Top

‘സിസിപി’ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലയിക്കുമ്പോള്‍ ഇടേണ്ട പേര് നിര്‍ദേശിച്ച് മോദി

യുഡിഎഫിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലെ പ്രസംഗം. ഇരുമുന്നണികളും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണെന്നും ബംഗളാളില്‍ അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. അവര്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകണമെന്നും അതിന് സിസിപി എന്ന പേരിടാമെന്നും മോദി പറഞ്ഞു. നരേന്ദ്രമോദി പറഞ്ഞത്: യുഡിഎഫും എല്‍ഡിഎഫും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണ്. ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണ്. അവര്‍ ഇങ്ങനെ രണ്ടായി […]

2 April 2021 9:31 AM GMT

‘സിസിപി’ കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ലയിക്കുമ്പോള്‍ ഇടേണ്ട പേര് നിര്‍ദേശിച്ച് മോദി
X

യുഡിഎഫിനെയും എല്‍ഡിഎഫിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തെരഞ്ഞെടുപ്പ് പ്രചരണയോഗത്തിലെ പ്രസംഗം. ഇരുമുന്നണികളും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണെന്നും ബംഗളാളില്‍ അവര്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു. അവര്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകണമെന്നും അതിന് സിസിപി എന്ന പേരിടാമെന്നും മോദി പറഞ്ഞു.

നരേന്ദ്രമോദി പറഞ്ഞത്: യുഡിഎഫും എല്‍ഡിഎഫും ദുര്‍ഭരണത്തിലും അഴിമതിയിലും അക്രമങ്ങളിലും വര്‍ഗീയതയിലും ഇരട്ടസഹോദരങ്ങളാണ്. ബംഗാളില്‍ ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും കോണ്‍ഗ്രസും കമ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായികൊണ്ടിരിക്കുകയാണ്. അവര്‍ ഇങ്ങനെ രണ്ടായി നില്‍ക്കേണ്ട കാര്യമില്ല. അവര്‍ ലയിച്ച് ഒറ്റ പാര്‍ട്ടിയാകണം. എന്നിട്ട് അതിന് സിസിപി എന്ന പേരിടാം. കോംമ്രേഡ് കോണ്‍ഗ്രസ് പാര്‍ട്ടി. യുഡിഎഫിന് ഇടതുപക്ഷത്തെ പരാജയപ്പെടുത്താനുള്ള താല്‍പര്യമോ കഴിവോ ഇല്ല.

ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേരളത്തിലെ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. വികസനമാതൃകകള്‍ കണ്ടെത്തുന്നതില്‍ അവര്‍ പരാജയപ്പെട്ടു. ക്ഷേത്രങ്ങള്‍ സംരക്ഷിക്കേണ്ട മന്ത്രിയാണ് ശബരിമലയില്‍ ഭക്തരെ ലാത്തിക്കടിച്ചതിന്റെ ബുദ്ധികേന്ദ്രം. കോണ്‍ഗ്രസ് ഗ്രൂപ്പ് പോരിലൂടെ ശാസ്ത്രജ്ഞനായ നമ്പി നാരായണനെ തകര്‍ത്തു. അതേസമയം ഇ ശ്രീധരനെ പോലെയുള്ളവര്‍ക്ക് ബിജെപി അര്‍ഹമായ സ്ഥാനം നല്‍കുന്നു.

എന്‍ഡിഎ അധികാരത്തിലേറിയാല്‍ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കുമെന്ന് യോഗത്തില്‍ സംസാരിച്ചുകൊണ്ട് മുതിര്‍ന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. എന്‍ഡിഎ നല്‍കുന്നത് എല്‍ഡിഎഫ് നല്‍കുന്ന ഉറപ്പല്ലെന്നും എല്‍ഡിഎഫ് വാഗ്ദാനത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ലെന്നും കുമ്മനം പറഞ്ഞു.

