
മ്യാന്മര് ഭരണാധികാരി ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ളവരെ പട്ടാളഅട്ടിമറിനീക്കത്തിന്റെ ഭാഗമായി മിലിറ്ററി പട്ടാളത്തടവിലാക്കിയ സംഭവത്തില്‍ പ്രതികരണവുമായി ഇന്ത്യ. മ്യാന്മറില് നടക്കുന്ന സംഭവവികാസങ്ങള്‍ അതീവശ്രദ്ധയോടെ ഇന്ത്യ ഉറ്റുനോക്കുകയാണെന്ന് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കി. നീതിന്യായ വ്യവസ്ഥയും ജനാധിപത്യപ്രക്രിയയും ഉയര്‍ത്തിപ്പിടിക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായും പ്രസ്താവനയില്‍പ്പറയുന്നു.
പട്ടാളത്തടവിലായ മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചിയേയും കൂട്ടരേയും ഉടന്‍ സ്വതന്ത്രരാക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ വൈറ്റ്ഹൗസ് അതിശക്തമായി പ്രതികരിക്കുമെന്നും അമേരിക്ക മ്യാന്മര് മിലിറ്ററിയെ അറിയിച്ചു. ഇന്ന് വെളുപ്പിനാണ് ഓങ് സാന്‍ സൂചിയും മ്യാന്മര് പ്രസിഡന്റ് വിന് മ്യന്ടും ഉള്‍പ്പെടെയുള്ളവരെ മ്യാന്മര് മിലിറ്ററി തടവിലാക്കിയത്.
തെരഞ്ഞെടുപ്പിനേയും ജനാധിപത്യസംവിധാനങ്ങളേയും അട്ടിമറിക്കാനുള്ള എല്ലാവിധ ശ്രമങ്ങളേയും തങ്ങള്‍ ചെറുത്തുതോല്‍പ്പിക്കുമെന്നും അമേരിക്ക പറഞ്ഞു. എത്രയും പെട്ടെന്ന് സൂചിയേയും കൂട്ടരേയും വിട്ടയച്ച് ജനാധിപത്യവ്യവസ്ഥ പുനസ്ഥാപിച്ചില്ലെങ്കില്‍ വൈറ്റ് ഹൗസിന് മറ്റ് നടപടികളെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും അമേരിക്ക മ്യാന്മര് മിലിറ്ററിക്ക് താക്കീത് നല്കി.
‘അമേരിക്ക ബര്മന് ജനതയോടൊപ്പമാണ്. ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം, വികസനം എന്നീ മൂല്യങ്ങള്‍ക്കൊപ്പമാണ്. ഇന്ന് തന്നെ തടവിലാക്കിയവരെ വിട്ടയച്ചേ മതിയാകൂ’. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിന്‍കന്‍ പറഞ്ഞു. മ്യാന്മര് മിലിറ്ററി നീതിന്യായ വ്യവസ്ഥയെ മാനിക്കാന്‍ തയ്യാറാകണമെന്നും പ്രശ്നങ്ങള്‍ ജനാധിപത്യരീതിയില്‍ പരിഹരിക്കണമെന്നുമായിരുന്നു ആസ്ട്രേലിയയുടെ ഔദ്യോഗിക പ്രതികരണം.
മ്യാന്മര് നേതാവ് ഓങ് സാന്‍ സൂചി ഉള്‍പ്പെടെയുള്ള ഭരണകക്ഷി നേതാക്കള്‍ക്കെതിരെ മിന്നല്‍ റെയ്ഡ് നടത്തി അവരെ അറസ്റ്റിലാക്കിക്കൊണ്ടാണ് മ്യാന്മറില് അട്ടിമറി നീക്കം നടക്കുന്നത്. ഇന്ന് അതിരാവിലെയാണ് മിലിറ്ററിയുടെ അപ്രതീക്ഷിത നീക്കം.
- TAGS:
- Aung San Suu Kyi
- Myanmar