Top

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ സമുദായ നേതാക്കളുടെ യോഗം വിളിച്ച് മുസ്ലീംലീഗ്

മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ കുറവുവരുത്തരുതെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നുമാണ് നിലവില്‍ യുഡിഎഫിന്റെ നിലപാട്.

22 July 2021 3:04 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ സമുദായ നേതാക്കളുടെ യോഗം വിളിച്ച് മുസ്ലീംലീഗ്
X

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട ഭാവി പരിപാടികള്‍ ചര്‍ച്ചചെയ്യാന്‍ മുസ്ലീം സമുദായ നേതാക്കളുടെ യോഗം വിളിച്ച് മുസ്ലീം ലീഗ്. ഇന്ന് വൈകീട്ട് ഏഴരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. അനുപാതം റദ്ദാക്കിയതിനെതിരെ സ്വീകരിക്കേണ്ട നിയമനടപടികള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇന്ന് ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.

മുസ്ലീങ്ങള്‍ക്കുള്ള ആനുകൂല്യങ്ങളില്‍ കുറവുവരുത്തരുതെന്നും ക്രൈസ്തവ വിഭാഗങ്ങള്‍ക്കായി പ്രത്യേക പദ്ധതി ആവിഷ്‌കരിക്കരിക്കണമെന്നുമാണ് നിലവില്‍ യുഡിഎഫിന്റെ നിലപാട്. ഏകീകൃത നിലപാട് രൂപീകരിക്കാനായുള്ള യുഡിഎഫ് ചര്‍ച്ചകളിലാണ് സമവായമുണ്ടായത്.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ കാരണമായെന്ന പ്രചാരണം ശക്തമാക്കി ന്യൂന പക്ഷ സ്‌കോളര്‍ഷിപ്പ് രാഷ്ട്രീയ ആയുധമാക്കാനാണ് ലീഗ് തയ്യാറെടുക്കുന്നത്. വിഷയം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുമ്പോഴും തല്‍ക്കാലം നിയമ നടപടിയുമായി മുന്നോട്ട് പോവേണ്ടതില്ലെന്ന നിലപാടാണ് ലീഗ് നേതൃത്വത്തിന് ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. സച്ചാര്‍ കമ്മിറ്റി ശുപാര്‍ശകള്‍ മുസ്ലീം സമുദായത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് ന്യൂന പക്ഷ വിഷയമായി മാറിയിട്ടുണ്ട്.

ദേശീയ ന്യൂനപക്ഷ കമീഷന്‍ ആക്ട് പ്രകാരമാണ് ന്യൂനപക്ഷത്തെ നിര്‍വചിച്ച് ഡിവിഷന്‍ ബെഞ്ച് 80:20 അനുപാതം റദ്ദാക്കിയത്. കൂടാതെ ന്യൂനപക്ഷ വകുപ്പിന് കീഴിലാണ് ആനുകൂല്യങ്ങള്‍ ഉള്‍പ്പെടുന്നതും. ഇത്തരം ആനുകൂല്യങ്ങള്‍ ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നത് ശരിയല്ലെന്ന നിലപാടിയിരുന്നു ഹൈക്കോടതി സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി ഉത്തരവിന് എതിരെ നിയമനടപടികള്‍ സ്വീകരിച്ചാല്‍ മേല്‍കോടതികള്‍ ഉള്‍പ്പെടെ സമാനമായ നിലപാട് സ്വീകരിച്ചേക്കുമെന്ന വിലയിരുത്തലാണ് മുസ്ലീം ലീഗിനുള്ളത് എന്നാണ് റിപ്പോര്‍ട്ട്. ഇതോടെയാണ് വിഷയം രാഷ്ട്രീയമായ ഉപയോഗിക്കാന്‍ നീങ്ങുന്നത്.

Next Story