Farmers Protest

ഇന്ത്യയെ വിഭജിച്ച് ഭരിക്കാനിറങ്ങയിവര്‍ക്ക് ആദിവാസികള്‍ കര്‍ഷകരല്ല

തങ്ങളുടെ നയങ്ങള്‍ക്കെതിരെ ഭിന്നാഭിപ്രായം പ്രകടിപ്പിക്കുന്ന എല്ലാ പ്രതിഷേധങ്ങളെയും ബിജെപി നേരിടുന്നതെങ്ങനെയായിരിക്കുമെന്ന് നമുക്കിപ്പോള്‍ ഊഹിക്കാവുതേയുളളൂ. അങ്ങനെയൊരു സമരം ആരംഭിക്കുന്നതിനു പിന്നാലെ പ്രതിഷേധക്കാരെ രാജ്യവിരുദ്ധരെന്നും മാവോയിസ്റ്റുകളെന്നും ജിഹാദികളെന്നും വിളിച്ച് കടന്നാക്രമിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ രംഗത്തിറങ്ങും. ദുഖകരമെന്ന് പറയട്ടെ ഇത്തരം പ്രചാരണങ്ങളെ പെരുപ്പിച്ചുകാട്ടുന്ന മാധ്യമ അജണ്ടയും നമുക്കിങ്ങനെ ഊഹിക്കാവുതേയുള്ളൂ.

ഭീമ കൊറേഗാവിലെയും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെയും പേരില്‍ യുഎപിഎ ചുമത്തപ്പെട്ട് അറസ്റ്റിലായ പ്രധാന ആക്ടിവിസ്റ്റുകളെ ഓര്‍ക്കാനായി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായ ഡിസംബര്‍ 10നെ ഭാരതീയ കിസാന്‍ യൂണിയന്‍ (ഏകത ഉഗ്രഹന്‍) തെരഞ്ഞെടുത്തു. കേന്ദ്രസര്‍ക്കാരിന്റെ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമൊവശ്യപ്പെട്ട് ബികെയു നടത്തുന്ന സമരങ്ങളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി മുന്നോട്ടുവെക്കപ്പെടുന്നില്ലെങ്കിലും ആക്ടിവിസ്റ്റുകളുടെ മോചനം ഉഗ്രഹന്‍ ഗ്രൂപ്പിന്റെ കാലാകാലങ്ങളായുള്ള ആവശ്യമാണ്.

ഊഹിച്ചതുപോലെതന്നെ സമരക്കാരായ കര്‍ഷകര്‍ക്കിടയിലെ ഇടത് അനുകൂലികളെയും രാജ്യവിരുദ്ധരെയും മാവോയിസ്റ്റുകളെയും ‘ടുക്കടെ ടുക്കടെ’ ഗ്യാങ്ങുകളെയും കുറിച്ച് ആപത് സൂചനയെന്ന തരത്തില്‍ മുന്നറിയിപ്പ് നല്‍കാനുള്ള അടുത്ത അവസരമായി ബിജെപി ഇതിനെ ഉപയോഗിച്ചു. എന്നാല്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മെഡലുകള്‍ മടക്കി നല്‍കിയ മുന്‍ സൈനികരെ ‘അവാര്‍ഡ് വാപസി ഗാങ്ങെ’ന്നുവിളിക്കാന്‍ അവര്‍ക്ക് ഇതുവരെ ധൈര്യം വന്നിട്ടില്ല. കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെയ്ക്കുന്ന സൈനിക അനുകൂല മുഖത്തിനെതിരാകരുതെന്ന് കരുതിയായിരിക്കും അത്തരം നീക്കങ്ങള്‍ക്ക് കുടപിടിക്കാന്‍ മാധ്യമങ്ങളും ശ്രമിക്കാത്തത്.

