ഔഫ് അബ്ദുറഹ്മാൻ കൊലപാതകം: ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ

കോഴിക്കോട്: ഔഫ് അബ്ദുറഹ്മാന്‍റെ കൊലപാതകത്തിൽ മുസ്ലിം ലീഗിനെ രൂക്ഷമായി വിമർശിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. മുസ്ലിം ലീഗ് കഠാര രാഷ്ട്രീയം അവസാനിപ്പിക്കണമെന്നാണ് കാന്തപുരം ആവശ്യപ്പെട്ടത്.

ലീഗിന്റെ അരുംകൊലകൾ രാഷ്ട്രീയ തോൽവിക്ക് മറയിടാനാണെന്ന് കുറ്റപ്പെടുത്തിയ കാന്തപുരം കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ടു. കാന്തപുരത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന കേരള മുസ്ലിം ജമാഅത്തിന്‍റെ യോഗത്തിലാണ് ലീഗിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്.

കാഞ്ഞങ്ങാട് കല്ലൂരാവിയില്‍ ബുധനാഴ്ച്ച ഉച്ചയോടെയാണ് കൊലപാതകം നടന്നത്. കല്ലൂരാവിയിലെ ഡിവൈഎഫ്ഐയുടെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമാണ് കൊല്ലപ്പെട്ട അബ്ദുള്‍ റഫ്മാന്‍. 29 വയസ്സായിരുന്നു.

ആക്രമണത്തിന് പിന്നില്‍ മുസ്ലീം ലീഗാണെന്ന് നേരത്തെ സിപിഐഎം ആരോപിച്ചിരുന്നു. തദ്ദേശതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറേ നാളുകളായി സംഘര്‍ഷം നിലനിന്നിരുന്ന മേഖലയാണ് കല്ലൂരാവി. കൊലപാതകത്തിന് സംഘര്‍ഷവുമായി ബന്ധമുണ്ടൊ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.

അതേസമയം സംഭവത്തില്‍ നിഷ്‌പക്ഷമായ അന്വേഷണം വേണമെന്നും കൊലപാതകം ദൗര്‍ഭാഗ്യകരമാണെന്നുമാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് അഭിപ്രായപ്പെട്ടത്. ലീഗ് നേതാവ് ഉള്‍പ്പെടെ മൂന്ന് പേരെ പൊലീസ് സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest News