Top

ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണം; കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു

youth falls to death while filming instagram reel from college building

19 March 2023 2:35 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണം; കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു
X

റായ്പൂര്‍: ഇന്‍സ്റ്റഗ്രാം റീല്‍സ് ചിത്രീകരണത്തിനിടെ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മരിച്ചു. ഛത്തീസ്ഗഢിലെ ബിലാസ്പൂരില്‍ വെള്ളിയാഴ്ചയാണ് സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം റീല്‍സ് ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്. ബിലാസ്പൂര്‍ പട്ടണത്തിലെ ഗവണ്‍മെന്റ് സയന്‍സ് കോളേജ് ഒന്നാം വര്‍ഷ ബാച്ച്‌ലര്‍ ഓഫ് സയന്‍സ് വിദ്യാര്‍ത്ഥിയായ അശുതോഷ് സാവോ ആണ് മരിച്ചത്.

തന്റെ അഞ്ച് സുഹൃത്തുക്കളോടൊപ്പം കോളേജ് കെട്ടിടത്തിന്റെ ടെറസിലേക്ക് ഇന്‍സ്റ്റഗ്രാം റീലുകള്‍ ഷൂട്ട് ചെയ്യാന്‍ പോയതായിരുന്നു സാവോ. ചിത്രീകരണത്തിനായി സാവോ ടെറസിന്റെ മുകളിൽ നിന്ന് സണ്‍ഷേഡിലേക്ക് ചാടി. എന്നാല്‍ 20 അടി ഉയരത്തില്‍ നിന്ന് കാല്‍ വഴുതി താഴെ വീഴുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. താഴെയുള്ള കുറ്റിക്കാട്ടിലേക്കാണ് വിദ്യാര്‍ത്ഥി വീണത്. ഉടന്‍ സുഹൃത്തുക്കള്‍ താഴെയെത്തി രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ സാവോ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.

അപകട മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് വ്യക്തമാക്കി. സാവോയും സുഹൃത്തുക്കളും ടെറസില്‍ റീല്‍ ചെയ്യാന്‍ പദ്ധതിയിടുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ചു കൊണ്ട് ഇത്തരം അപകട സാധ്യതകള്‍ ഒഴിവാക്കണമെന്ന് ബിലാസ്പൂര്‍ പൊലീസ് സൂപ്രണ്ട് സന്തോഷ് സിങ് പറഞ്ഞു. ' ബിലാസ്പൂര്‍ സയന്‍സ് കോളേജ് കാമ്പസില്‍ സുഹൃത്തുക്കളോടൊപ്പം ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നതിനിടെ ഒരു യുവാവ് അപകടത്തില്‍ പെട്ടിരുന്നു. അവനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തെ കുറിച്ച് അന്വേഷണം തുടരുകയാണ്.', അദ്ദേഹം പറഞ്ഞു.

STORY HIGHLIGHTS: youth falls to death while filming instagram reel from college building

Next Story