Interview

സിനിമാക്കാരോടാണ്, ഏഴ് തലമുറയ്ക്കുള്ളത് സമ്പാദിച്ചിട്ടും അനീതിക്കെതിരെ ശബ്ദിക്കാൻ മടിക്കുന്നതെന്തിന്?

കർഷക സമരം, ലൗ ജിഹാദ്‌, പൗരത്വ നിയമം തുടങ്ങിയ നിരവധി വിഷയങ്ങളിൽ പ്രശസ്‌ത സിനിമാ നടൻ നസീറുദ്ദീൻ ഷായുമായി എഴുത്തുകാരനും കഥാ കഥൻ സ്ഥാപകനുമായ ജമീൽ ഗുൽറെയ്‌സ് കർവാൻ-എ-മുഹബ്ബത്ത് കൂട്ടായ്മയ്ക്ക് വേണ്ടി നടത്തിയ ദീർഘ സംഭാഷണത്തിന്റെ പ്രസക്ത ഭാഗങ്ങൾ.   

ജമീൽ ഗുൽറെയ്‌സ്: കോവിഡിന് മുൻപ് താങ്കൾ ഈ ലോകത്തെ വിഭാവനം ചെയ്തിരുന്നിരിക്കുമല്ലോ? താങ്കൾ ആഗ്രഹിച്ചതുപോലെയാണോ ലോകം പൊയ്‌ക്കൊണ്ടിരിക്കുന്നത്? മാറിയതൊക്കെ പഴയതുപോലെ ആകുമെന്ന് കരുതുന്നുണ്ടോ?

നസീറുദ്ദീൻ ഷാ: മാറ്റങ്ങൾ നിരവധി സഭവിച്ചുകൊണ്ടിരിക്കുകയാണ്. അങ്ങേയറ്റം ഖേദത്തോടെ പറയട്ടെ, ഞാൻ ആഗ്രഹിച്ചതുപോലെയല്ല കാര്യങ്ങൾ നീങ്ങുന്നത്. സ്വതന്ത്രമായി ആശയങ്ങൾ പങ്കുവെക്കാനുള്ള സാധ്യതപോലും ഇല്ലാതായിരിക്കുന്നു. എന്തെങ്കിലും പറയുകയാണെങ്കിൽ, ഈ രാജ്യത്തെ പിന്തുണച്ചുകൊണ്ടാണെങ്കിൽ തന്നെയും,നിങ്ങൾ ഭ്രാന്തന്മാരായി ചിത്രീകരിക്കപ്പെടും. ലൗ ജിഹാദ്പോലെയുള്ള വിഷയങ്ങൾ ഉയർത്തി സമൂഹത്തെ ഇങ്ങനെ വിഭജിക്കുന്നതിൽ കടുത്ത അമർഷമാണ് തോന്നുന്നത്.

ഒന്നാമതായി ഈ പദം ഉണ്ടാക്കിയവർക്ക് ‘ജിഹാദ്’ എന്ന വാക്കിന്റെ താൽപര്യം തന്നെയറിയില്ല. ഭാവിയിലൊരു ദിവസം ഈ രാജ്യത്ത് ഹിന്ദുക്കളേക്കാൾ കൂടുതൽ മുസ്ലിമുകൾ ആയിത്തീരുമെന്ന് ആത്മാർത്ഥമായി വിശ്വസിക്കാനും മാത്രം പൊട്ടന്മാർ ഇവിടെ ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. ഭാവനാതീതമാണത്. നിരവധി നിരവധി കുഞ്ഞുങ്ങൾക്ക് മുസ്ലിമുകൾ ജന്മം നൽകിയാൽ മാത്രമാണ് അതിന് സാധിക്കുക. ഈ വാദത്തിൽ യാതൊരു അടിസ്ഥാനവുമില്ല, വാസ്തവവുമില്ല.

