മലപ്പുറത്തെ തോല്‍വി; പഞ്ചായത്ത്, മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ട് ലീഗ്

മലപ്പുറത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ട സ്ഥലങ്ങളില്‍ അച്ചടക്ക നടപടിയുമായി മുസ്ലീം ലീഗ് ജില്ലാ കമ്മിറ്റി. വിവിധ പഞ്ചായത്ത് മുന്‍സിപ്പല്‍ കമ്മറ്റികള്‍ പിരിച്ചുവിട്ടു.

മുസ്ലിം ലീഗിന്റെ ഒരു സ്ഥാനാര്‍ഥിയും ജയിക്കാത്ത നിലമ്പൂരില്‍ മുനിസിപ്പല്‍ കമ്മറ്റിയെയും, വെളിയങ്കോട്, ആലങ്കോട് പഞ്ചായത്ത് കമ്മറ്റികളെയുമാണ് പിരിച്ചുവിട്ടത്. അന്വേഷണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പാര്‍ട്ടിക്ക് പരാജയമുണ്ടായ മറ്റ് പഞ്ചായത്തുകളിലും വരും ദിവസങ്ങളില്‍ തുടര്‍നടപടികളുണ്ടാവുമെന്നാണ് ലീഗ് നേതൃത്വം നല്‍കുന്ന സൂചന.

മലപ്പുറം ജില്ലയിലെ എട്ടോളം പഞ്ചായത്തുകളിലാണ് ലീഗിന് ഭരണം നഷ്ടമായത്. ചില പഞ്ചായത്തുകളില്‍ വോട്ടുകള്‍ ലീഗിന് എതിരാക്കാന്‍ ചില ഭാരവാഹികള്‍ ശ്രമിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും. ഇത് സംബന്ധിച്ച് അതത് മേഖലകളിലെ ഭാരവാഹികളോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനകം മറ്റ് നടപടികളുണ്ടാകും.

Latest News