Dilli Chalo | Army veterans at farmer protest plan to return gallantry  medals - The Hindu

കേന്ദ്ര മന്ത്രിമാരായ നിതിന്‍ ഗഡ്ഗരി, രവി ശങ്കര്‍ പ്രസാദ്, പീയുഷ് ഗോയല്‍ എന്നിവര്‍ക്ക് പ്രൈംടൈം ചര്‍ച്ചകളില്‍ അനുവദിച്ചുകൊടുക്കുന്ന സമയം കൊണ്ട് കര്‍ഷക സമരത്തില്‍ നിലവില്‍ അറസ്റ്റിലായ ആക്ടിവിസ്റ്റുകള്‍ക്ക് കര്‍ഷകരുമായി ഒരു ബന്ധവുമില്ലെന്നു സ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമത്തിന് മാധ്യമങ്ങള്‍ നല്ല രീതിയില്‍ പ്രോത്സാഹനം നല്‍കുന്നുണ്ട്. അതും പോരാതെ സമരരംഗത്തുള്ള കര്‍ഷകസംഘടനകള്‍ക്കിടയിലെ ഭിന്നിപ്പുകളെ വലുതാക്കി കാണിക്കാനുള്ള ശ്രമവും നന്നായി നടക്കുന്നു. സമരത്തിന്റെ അനന്തരഫലങ്ങള്‍ എന്തുതന്നെയുമാകട്ടെ ജനങ്ങളെ പലവിഭാഗങ്ങളാക്കി ഒറ്റപ്പെടുത്തുക എന്ന പ്രധാനലക്ഷ്യം ബിജെപി ഏറെക്കുറെ സാധിച്ചെടുത്തുകഴിഞ്ഞു. ഈ പാര്‍ശ്വവത്കരണത്തിന്റെ ഫലമായിരുന്നു ജാമിയയിലെ വിദ്യാര്‍ഥികളെ പ്രതിഷേധത്തിന്റെ ഭാഗമാകുന്നതില്‍ നിന്ന് തടയാന്‍ സിംഗു ബോര്‍ഡറിലെ പ്രതിഷേധക്കാരെ പ്രേരിപ്പിച്ചതും.

ബികെയു പ്രതിഷേധക്കാര്‍ സമരമുഖത്ത് ഉയര്‍ത്തികാണിച്ച ചിത്രങ്ങളിലൊന്നിലെ ‘ഗാഡ്ചിരോളില്‍ നിന്നുള്ള ഏതോ ഒരാളെ’ക്കുറിച്ച് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ നിതിന്‍ ഗഡ്കരി പറഞ്ഞത് അറസ്റ്റുചെയ്യപ്പെടുകയും ജാമ്യം നിഷേധിക്കപ്പെടുകയും ചെയ്ത അയാള്‍ക്ക് കര്‍ഷകരുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു. ജാമ്യം നിഷേധിച്ചു എന്നതൊരു കുത്തുവാക്കുപോലെ പറഞ്ഞതിലെ കുടിലത മാറ്റിനിര്‍ത്താം, കാരണം യുഎപിഎ ചുമത്തി ആക്ടിവിസ്റ്റുകളെ അറസ്റ്റുചെയ്യുന്നതിന് പിന്നിലെ പ്രാഥമിക ലക്ഷ്യം അതുതന്നെയാണല്ലോ. ഇനി നമുക്ക് ഗാഡ്ചിരോളിയില്‍ നിന്നുള്ള ആ ‘ഏതൊ ഒരാള്‍’ ആരാണെന്ന് നോക്കാം.