കുമ്മനം പറഞ്ഞത് ഇങ്ങനെ: കേരള രാഷ്ട്രീയം ഇന്നൊരു വഴിത്തിരിവിലാണ്. വലിയൊരു സാമൂഹിക പരിവര്‍ത്തനത്തിന്റെ ശക്തമായ കൊടുങ്കാറ്റ് ഇന്ന് കേരളത്തില്‍ ആഞ്ഞടിച്ചുകൊണ്ടിരിക്കുകയാണ്. പണ്ട് കാലം മുതല്‍ക്ക് തന്നെ കേരളത്തില്‍ പല സാമൂഹിക പരിഷ്‌കരണ ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ രംഗങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളും മഹാത്മാ അയ്യങ്കാളിയും ഉള്‍പ്പെടെ ഒട്ടേറെ ആത്മാക്കള്‍ ഈ കേരളത്തില്‍ മാറ്റങ്ങളുണ്ടാക്കാന്‍ ശ്രമിച്ചവരാണ്. അതിന് ശേഷം ഇവിടെ ജനാധിപത്യം വന്നു സര്‍ക്കാരുകള്‍ പലതും വന്നു. നീണ്ട 64 വര്‍ഷം ഇവിടെ ഭരിച്ചത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും മാറി മാറിയാണ്. പക്ഷെ, കേരളത്തില്‍ എന്തുണ്ടായി. ഒരു വികസനവുമുണ്ടായിട്ടില്ല. കേരളം ഏതാണ്ട് നാല് ലക്ഷം കോടിയുടെ കടക്കെണിയില്‍ വന്ന് നില്‍ക്കുകയാണ്. ഖജനാവില്‍ പണമില്ല, നമുക്ക് കഴിക്കാന്‍ ആഹാരമില്ല, നമുക്ക് ചെയ്യാന്‍ തൊഴിലില്ല, കേറിക്കിടക്കാന്‍ ഇടമില്ല, കേരളത്തില്‍ ഒന്നും ഒന്നുമില്ലാതാക്കിയതാരാണ്. കഴിഞ്ഞ 64 വര്‍ഷം കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. നമുക്കറിയാം 1967ല്‍ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിക്കൊണ്ട് കുടികിടപ്പവകാശം കൊടുത്തു. അവരൊക്കെ ഇന്ന് എങ്ങനെ കഴിയുന്നു? ഇന്ന് കോളനികളില്‍ ഭൂമിയില്ലാതെ അവര്‍ കഷ്ടപ്പെടുകയല്ലേ? അവര്‍ക്ക് ഭൂമി വേണ്ടേ? അവര്‍ക്ക് കിടക്കാന്‍ ഒരു ഇടം വേണ്ടേ? അന്ന് കിട്ടിയ ഏഴ് സെന്റിലും പത്ത് സെന്റിലും ഇന്നവര്‍ കഴിയുന്നു. എത്ര കുടുംബങ്ങളായി? മൂന്ന് നാല് തലമുറകള്‍ കഴിഞ്ഞു. അവര്‍ക്ക് ഭൂമി വേണ്ടെ? എന്‍ഡിഎ വാഗ്ദാനം ചെയ്യുന്നു, ഈ നാട്ടിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുന്നു, രണ്ടാം ഭൂപരിഷ്‌കരണ നിയമം ഈ കേരളത്തില്‍ നടപ്പാക്കും. ഭൂമിയില്ലാത്തവന് ഭൂമി കൊടുക്കും. വീടില്ലാത്തവര്‍ക്ക് വീട് കൊടുക്കും. നമുക്കറിയാം, കേരളത്തിലെ മൂന്നരലക്ഷം പേര്‍ വീടും ഭൂമിയും ഇല്ലാത്തവരാണ്. ഭൂ രഹിതരാണ്. അവര്‍ക്ക് ഭൂമി കൊടുക്കാന്‍ കഴിഞ്ഞോ? 1975ല്‍ ഇവിടുത്തെ അധസ്ഥിതരായിട്ടുള്ള ആദിവാസി സഹോദരങ്ങള്‍ക്ക് നഷ്ടപ്പെട്ടു പോയിട്ടുള്ള, അന്യധീനപ്പെട്ടുപോയ ഭൂമി കൊടുക്കാന്‍ നിയമമുണ്ടായി. ഈ കേരള നിയമസഭാ നിയമം പാസാക്കി. ഭൂമി കൊടുത്തോ? എന്തുകൊണ്ട് ഇതേവരെ ആദിവാസി സഹോദരങ്ങള്‍ക്ക് ഭൂമി കൊടുത്തില്ല? എന്‍ഡിഎ നല്‍കുന്നത് എല്‍ഡിഎഫ് നല്‍കുന്ന ഉറപ്പല്ല. എല്‍ഡിഎഫ് വാഗ്ദാനത്തില്‍ ഈ നാട്ടിലെ ജനങ്ങള്‍ക്ക് വിശ്വാസമില്ല. എന്‍ഡിഎ നല്‍കുന്ന ഉറപ്പ് എന്നു പറയുന്നത് ഇവിടെ രണ്ടാം ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കിക്കൊണ്ട്, ഇവിടുത്തെ പട്ടിക ജാതിക്കാര്‍ക്കും പട്ടിക വര്‍ഗക്കാര്‍ക്കും ഭൂരഹിതര്‍ക്കും അധസ്ഥിതര്‍ക്കും സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും കിടക്കാന്‍ ഇടമുണ്ടാകും കൃഷി ചെയ്യാന്‍ ഭൂമിയുണ്ടാകും. അവര്‍ക്ക് അതിനാവശ്യമായിട്ടുള്ളതെല്ലാം ചെയ്തുകൊടുക്കും. ഏതാണ്ട് അഞ്ചര ലക്ഷം ഹെക്ടര്‍ വരുന്ന പാട്ടക്കാലാവധി കഴിഞ്ഞ ഭൂമിയിന്മേല്‍ ഇന്നും തീരുമാനമെടുക്കാന്‍ കഴിയാത്തവരാണ് എല്‍ഡിഎഫും യുഡിഎഫും. എന്തുകൊണ്ട് ആ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നില്ല. അതുകൊണ്ട് രണ്ടാം ഭൂപരിഷ്‌കരണ നിയമമുണ്ടാകും.

Next Story