വിവാഹങ്ങൾ പോകട്ടെ, ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും സാമൂഹിക ഇടപഴകലുകൾ തന്നെ ഇല്ലാതാക്കാനും അവരെ അപമാനിക്കാനും ലക്ഷ്യംവെച്ചുള്ള പ്രചാരണം മാത്രമാണ് ഇത്. ഞാനൊരു മുസ്‌ലിമാണ്, എന്റെ ഭാര്യ ഹിന്ദുവും. ഞാനോ അവരോ റിലീജിയസ് അല്ല. ഞങ്ങളുടെ മക്കളോട് എല്ലാ മതങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ട്. എന്നാൽ നിങ്ങൾ ഇന്ന മതത്തിൽ പെട്ടവരാണെന്ന് ഞങ്ങൾ ഒരിക്കലും പറഞ്ഞിട്ടില്ല. കാരണം ഞാൻ എപ്പോഴും വിശ്വസിക്കുന്നത് ഈ വകതിരിവുകൾ കാലക്രമേണ ഇല്ലാതാകും എന്നുതന്നെയാണ്. ഞാനൊരു ഹിന്ദുസ്ത്രീയെ വിവാഹം ചെയ്യാൻ തീരുമാനിച്ചത് തന്നെ അതൊരു ആരോഗ്യപരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നാണ് ഉറച്ച് വിശ്വസിച്ചാണ്. അതൊരു തെറ്റായ തീരുമാനമാണെന്ന് ഞാൻ കരുതുന്നതേയില്ല.

നസീറുദീൻ ഷാ

വിവാഹ സമയത്ത് എന്റെ അമ്മ എന്നോട് ചോദിച്ചിരുന്നു ഞാൻ രത്‌നയുടെ മതം മാറ്റാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന്. ഒരിക്കലുമില്ലെന്ന് ഞാൻ മറുപടി പറഞ്ഞു. അമ്മ അംഗീകരിച്ചു. എങ്ങനെയാണ് ഒരാളോട് മതം മാറാൻ ആവശ്യപ്പെടാൻ തന്നെ കഴിയുക എന്നാണ് അമ്മ എന്നോട് ചോദിച്ചത്. അമ്മ അങ്ങനെ വലിയ വിദ്യാഭ്യാസമൊന്നും ഉള്ള ആളായിരുന്നില്ല. അങ്ങേയറ്റം യാഥാസ്ഥിതികമായ കുടുംബ സാഹചര്യത്തിൽ നിന്നും വന്നവരായിരുന്നു അവർ. അഞ്ചുനേരവും നിസ്‌കരിച്ചിരുന്ന, കൃത്യമായി ഉപവാസമനുഷ്ഠിച്ചിരുന്ന, ഹജ്ജ് ചെയ്ത ഒരു സ്ത്രീയാണ് അവർ. എന്നിട്ടും അമ്മ പറഞ്ഞത് ഇങ്ങനെയാണ്: കുട്ടിക്കാലത്ത് നിങ്ങളെ പഠിപ്പിച്ച കാര്യങ്ങൾ അത്ര എളുപ്പത്തിൽ മാറ്റാൻ കഴിയുന്നതെങ്ങനെ? മതം മാറ്റുന്നത് ശെരിയല്ല എന്നുതന്നെയാണ് അവർ പറഞ്ഞത്.

ലൗ ജിഹാദ് നിയമം കൊണ്ടുണ്ടാകുന്ന പൊല്ലാപ്പുകൾ നിങ്ങൾ കാണുന്നില്ലേ? നിഷ്‌കളങ്കരായ ആളുകളെ പിടിച്ച് പീഡിപ്പിക്കുന്നത്? വിവാഹത്തിന്റെ സന്തോഷനിമിഷങ്ങളിൽ പൊലീസ് കടന്നുവന്ന് വധൂവരന്മാരെ പിടികൂടിപോകുന്നത് കാണുന്നില്ലേ? പിന്നീട് തിരിച്ചറിയും അവർ രണ്ടുപേരും മുസ്‌ലിങ്ങളാണെന്ന്. ഒരു മാപ്പുപോലും അപ്പോൾ പൊലീസ് ചോദിക്കില്ല.

തീർച്ചയായും ഇതല്ല ഞാൻ സ്വപ്നം കണ്ട ലോകം.

