'വൺ മാൻ, വൺ ഗവൺമെന്റ്, വൺ ബിസിനസ് ഗ്രൂപ്പ്'; മോദിയുടെ വാക്കും പ്രവൃത്തിയും വ്യത്യസ്തമെന്ന് കോൺ​ഗ്രസ്

പ്രധാനമന്ത്രി യഥാർത്ഥത്തിൽ 'വൺ മാൻ, വൺ ഗവൺമെന്റ്, വൺ ബിസിനസ് ഗ്രൂപ്പ്' എന്നതിൽ വിശ്വസിക്കുന്നതായി തോന്നുന്നെന്നും മോദി- അദാനി ബന്ധത്തെ പരിഹസിച്ച് ജയറാം രമേശ് പറഞ്ഞു
'വൺ മാൻ, വൺ ഗവൺമെന്റ്, വൺ ബിസിനസ് ഗ്രൂപ്പ്'; മോദിയുടെ വാക്കും പ്രവൃത്തിയും വ്യത്യസ്തമെന്ന് കോൺ​ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജി20 ഉച്ചകോടിയിലെ സംസാരവും പ്രവൃത്തിയും തമ്മിൽ വൈരുദ്ധ്യമെന്ന് കോൺ​ഗ്രസ്. 2014ൽ ബ്രിസ്ബണിൽ നടന്ന ജി20 ഉച്ചകോടിയിൽ പറഞ്ഞ കാര്യങ്ങൾക്ക് വിപരീതമായാണ് മോദി പിന്നീട് പ്രവർത്തിച്ചതെന്ന് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. സാമ്പത്തിക കുറ്റവാളികളുടെ സുരക്ഷിത താവളം ഇല്ലാതാക്കുമെന്നും, കള്ളപ്പണം വെളുപ്പിക്കുന്നവരെ നിയമത്തിന് മുന്നിൽ ഇല്ലാതാക്കുമെന്നും മോദി പറഞ്ഞിരുന്നു. സാമ്പത്തിക തട്ടിപ്പുകൾ ഇല്ലാതാക്കാൻ ആ​ഗോള സഹകരണത്തിനും മോദി ആഹ്വാനം ചെയ്തിരുന്നു.

2018 ബ്യൂണസ് അയേഴ്സ് ഉച്ചകോടിയിലും സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നവരുടെ ആസ്തികൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച് ഒമ്പത് പോയിന്റുകളുള്ള അജണ്ട അവതരിപ്പിച്ചിരുന്നു. എന്നാൽ അദാനിക്ക് വേണ്ടി മോദി കുത്തക സൃഷ്ടിക്കുകയാണ്. അദാനിക്കെതിരെ നടക്കുന്ന അന്വേഷണങ്ങളെ തടയുകയാണ്. എല്ലാ മാനദണ്ഡങ്ങളും ലം​​ഘിച്ച് അവർക്ക് സാമ്പത്തിക തട്ടിപ്പിനുള്ള വഴി ഒരുക്കി കൊടുക്കുകയാണ്. സർക്കാർ ഏജൻസികളെ എങ്ങനെ കോർപ്പറേറ്റ് താൽപ്പര്യങ്ങൾക്ക് വിധേയമാക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണിത്. സാമ്പത്തിക കുറ്റവാളികളായ നീരവ് മോദി, ലളിത് മോദി, മെഹുൽ ഭായ് ചോക്‌സി, വിജയ് മല്യ എന്നിവരെ രാജ്യം വിടാൻ അനുവദിച്ചത് കണക്കിലെടുക്കുമ്പോൾ പ്രധാനമന്ത്രിയുടെ ഒമ്പത് പോയിന്റ് അജണ്ട ചിരിപ്പിക്കുന്നതാണെന്നും ജയറാം രമേശ് പറഞ്ഞു.

ഉച്ചകോടിയെ തുടർന്ന് ഡൽഹിയിലെ ചേരികൾ മറച്ചതിനെതിരെയും കോൺ​ഗ്രസ് രൂക്ഷമായി വിമർശിച്ചു. ഡൽഹിയെ 'പോട്ടെംകിൻ ഗ്രാമ'മാക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. റഷ്യൻ സൈനികനായിരുന്ന ​ഗ്രി​ഗറി പോട്ടെംകിൻ തന്റെ പ്രണയം യാഥാർത്ഥ്യമാക്കുന്നതിനായി വ്യാജ ​ഗ്രാമങ്ങൾ സൃഷ്ടിച്ച ആളായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലോഡിമിർ പുടിൻ വന്നില്ലെങ്കിലും 'പോട്ടെംകിൻ രാജകുമാരൻ' ഇവിടെ യാഥാർത്ഥ്യങ്ങളെ മറക്കുന്നു. അതിഥികളിൽ നിന്ന് ഇന്ത്യയുടെ യാഥാർത്ഥ്യം മറച്ചുവെക്കേണ്ട ആവശ്യമില്ല. ആ​ഗോള പ്രശ്നങ്ങളെ സഹകരണാത്മക സമീപനത്തോടെ നേരിടുന്നതിനാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. അവർ ഇന്ത്യയിലെ പ്രശ്നങ്ങൾ മനസ്സിലാക്കട്ടെ.

'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ജി20 മുദ്രാവാക്യം. എന്നിരുന്നാലും, പ്രധാനമന്ത്രി യഥാർത്ഥത്തിൽ 'വൺ മാൻ, വൺ ഗവൺമെന്റ്, വൺ ബിസിനസ് ഗ്രൂപ്പ്' എന്നതിൽ വിശ്വസിക്കുന്നതായി തോന്നുന്നെന്നും മോദി- അദാനി ബന്ധത്തെ പരിഹസിച്ച് ജയറാം രമേശ് പറഞ്ഞു.

Story Highlights: Congress said there was a contradiction between Prime Minister Narendra Modi's speech on G20 Summitt and actions taken

Related Stories

No stories found.
logo
Reporter Live
www.reporterlive.com