ഭീമ കോറേഗാവ് കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ മഹേഷ് റാവത്താണ് അത്. ടിഐഎസ്എസില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ഥിയായ മഹേഷ് ഗാഡ്ചിരോളിയില്‍ നിന്ന് പ്രധാനമന്ത്രി ഗ്രാമ വികസന ഫെല്ലോഷിപ്പ് നേടിയാണ് പഠിച്ചിരുന്നത്. കോര്‍പ്പറേറ്റുകള്‍ ഖനനത്തിനായി ഭൂമികൈയ്യേറുന്നതിനെ എതിര്‍ക്കാന്‍ സൂരജ്ഗണ്ഡിലെ കര്‍ഷകരെ സഹായിച്ചത് മഹേഷാണ്. കര്‍ഷകരുമായി യാതൊരു വിധത്തിലും ബന്ധമില്ലാത്ത ഒരാള്‍ക്കുവേണ്ടി എങ്ങനെയാണ് ‘300 ഗ്രാം സഭകള്‍’ പ്രമേയം പാസാക്കിയത്. ഫോറസ്റ്റ് റൈറ്റ്‌സിന്റെ ഒരു നൂറ്റാണ്ടുകാലത്തെയും പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ടു ഷെഡ്യൂള്‍ഡ് ഏരിയാസ് ആക്ടിന്റെ 20 വര്‍ഷത്തെയും അടയാളപ്പെടുത്താന്‍ 2017 ഡിസംബറില്‍ ബിഡി ശര്‍മയുടെ ഭാരത് ജന്‍ ആന്തോളന്റെ ഭാഗമായി സമ്മേളനം സംഘടിപ്പിച്ചതും മഹേഷായിരുന്നു. ഈ രണ്ട് നിയമങ്ങളും ആദിവാസി കര്‍ഷകരെയും പരമ്പരാഗതമായി വനത്തില്‍ ജീവിക്കുന്ന ഗോത്രവര്‍ഗക്കാരെയും സംബന്ധിച്ച് ചരിത്ര പ്രധാനമായ വിജയങ്ങളുടെ ഫലമായിരുന്നു.

മഹേഷ് റാവത്ത്‌

ഉള്‍വനങ്ങളില്‍ കൃഷി ചെയ്യുന്ന ആദിവാസികള്‍ കാടുകൈയ്യേറുന്നവരല്ല എന്ന് സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതായിരുന്നു എഫ്ആര്‍എ നിയമം. കോളനിക്കാലഘട്ടത്തിന് മുന്‍പും പിന്‍പുമായി നടത്തിയ അതിര്‍ത്തി നിര്‍ണയങ്ങളില്‍ വനഭൂമിയാക്കപ്പെട്ടത്‌ അവരുടെ ഭൂമിയാണതെന്ന് ബോധിപ്പിക്കുന്നതായിരുന്നു ആ നിയമം. ആ സമ്മേളനം നടന്നത് പൂര്‍ണമായും നിയമപരമായിട്ടായിരുന്നു. വാസ്തവത്തില്‍ അവിടെ ചര്‍ച്ചയായത് മുഴുവന്‍ നിയമമായിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കര്‍ഷകര്‍ അവിടെ നിയമങ്ങളെക്കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവെയ്ക്കുകയും അവ പ്രാബല്യത്തില്‍ വരുമ്പോള്‍ മെച്ചപ്പെടുത്താനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ച്ച ചെയ്യുകയും ചെയ്തു. ആദിവാസികളും കര്‍ഷകരാണെന്നത് നിഷേധിക്കുന്നതുവഴി ഒരുവശത്ത് ആദിവാസികളെ വേട്ടക്കാരുടെ കൂട്ടമാക്കുന്ന വംശീയ വിവേചനപരമായ സ്റ്റീരിയോടൈപിംഗ് സ്ഥിരപ്പെടുത്തി മറുവശത്ത് കാര്‍ഷകരെയും തൊഴിലാളികളെയും നിര്‍ത്താനുമുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്.