ഞാൻ മുൻപ് ഒരിക്കൽ പറഞ്ഞിരുന്നു ഒരു പൊലീസുകാരന്റെ രക്തത്തിന്റെ വിലയേക്കാൾ പ്രാധാന്യമാണ് ഇവിടെ പശുക്കൾക്കെന്ന്. വലിയ ബഹളമായിരുന്നു എന്റെ പ്രസ്താവനക്കെതിരെ. ഇത്ര പ്രതിഷേധമുണ്ടാകാൻ കാരണമെന്തെന്ന് എനിക്ക് മനസ്സിലായിട്ടില്ല. മനുഷ്യന്റെ മരണത്തേക്കാൾ പ്രാധ്യാന്യം പശുവിന്റെ മരണത്തിന് നൽകുന്നു എന്നുമാത്രമാണ് ഞാൻ പറഞ്ഞത്. അതിൽ എനിക്ക് നല്ല അമർഷവുമുണ്ട്. എന്നാൽ അത് വ്യഖ്യാനിക്കപ്പെട്ടത് മുസ്‌ലിമായ താൻ ഭയം പ്രകടിപ്പിക്കുന്നു എന്ന തരത്തിലാണ്. ‘ഭയം’ എന്ന വാക്കുതന്നെ ഞാൻ ഉപയോഗിച്ചിരുന്നില്ല. ഞാൻ ആവർത്തിച്ചു പറഞ്ഞതാണ് എനിക്ക് ഭയമല്ല, ദേഷ്യമാണ് തോന്നുന്നതെന്ന്. ഭയപ്പെടേണ്ട കാര്യമെന്താണ്? ഞാൻ എന്റെ ദേശത്തും എന്റെ വീട്ടിലുമാണുള്ളത്. എന്റെ അഞ്ച് തലമുറയെയാണ് ഈ മണ്ണിൽ അടക്കം ചെയ്‌തിരിക്കുന്നത്‌. 300 വർഷമായി എന്റെ പൂർവികർ ഇവിടെ ജീവിക്കുന്നു. ഇതൊന്നും എന്നെ ഒരു ഇന്ത്യക്കാരൻ ആക്കുന്നില്ലെങ്കിൽ വേറെന്താണ് അത് ചെയ്യുക?

ജമീൽ ഗുൽറെയ്‌സ്

നിങ്ങളുടെ ശത്രുക്കളുടെ വാക്കുകളല്ല നിങ്ങൾ പലപ്പോഴും കേൾക്കുക, നിങ്ങളുടെ സുഹൃത്തുക്കളുടെ നിശബ്ദതയായിരിക്കും നിങ്ങൾ കേൾക്കുക. തണുത്ത് വിറച്ച് തുറസ്സായ സ്ഥലത്ത് കർഷകർ സമരം ചെയ്യുന്നുണ്ടെകിൽ അവർക്കെതിരെ മുഖംതിരിച്ചു നിൽക്കാൻ നമുക്ക് കഴിയില്ല. എന്നെ വ്യക്തിപരമായി അതൊന്നും ബാധിക്കുന്നില്ല എന്ന് പറയുന്നതുകൊണ്ട് കാര്യമില്ല. ഈ കർഷക സമരം ശക്തിപ്പെടുമെന്നും വിശാലമാകുകയും ചെയ്യുമെന്നതിൽ സംശയമില്ല. സാധാരണക്കാരായ ജനങ്ങളും അവരിൽ ചേരുക തന്നെ ചെയ്യും. ഉറപ്പായും അത് സംഭവിക്കും. നിശബ്ദരായിരിക്കുക എന്നാൽ മർദകരോടൊപ്പം നിൽക്കുന്നതിന് സമാനമാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

നിശബ്ദരായിരിയ്ക്കുക എന്നാൽ കുറ്റം ചെയ്യുന്നതിന് സമാനമാണ്.

