പ്രസംഗം ആരംഭിച്ചത് ശരണം വിളിയോടെ; വിശ്വാസികളെ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്ന ഒരു ഭരണകൂടം മറ്റെവിടെയുണ്ടെന്ന് മോദി

കേരളത്തിന്റെ രാഷ്ട്രീയ സാഹചര്യംമാറിയെന്നും ബിജെപിയെ അധികാരത്തിലേറ്റാന്‍ സംസ്ഥാനം തയ്യാറെടുത്ത് കഴിഞ്ഞെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. കോന്നിയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരണം വിളിയോടെ പ്രസംഗം ആരംഭിച്ച മോദി ഇത് അയ്യപ്പഭഗവാന്റെ മണ്ണാണെന്നും പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പെടെ ഒന്‍പത് ബിജെപി സ്ഥാനാര്‍ഥികളുടെ പ്രചരണാര്‍ഥമാണ് മോദി കോന്നിയിലെത്തിയത്. യുഡിഎഫിനേയും എല്‍ഡിഎഫിനേയും ജനങ്ങള്‍ വെറുത്തുകഴിഞ്ഞിരിക്കുന്നുവെന്നും ബിജെപിയുടെ വികസനപദ്ധതികളിലാണ് ജനങ്ങള്‍ക്ക് വിശ്വാസമെന്നും മോദി പറഞ്ഞു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഭരണഘടനയുടെ സംരക്ഷണത്തിനായി ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്നതിന് സമാനമായ സാഹചര്യമാണ് ഇപ്പോള്‍ കേരളത്തിലുള്ളതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിശ്വാസികളെ ലാത്തികൊണ്ട് മര്‍ദ്ദിക്കുന്ന ഒരു ഭരണകൂടം മറ്റെവിടെയുണ്ടെന്നും മോദി ചോദിച്ചു.

വിദ്യാസമ്പന്നരായവരും പ്രൊഫഷണലുകളും ബിജെപിയിലേക്ക് കൂടുതലായി എത്തുന്നുണ്ടെന്ന് പ്രധാനമന്ത്രി സാക്ഷ്യപ്പെടുത്തുന്നു. മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ പരാമര്‍ശം. എല്‍ഡിഎഫിനും യുഡിഎഫിനും പണത്തിനോടും അധികാരത്തോടും ആര്‍ത്തിയാണെന്നും മോദി കുറ്റപ്പെടുത്തി. കേരളത്തിലെ ഇരുമുന്നണികളും കുടുംബാധിപത്യം കൊണ്ടുവരാനാണ് ശ്രമം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ, ക്രിമിനല്‍ ശക്തികളുമായി സഖ്യമുണ്ടാക്കി അധികാരത്തിലേറാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നതെന്ന് മോദി കുറ്റപ്പെടുത്തി. ഒരു ഇടതുപക്ഷ നേതാവിന്റെ മകന്‍ കുറച്ചുകാലമായി ചെയ്തുവന്ന വിക്രിയകള്‍ കൂടുതല്‍ വിശദീകരിക്കാന്‍ താന്‍ ഇപ്പോള്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും മോദി പറഞ്ഞു.

കൈകള്‍ മുകളിലേക്കുയര്‍ത്തി ശരണം വിളിച്ചുകൊണ്ട് പ്രസംഗം ആരംഭിച്ച മോദി സാഹോദര്യത്തിന്റേയും ആത്മീയതയുടേയും മണ്ണിലെത്താന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ടെന്നും സൂചിപ്പിച്ചു. പത്തനംതിട്ട ജില്ലയിലെ ക്ഷേത്രങ്ങളുടെ പേരുകളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. കവി പന്തളം രവി വര്‍മ്മയെ ഈ അവസരത്തില്‍ സ്മരിക്കുന്നുവെന്ന് പറഞ്ഞ മോദി യേശു ക്രിസ്തുവിന്റെ ത്യാഗങ്ങളേയും സ്മരിച്ചു.

Covid 19 updates

Latest News