പുറകിലിരിക്കുന്നയാള്‍ക്ക് ഹെല്‍മെറ്റില്ലെങ്കില്‍ തെറിക്കുക ഓടിക്കുന്നയാളുടെ ലൈസന്‍സ്; പണി വരുന്നതിങ്ങനെ

ഇരുചക്രവാഹനം ഓടിക്കുമ്പോള്‍ പുറകില്‍ ഇരിക്കുന്നയാള്‍ ഹെല്‍മെറ്റ് വെച്ചില്ലെങ്കില്‍ ഓടിക്കുന്നയാളുടെ ലൈസന്‍സ് നഷ്ടമാകും. മൂന്ന് മാസത്തേക്ക് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെടുമെന്ന് മാത്രമല്ല, പിഴയും അടയ്ക്കേണ്ടി വരും. ചിലപ്പോള്‍ ഡ്രൈവര്‍ റിഫ്രഷര്‍ എന്ന നല്ല നടപ്പ് കോഴ്സിനും പോകേണ്ടി വന്നേക്കും. കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ പുതിയ ഭേദഗതി പ്രകാരം ലൈസന്‍സ് അസാധുവാക്കാനുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ എം ആര് അജിത് കുമാര്‍ വ്യക്തമാക്കി.
നവംബര്‍ ഒന്ന് മുതല്‍ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിട്ടു.
ഹെല്‍മെറ്റില്ലാത്ത പിന്‍സീറ്റ് യാത്രക്കാരനേയും കൊണ്ട് യാത്ര ചെയ്താല്‍ 1000 രൂപ പിഴ എന്നത് സംസ്ഥാന സര്‍ക്കാര്‍ 500 രൂപയായി കുറച്ചിരുന്നു. പക്ഷെ, മൂന്ന് മാസത്തേക്ക് ഡ്രൈവിങ്ങ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യാമെന്ന വ്യവസ്ഥ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നില്ല. പിഴ അടയ്ക്കലിന് പുറമേ റോഡ് സുരക്ഷാ കോഴ്സിനും സാമൂഹിക സേവനത്തിനും അയക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്.
കര്‍ശന വ്യവസ്ഥകള്‍ അപകടം കുറയ്ക്കുന്നുണ്ടെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ചൂണ്ടിക്കാട്ടി. പിന്‍സീറ്റ് ഹെല്‍മെറ്റ് വ്യവസ്ഥകള്‍ മലപ്പുറം പെരിന്തല്‍മണ്ണയില്‍ നടപ്പാക്കിയപ്പോള്‍ ഹെല്‍മെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടി. അപകടമരണ നിരക്ക് 40 ശതമാനം കുറഞ്ഞെന്നും എം ആര് ആജിത് കുമാര്‍ പറഞ്ഞു.