സിനിമാ മേഖലയിലുള്ള വലിയ വലിയ താരങ്ങൾ കരുതുന്നത് ശബ്ദമുയർത്തിയാലോ സംസാരിച്ചാലോ അവർക്ക് എന്തൊക്കെയോ നഷ്ടമാകും എന്നാണ്. ഏഴ് തലമുറക്ക് വേണ്ടിയുള്ളത് സമ്പാദിച്ച് കൂട്ടിയതിന് ശേഷം അനീതിക്കെതിരെ ശബ്ദിച്ചാൽ നിങ്ങൾക്ക് എന്ത് നഷ്ടപ്പെടുമെന്നാണ്?

“ജനാധിപത്യ ഗവണ്‍മെന്‍റ് ഒരു മോശം രൂപമാണ്; എന്നാല്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടതില്‍ മികച്ചതും” എന്ന് ഇംഗ്ലീഷിൽ ഒരു പ്രയോഗമുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യ രാജ്യമായ ബിഗ് ബ്രദർ അമേരിക്കയുടെ കഥ കഴിഞ്ഞ നാലുകൊല്ലം നമ്മൾ കണ്ടതാണ്. എന്നെ സംബന്ധിച്ചിടത്തോളം ജനാധിപത്യമെന്നാൽ എല്ലാവർക്കും തുല്യ അവകാശങ്ങൾ എന്ന് മാത്രമല്ല എല്ലാവർക്കും തുല്യ ഉത്തരവാദിത്വങ്ങൾ കൂടി എന്നുള്ളതാണ്. ഈ രജ്യത്തെ എല്ലാ പൗരന്മാരുടെ ഉള്ളിലും ഈ ഉത്തരവാദിത്തബോധം ഉണരണം, സഹജീവികളോടൊരു സഹായമനസ്‌കത കാണിക്കുക വേണം.

ദില്ലി കർഷക സമര ഭൂമിയിൽ നിന്നും

നമ്മൾ ഉത്തരവാദിത്വങ്ങൾ മാനിക്കുകയും നിറവേറ്റാൻ തയാറാക്കുകയും വേണം. എല്ലാവരെയും തുല്യരായി പരിഗണിക്കണം. അതൊരിക്കലും ഇന്ത്യയിൽ ഉണ്ടായിട്ടില്ല. കമ്മൂണിസം ശക്തമായുണ്ടായിരുന്ന കാലത്തുപോലും ആ തുല്യത ഉണ്ടായിരുന്നില്ല. കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ പോലും വലിയ വർഗ്ഗ വ്യത്യാസങ്ങളുണ്ടായിരുന്നു. നേതാക്കന്മാർ ആഡംബര ജീവിതം നയിക്കുകയും വിലകൂടിയ കാറുകളിൽ സഞ്ചരിക്കുകയും എന്നാൽ സമത്വത്തെക്കുറിച്ചു പ്രഭാഷണം നടത്തുകയും ചെയ്യും. രാജ്യത്ത് ജനാധിപത്യം പുഷ്കലമാകണമെങ്കിൽ എല്ലാ പൗരന്മാരും തങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ സന്നദ്ധമാകണം.

ജമീൽ ഗുൽറെയ്‌സ്: ഇഖ്‌ബാൽ പറഞ്ഞത് ഞാൻ ഓർക്കുന്നു. ജനാധിപത്യത്തിൽ ജനങ്ങളെ എണ്ണുകയല്ല, തൂക്കിനോക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