അവിടെ അറസ്റ്റിലായ ഏറ്റവും പ്രായമുള്ള വ്യക്തി, 83 കാരനായ സ്റ്റാന്‍ സ്വാമി അദ്ദേഹത്തിന്റെ ജീവിതകാലം മുഴുവന്‍ കര്‍ഷകരെ സഹായിക്കുന്നതിനായാണ് വിനിയോഗിച്ചത്. 1970 കളില്‍ ബാംഗ്ലൂരിലെ ഇന്ത്യന്‍ സോഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ട്രെയിനിംഗ് സെന്ററിലെ ഒരുകൂട്ടം സഹസന്യാസികളോടൊപ്പം ‘ഉഴുന്നവന് ഭൂമി നല്‍കുക’ എന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തെ ചെറിയ കര്‍ഷകരില്‍ എത്തിക്കുക എന്നതായിരുന്നു സ്റ്റാനിന്റെ കര്‍ഷകരുമായുള്ള ബന്ധത്തിന്റെ തുടക്കം. അതിന് പൗലോ ഫ്രെയറിന്റെ ‘പെഡഗോഗി ഓഫ് ദി ഒപ്പ്രസ്ഡ്’ (മര്‍ദിതരുടെ ബോധനശാസ്ത്രം) എന്ന പുസ്തകം അദ്ദേഹം പ്രചോദനമായി ഉള്‍ക്കൊണ്ടു. എന്നാല്‍ കര്‍ഷകന് അവകാശപ്പെട്ട ഭൂമി നല്‍കണമെന്നത്‌ തങ്ങളുടെ ഔദ്യോഗിക നയമാണെന്ന്‌ അവകാശപ്പെട്ട പള്ളിയും സര്‍ക്കാരും ഈ നീക്കത്തെ എതിര്‍ത്തു.

എന്നാല്‍ ദരിദ്രരില്‍ ദരിദ്രരായവരെ സഹായിക്കുക എന്ന തന്റെ ലക്ഷ്യം നിറവേറ്റാന്‍ ഝാര്‍ഖണ്ഡിലേക്ക് പോയ അദ്ദേഹം ഹോ ഗ്രാമത്തില്‍ രണ്ട് വര്‍ഷത്തോളം താമസിച്ച് അവിടുത്തെ ഭാഷയും കാര്‍ഷിക രംഗത്തിന്റെ താളവും മനസിലാക്കി. ഝാര്‍ഖണ്ഡ് പോലൊരു സംസ്ഥാനത്തെ കര്‍ഷകരെ ജലസേചന മാര്‍ഗങ്ങളുടെ അപര്യാപതതയ്ക്ക് പുറമെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരുടെ ഭൂമികൈയ്യേറ്റങ്ങളും സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കലുകളും പ്രതിസന്ധിയിലാക്കിയിരുന്നു. എന്നാല്‍ തന്റെ ലക്ഷ്യത്തില്‍ അടിയുറച്ചുവിശ്വസിച്ച സ്റ്റാന്‍ ഭൂമി പോരാട്ടങ്ങളുടെ ഭാഗമാകുകയും കുടിയൊഴിപ്പിക്കലിനെതിരെ പോരാടാനുള്ള ‘വിസ്ഥാപന്‍ വിരോധി ജന്‍ വികാസ് ആന്തോളന്റെ’ സ്ഥാപകനുമായി. സാധരണക്കാരായ ഗ്രാമീണരില്‍ നിന്നേറ്റെടുത്ത ഭൂമി സര്‍ക്കാരിന്റെ ലാന്‍ഡ്‌ ബാങ്കുകള്‍ വഴി വ്യവസായികള്‍ക്ക് കൈമാറുന്നതിനെക്കുറിച്ചുള്ള കണക്കുകളും മാവോയിസ്റ്റുകളായി മുദ്രകുത്തപ്പെടുന്ന ആദിവാസി യുവാക്കളുടെ അറസ്റ്റിനെക്കുറിച്ചും അദ്ദേഹം രേഖകള്‍ തയ്യാറാക്കി.

Father Stan Swamy Gets Straw & Sipper, Files Fresh Application Expressing  Fear Of Transfer From Taloja Jail
സ്റ്റാന്‍ സ്വാമി

