ധതിയുടെ ലക്ഷ്യം. 79,000 പ്രാഥമിക സ്‌കൂള്‍ അധ്യാപകര്‍ക്ക് ടാബ്ലറ്റ് വിതരണം ചെയ്യുന്ന പദ്ധതിയും ഇന്ന് സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com