നസീറുദ്ദീൻ ഷാ: ഇപ്പോൾ നമ്മെ തൂക്കിനോക്കുകയാണ്. ഈ ലോക്ഡൗൺ കാലത്തിനു ഇടയിൽ ലൗ ജിഹാദ് ചർച്ച കൊണ്ടുവരേണ്ട കാര്യമെന്തായിരുന്നു? ഇതാണോ നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം ഇപ്പോൾ? ഈ കാർഷിക ബില്ലുകൾ ഇപ്പോൾ നടപ്പാക്കേണ്ടതിന്റെ അനിവാര്യത എന്തായിരുന്നു? എല്ലാവരും അവരുടെ വീടുകളിൽ ഇരുന്ന സന്ദർഭത്തിൽ? കഴിഞ്ഞ ഒരു വർഷമായി ആർക്കും വരുമാനമൊന്നും ഇല്ലാതിരുന്ന ഈ സന്ദർഭത്തിൽ? ഇതൊക്കെ സാമാന്യയുക്‌തിക്ക്‌ പുറത്താണ്. എന്താണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്? നമ്മുടെ ശ്രദ്ധതിരിക്കാനാണോ ഇവർ ശ്രമിക്കുന്നത്? അല്ലെങ്കിൽ ഈ ഭരണകൂടം അവർ ചെയ്യുന്നതിൽ ശെരിക്കും വിശ്വസിക്കുന്നുണ്ടോ? ഇപ്പോൾ വീണ്ടും പൗരത്വ നിയമത്തെക്കുറിച്ച് വീണ്ടും പറയാൻ തുടങ്ങിയിരിക്കുന്നു. കൊവിഡ് കഴിഞ്ഞിട്ടില്ല, എന്നാൽ CAA നടപ്പാക്കാനുള്ള കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയിരിക്കുന്നു. ഇതൊക്കെയും ന്യായീകരിക്കാനും നിരവധി ആളുകളുണ്ട്.

എന്നോട് പലരും ചോദിക്കാറുണ്ട് എന്താണ് നിങ്ങളെ അലട്ടുന്നതെന്ന്? പാക്സിതാനിലും ബംഗ്ലാദേശിലും ഉള്ള ഹിന്ദു-സിഖ് സഹോദരങ്ങൾക്ക് അഭയം നൽകുക എന്ന മാനുഷിക പരിഗണന പ്രകാരമുള്ളതാണ് പൗരത്വ നിയമം എന്നാണ് പറയുന്നത്. ഹിന്ദുവാകട്ടെ, സിഖ് ആകട്ടെ, ക്രിസ്ത്യൻ ആകട്ടെ, ജെയിൻ ആകട്ടെ, പക്ഷെ മുസ്ലിം ആകാൻ പറ്റില്ല. റോഹിൻഗ്യ മുസ്ലിംകളാണ്, വളരെ ക്രൂരതകളാണ് അവർ നേരിടുന്നത്. പാകിസ്ഥാനിൽ മുസ്ലിങ്ങൾ മർദനത്തിനിരയാകുകയാണ്. ഇത് കൃത്യമായ അനീതിയാണ്. ഈ നിയമം ഒരിക്കലും നടപ്പാക്കാൻ പോകുന്നില്ല.

ലോക്ഡൗണിന്റെ സമയത്ത് അന്യസംസ്ഥാന തൊഴിലാളികളുടെ അവസ്ഥ എന്നെ ചെറുതായൊന്നുമല്ല പിടിച്ചുലച്ചത്. പൊലീസ് അവരുടെമേൽ ക്രൂരത അഴിച്ചുവിടുകയായിരുന്നു. അങ്ങേയറ്റം ഞെട്ടിക്കുന്നതായിരുന്നു ആ അവസ്ഥ. ഈ ഇതരസംസ്ഥാന തൊഴിലാളികളെ ലാത്തിക്കടിച്ച പൊലീസുകാരും ഇതേ സാമൂഹിക നിരയിൽ നിന്നുള്ളവരാണ് എന്നോർക്കണം. മറ്റൊരു സന്ദർഭത്തിൽ ഒരുപക്ഷെ ഈ പൊലീസുകാരെ തെരുവിൽ കണ്ടേനെ, മറ്റാരെങ്കിലും അവർക്കുമേൽ ലാത്തി ചാർജ്ജും നടത്തിയേനെ. ഈ തൊഴിലാളികളുടെ ചിത്രങ്ങൾ കണ്ട് എന്റെ ഹൃദയം നുറുങ്ങുന്ന അവസ്ഥ ഉണ്ടായിരുന്നു.

ലോക്ഡൗണിനെ തുടർന്ന് സ്വന്തം നാട്ടിലേക്ക് കാൽനടയായി പലായനം ചെയ്യേണ്ടിവന്ന ഒരു ഇതര സംസ്ഥാന തൊഴിലാളി.

