Top

ടീസ്ത സെതല്‍വാദ് ജയിൽ മോചിതയായി

ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്നും ജയിൽ മോചിതയായത്

3 Sep 2022 7:24 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ടീസ്ത സെതല്‍വാദ് ജയിൽ മോചിതയായി
X

അഹമ്മദാബാദ്: ഗുജറാത്ത് കാലപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്ത സെതല്‍വാദ് ജയിൽ മോചിതയായി. ഇടക്കാല ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് അഹമ്മദാബാദിലെ സബർമതി സെൻട്രൽ ജയിലിൽ നിന്നും ജയിൽ മോചിതയായത്.

ഗുജറാത്ത് കലാപുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ജൂണ്‍ 25 നാണ് സാമൂഹിക പ്രവര്‍ത്തക ടീസ്ത സെതല്‍വാദിനെ അഹമ്മദാബാദ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയതോടെ ആഗസ്റ്റ് മൂന്നിന് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചെങ്കിലും കേസ് ഈ മാസം 19 ലേക്ക് മാറ്റി വെക്കുകയായിരുന്നു. ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെച്ച അവരെ ജൂലൈ രണ്ടിന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട കോൺഗ്രസ് എംപി ഇഹ്‌സാൻ ജഫ്രിയുടെ ഭാര്യ സകിയ ജഫ്രിയുടെ അപ്പീൽ സുപ്രീം കോടതി തള്ളിയതിന് പിന്നാലെയായിരുന്നു ടീസ്തയുടെ അറസ്റ്റ്. ആ ദിവസം തന്നെ മുൻ ​ഗുജറാത്ത് ഡിജിപി ആർ ബി ശ്രീകുമാറിന്റെയും സഞ്ജീവ് ഭട്ടിന്റെയുംഅറസ്റ്റ് രേഖപ്പെടുത്തിയത്. സകിയ ജഫ്രിയുടെ അപ്പീൽ തള്ളിയതിനു പിന്നാലെ കലാപ കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം 64 പേരുടെ ക്ലീന്‍ ചിറ്റ് സുപ്രീം കോടതി ശരിവെക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് എ എം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് ആണ് ക്ലീൻ ചിറ്റ് ശരിവെച്ചുകൊണ്ട് വിധി പറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 2012ൽ എസ്ഐടിയാണ് ക്ലീൻ ചിറ്റ് നൽകിയത്.

ടീസ്ത സെതല്‍വാദിനെതിരെയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. കേസില്‍ രണ്ട് മാസമായി കുറ്റപത്രം സമര്‍പ്പിക്കാത്തത് എന്തുകൊണ്ടാണെന്നും ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി ചോദിച്ചു. ഗുജറാത്ത് സര്‍ക്കാരിനെയും ഹൈക്കോടതിയെയും ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസുമാരായ എസ് രവീന്ദ്ര ഭട്ട്, സുധാംശു ധൂലിയ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

STORY HIGHLIGHTS: Teesta walks out of jail after SC grants bail

Next Story