ദേശിയ ചലച്ചിത്ര പുരസ്കരം; അന്തിമ റൗണ്ടിൽ 17 മലയാള സിനിമകൾ; മൂന്നു വിഭാഗങ്ങളിൽ ‘മരയ്ക്കാറി’ന് സാധ്യത

ദേശിയ ചലച്ചിത്ര പുരസ്കാരത്തിന്റെ അന്തിമ റൗണ്ടിൽ മലയാളത്തിൽ നിന്നും പതിനേഴു ചിത്രങ്ങൾ. പ്രിയദർശൻ സംവിധാനം ചെയ്ത ‘മരക്കാർ- അറബിക്കടലിന്റെ സിംഹം’ മികച്ച സംവിധായകൻ, കലാ സംവിധായകൻ, വസ്ത്രാലങ്കാരം തുടങ്ങിയ വിഭാഗങ്ങളിൽ പരിഗണിക്കപ്പെടുന്നുണ്ടെന്നാണ് സൂചന. സമീർ,വാസന്തി, ഇഷ്ഖ്, വൈറസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളും അന്തിമ റൗണ്ടിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്.
മികച്ച നടനായി പാർത്ഥിപൻ ഉൾപ്പടെ പരിഗണനയിൽ ഉണ്ട്. മാർച്ച് ആദ്യമാകും 2019ലെ പുരസ്കാര പ്രഖ്യാപനം. വിവിധ ഭാഷകളിൽ നിന്നായി അന്തിമ റൗണ്ടിൽ എത്തിയ നൂറിലേറെ സിനിമകൾ അടുത്ത മാസം ജൂറി കാണും. എന്നാൽ ജൂറി അംഗങ്ങളെ ഇതുവരെയും തീരുമാനിച്ചിട്ടില്ല. അഞ്ച് പ്രാദേശിക ജൂറികളാണ് ആദ്യ ഘട്ടത്തിൽ സിനിമകൾ കണ്ട് അവസാന റൗണ്ടിലേയ്ക്ക് സമർപ്പിച്ചത്.
മലയാളി പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ബിഗ് ബജറ്റ് മോഹൻലാൽ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാവുന്ന ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്ന് സംവിധായകൻ പ്രിയദര്ശന് പറഞ്ഞിരുന്നു.
മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂർ, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.