സിനിമാ മേഖലയുടെ കാര്യം പറയുകയാണെങ്കിൽ ആരോ ഒരു നിയമം കൊണ്ടുവന്നു 65 വയസിന് മുകളിൽ ഉള്ളവർക്ക് കൊവിഡ് കാലത്ത് ജോലിയെടുക്കാൻ കഴിയില്ലെന്ന്. എന്ത് നിയമമാണ് ഇത്?അറുപത്തഞ്ചിന് മുകളിലാണെങ്കിൽ നിങ്ങൾക്ക് രോഗം വരുമെന്നും അതിന് താഴെയാണെങ്കിൽ പ്രശ്നമൊന്നുമില്ലെന്നാണോ? എത്രയെത്ര യുവാക്കൾക്കാണ് കൊവിഡ് ബാധിച്ചത്? അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കിൽ മുതിർന്ന അഭിനേതാക്കളുടെ ആവശ്യം എപ്പോഴുമുണ്ട്. പ്രായമായ അഭിനേതാക്കളെ ജോലിചെയ്യാൻ അനുവദിച്ചു പിന്നീട്.

എന്നാൽ ഞാൻ ചിന്തിക്കുന്നത് മറ്റു ജോലികൾ ചെയ്തിരുന്ന പ്രായമേറിയവരെക്കുറിച്ചാണ്. ലൈറ്റ് ബോയ് ആയി ജോലിനോക്കിയിരുന്നവർ. കാമറ അറ്റന്റന്റ് ആയിരുന്നവർ. വലിയ ലൈറ്റും സെറ്റുമൊക്കെയായി ഉയരത്തിൽ കയറി ദിവസം മുഴുവനിരിക്കുന്നവർ. സിനിമാ യൂണിറ്റിന് ചായനൽകിയിരുന്നവർ, മേക്ക്അപ് ചെയ്യുന്നവരും മുടി മുറിക്കുന്നവരും, നൃത്തം ചെയ്‌തിരുന്ന പെൺകുട്ടികൾ, ജൂനിയർ ആർട്ടിസ്റ്റുകളയായി ഉണ്ടായിരുന്നവർ, സ്റ്റൻഡ്മെൻ ആയിരുന്നവർ, ഇവരിൽ നിന്നൊക്കെ 65 വയസ്സിന് മുകളിൽ ഉള്ളവരുണ്ടെങ്കിലോ?

എനിക്കോ, പരേഷ് റാവലിനോ, അല്ലെങ്കിൽ അമിതാബ് ബച്ചനോ, – അദ്ദേഹത്തിന്റെ കാര്യം വ്യത്യസ്തമാണെങ്കിലും – ജോലികൾ ലഭിക്കും. എന്നാൽ ഈ ആളുകൾ ഒക്കെയും തൊഴിൽ രഹിതരായിമാറി. ഇതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. അതൊരു അനീതിയാണെന്നാണ് ഞാൻ കരുതുന്നത്. ഭക്ഷണ ശാലകളിൽ ജോലി ചെയ്തിരുന്നവർ, അടുക്കളകളിൽ പണിയെടുത്തിരുന്നവർ, ഇവർക്കൊക്കെ എന്ത് സംഭവിച്ചു എന്ന് ദൈവത്തിനറിയാം. ഇവരുടെയൊക്കെ സംഭാവനകൾ തിരിച്ചറിയപ്പെടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു

ജമീൽ ഗുൽറെയ്‌സ്: താങ്കളുടെ കറുത്ത മുടി വെളുത്തതാകുന്ന കാലത്തോളം നമ്മൾ താങ്കളെ കണ്ടവരാണ്. ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് താങ്കൾ. ഇനിയെന്തെങ്കിലുമുണ്ടോ പറയാൻ?

നസീറുദ്ദീൻ ഷാ: എല്ലായ്‌പ്പോഴും പറയാൻ എന്തെങ്കിലും ബാക്കിയുണ്ടാകും.

Latest News