ഇതുപോലെ ഭീമ കോറേഗാവില്‍ അറസ്റ്റിലായ ഒരോരുത്തരെയുമെടുത്ത് അവര്‍ക്ക് കര്‍ഷകരുമായുള്ള ബന്ധത്തെക്കുറിച്ച് പറയാനാകും. ഛത്തീസ്ഗഢിലെ പാവപ്പെട്ടവരായ ജനത്തിനുവേണ്ടി നിയമപോരാട്ടങ്ങള്‍ നയിച്ച സുധ ഭരദ്വാജും മനുഷ്യാവകാശ പോരാട്ടങ്ങളുടെ മുന്നണിയിലുണ്ടായിരുന്ന ഗൗതം നവ്‌ലാഖയും അവരില്‍ ചിലരാണ്. പൗരത്വഭേദഗതി നിയമത്തിലെ ഭരണഘടനാവിരുദ്ധത ചോദ്യം ചെയ്തതിന് തുറുങ്കിലടയ്ക്കപ്പെട്ട ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളും തടവിലാക്കപ്പെട്ട കശ്മീരികളും വലിയൊരു സമരത്തിന്റെ ഭാഗമാണ്. ജീവിക്കാനുള്ള അവകാശത്തിന് വേണ്ടിയും ഉപജീവനത്തിനും വേണ്ടി പോരാടുന്ന, എന്താണ് പൗരത്വവും സ്വദേശിത്വവും യഥാര്‍ത്ഥത്തില്‍ അര്‍ത്ഥമാക്കുന്നതെന്ന് ഉറപ്പാക്കാന്‍ യത്നിക്കുന്ന, വിവിധ മതസമൂഹങ്ങളും, കര്‍ഷകരും, തൊഴിലാളികളും വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള പൗരന്‍മാര്‍ നടത്തിക്കൊണ്ടിരിക്കുന്ന മഹാപ്രക്ഷോഭത്തിന്റെ ഭാഗമാണ് അവരും. ഡിസംബര്‍ 10ലെ ആ സമ്മേളനത്തില്‍ വിതരണം ചെയ്ത ലഘുലേഖയില്‍ ഭരണകൂടത്തിന്റെ ഏറ്റവും വലിയ നേട്ടമായി എടുത്തുകാണിച്ചിരിക്കുന്നതും അതാണ്- രാജ്യത്തെ യുവാക്കളെ അശ്ലീല പരിപാടികളില്‍ നിന്നും ലഹരി മരുന്നുകളുടെ ഉപയോഗത്തില്‍ നിന്നും മാറ്റി രാജ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ ഈ ഭരണകൂടം നിര്‍ബന്ധിതരാക്കി.

Police thrash Jamia Millia Islamia march - Telegraph India

ഒരു രാജ്യം, ഒരു കമ്പോളം എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്ന് പറയുന്നു, അതേസമയം മറുവശത്ത് ജനങ്ങളുടെ മുന്നേറ്റങ്ങളെ ചീളുകളാക്കി പല മുറികളിലാക്കാന്‍ ശ്രമിക്കുന്നു. തങ്ങളുടെ നിലപാടുകളിലെ പതിവ് അസ്ഥിരത ഈ വിഷയത്തിലുമെടുത്ത സര്‍ക്കാര്‍ പഞ്ചാബിലെ കര്‍ഷകര്‍ മാത്രമാണ് കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുന്നതെന്നും രാജ്യത്തെ മറ്റെല്ലാ കര്‍ഷകരും നിയമനിര്‍മ്മാണത്തില്‍ സന്തുഷ്ടരാണെന്നും പറയുന്നു. എന്നിട്ട് രാജ്യത്തെ കര്‍ഷകര്‍ വിവിധ വിഷയങ്ങളിലും പ്രദേശങ്ങളിലും ഒന്നിക്കാന്‍ ശ്രമിക്കുമ്പോള്‍ അവരെ രാജ്യത്തെ ഭിന്നിപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നവരാക്കുന്നു, അവര്‍ക്ക് ദില്ലിയിലെത്താന്‍ പൊലീസിനെ മറികടക്കേണ്ടി വരുന്നു. നാട്ടിലെ പ്രധാന കോര്‍പ്പറേറ്റുകളായ അംബാനിയും അദാനിയും ടാറ്റയുമെല്ലാം ഖനനത്തിനും കാര്‍ഷിക വ്യവസായങ്ങള്‍ക്കും എയര്‍പോര്‍ട്ട് നിര്‍മ്മാണങ്ങള്‍ക്കുമായി രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള ഭൂമികൈയ്യേറി തങ്ങളുടെ വ്യവസായങ്ങള്‍ വികസിപ്പിക്കുമ്പോള്‍ അതിനെതിരെ പോരാടുന്ന ചത്തീസ്ഗഢിലെയും ഝാര്‍ഗണ്ഡിലെയും കര്‍ഷകരുടെ പോരാട്ടങ്ങള്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെതില്‍ നിന്ന് വ്യത്യസ്തമാണെന്നാണ്‌ പറയുന്നത്.

ചില പഠന രേഖകളും ‘വിയ കാമ്പസിന’ പോലുള്ള ആഗോളകര്‍ഷക സംഘടനകളും ചൂണ്ടിക്കാട്ടുന്ന വിവരങ്ങള്‍ പ്രകാരം ഇക്കാലത്തെ ഭൂമി കൈയ്യേറ്റങ്ങള്‍ കാര്‍ഷിക വ്യവസായങ്ങള്‍ക്ക് ഭൂമിവില്‍ക്കുന്ന രൂപത്തിലല്ല സംഭവിക്കുന്നത്. പകരം ദീര്‍ഘകാലത്തെക്ക് പണയത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യിച്ചും കരാര്‍ കൃഷിക്ക് പ്രേരിപ്പിച്ചും കര്‍ഷകരെ ആഗോള വിതരണ ശൃംഖലയിലെ വെറും കണ്ണികള്‍ മാത്രമായി ചുരുക്കുന്നതാണ് നടന്നുവരുന്നത്. ലക്ഷങ്ങളോളം വരുന്ന ചെറു കര്‍ഷകര്‍ കൃഷിചെയ്യുന്നതിലും ഗുണമുണ്ടാക്കുക വമ്പന്‍ കാര്‍ഷിക വ്യവസായങ്ങള്‍ക്ക് കീഴില്‍ കര്‍ഷകര്‍ കരാര്‍ കൃഷി ചെയ്യുന്നതാണെന്ന ഈ ആശയത്തെ വില്‍ക്കാനുള്ള ശ്രമത്തെയാണ് കാര്‍ഷിക പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന എല്ലാ വിവരണങ്ങളും ചോദ്യം ചെയ്യുന്നത്.

India farmers: The viral image that defines a protest - BBC News

മാധ്യങ്ങള്‍ക്ക് ഇന്നത്തെ സാഹചര്യങ്ങളെ കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചും അത് കാര്‍ഷിക മേഖലയിലുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും, അതിന് ശാശ്വതപരിഹാരം കണ്ടെത്താനുള്ള പ്രായോഗികമായ കാര്‍ഷിക മാതൃകകളെക്കുറിച്ചും, കൊവിഡ് സാഹചര്യത്തില്‍ ആഗോള വിതരണരംഗം നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചും ചര്‍ച്ചചെയ്യാനുമുള്ള ഒരു സുവര്‍ണാവസരമാക്കാമായിരുന്നു. എന്നാല്‍ അതിന് പകരം അവര്‍ ചെയ്തത് കൃഷിയെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്ത നാഗരികരായ ബിജെപി വക്താക്കളെ നമുക്കുമുന്നിലെത്തിച്ച് സമരങ്ങള്‍ക്കും സമരക്കാരായ കര്‍ഷകര്‍ക്കുംമേല്‍ സംശയം ജനിപ്പിക്കാനുള്ള ശ്രമം നടത്താനാണ്‌. അവരാണ് സമരങ്ങളിലേര്‍പ്പെടുന്ന ആക്ടിവിസ്റ്റുകളുടെ യോഗ്യതയെയും അവര്‍ക്ക് കര്‍ഷകരും രാജ്യത്തെ കാര്‍ഷിക രംഗവുമായുമുള്ള ബന്ധത്തെയും ചോദ്യം ചെയ്യാന്‍ വരുന്നത്.

ദി വയറിലെ നന്ദിനി സുന്ദര്‍ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Latest News