Top

മൂന്നാം തവണയും കെ ടി ജലീലിന്റെ വിധി പറയാന്‍ തവനൂര്‍; കുറ്റിപ്പുറത്തിന് പകരം വീട്ടാന്‍ അവസരം തേടി ലീഗ്‌

വിജയം മുന്നില്‍ കണ്ട് കെ ടി ജലീല്‍ മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ വെല്ലുവിളിയാകാന്‍ ഒരവസരം ചോദിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്

23 Jan 2021 6:07 AM GMT

മൂന്നാം തവണയും കെ ടി ജലീലിന്റെ വിധി പറയാന്‍ തവനൂര്‍; കുറ്റിപ്പുറത്തിന് പകരം വീട്ടാന്‍ അവസരം തേടി ലീഗ്‌
X

മന്ത്രി കെ ടി ജലീലിന്റെ മണ്ഡലം ഇത്തവണ വിട്ടുതരണമെന്ന ലീഗ് ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കില്‍ വാശിയേറിയ മത്സരത്തിനായിരിക്കും തവനൂര്‍ മണ്ഡലം വേദിയാകുക. 2008 -ലെ മണ്ഡല പുനര്‍നിര്‍ണ്ണയത്തിന് ശേഷം നടന്ന 2011-ലെ ആദ്യ തെരഞ്ഞെടുപ്പിലും 2016-ലെ തെരഞ്ഞെടുപ്പിലും എല്‍ഡിഎഫ് സ്വതന്ത്രനായ കെ ടി ജലീലാണ് മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ ഇത്തവണയും വിജയം മുന്നില്‍ കണ്ട് കെ ടി ജലീല്‍ മൂന്നാമങ്കത്തിനിറങ്ങുമ്പോള്‍ വെല്ലുവിളിയാകാന്‍ ഒരവസരം ചോദിച്ചിരിക്കുകയാണ് മുസ്ലിം ലീഗ്.

മുന്‍പ് ലീഗ് കോട്ടയായിരുന്ന കുറ്റിപ്പുറത്തിന്റെ ചില ഭാഗങ്ങളുള്‍പ്പെടുന്ന മണ്ഡലമാണ് തവനൂരെങ്കിലും കഴിഞ്ഞ രണ്ട് ടേമിലും കോണ്‍ഗ്രസാണ് മണ്ഡലത്തില്‍ നിന്ന് മത്സരിച്ചത്. ഈ സാഹചര്യത്തിലാണ് ബദ്ധശത്രുവായ കെ ടി ജലീലിനെ തോല്‍പ്പിക്കാന്‍ സീറ്റ് ആവശ്യപ്പെട്ട് ലീഗ് മുന്നോട്ടുവന്നിരിക്കുന്നത്. ലീഗ് പ്രമുഖരുടെ മണ്ഡലമായിരുന്ന കുറ്റിപ്പുറത്ത് 2006-ല്‍ പി കെ കുഞ്ഞാലിക്കുട്ടിയെ കളത്തിലിറക്കിയ ലീഗിന്റെ തീരുമാനത്തിന് വലിയ തിരിച്ചടി നേരിട്ടതോടെയാണ് മണ്ഡലം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയതും ജലീല്‍-ലീഗ് ശത്രുതയ്ക്ക് തുടക്കമായതും. അന്ന് പാര്‍ട്ടിയുമായി തെറ്റിപ്പിരിഞ്ഞ് ലീഗ് വിട്ട കെ ടി ജലീല്‍ ഐസ്‌ക്രീം കേസില്‍ ആരോപണവിധേയനായിരുന്ന കുഞ്ഞാലിക്കുട്ടിക്കെതിരെ സ്ഥാനാര്‍ഥിയായാകുകയും 8781 വോട്ടുകള്‍ക്ക് വിജയിക്കുകയും ചെയ്തു.

പിന്നീട് തവനൂര്‍ മണ്ഡലം രൂപീകരിക്കപ്പെട്ടതിനുശേഷം 2011-ല്‍ കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെ 6854 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ കെ ടി ജലീല്‍ 2016 തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ ഭൂരിപക്ഷം 17064 വോട്ടുകളിലേക്ക് ഉയര്‍ത്തിയിരുന്നു. 2016-ല്‍ കോണ്‍ഗ്രസിന്റെ ഇഫ്തിഖറുദ്ദീന്‍ മാസ്റ്ററെ തോല്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ ജയം.

ഇതോടെ കുറ്റിപ്പുറത്തെ തോല്‍വിക്ക് തിരിച്ചടി നല്‍കാന്‍ ലീഗിന് പിന്നീട് അവസരം ലഭിക്കാതെപോയി. അന്ന്‌ 2006 -ല്‍ ലീഗിന് തിരിച്ചടിയായ ജലീലിനെ ഇത്തവണ തവനൂരില്‍ പരാജയപ്പെടുത്താമെന്ന് ലീഗ് കരുതുന്നു. അങ്ങനെ മണ്ഡലം ലഭിക്കുകയാണെങ്കില്‍ സ്വര്‍ണ്ണക്കടത്തടക്കമുള്ള ഗുരുതര ആരോപണങ്ങളുന്നയിച്ച് കെ ടി ജലീലിനെ അട്ടിമറിച്ച് പകരംവീട്ടാമെന്നാണ് ലീഗിന്റെ കണക്കുകൂട്ടല്‍.

സീറ്റ് ലഭിക്കുകയാണെങ്കില്‍ ഫിറോസ് കുന്നുംപറമ്പിലടക്കമുള്ള പ്രമുഖരെ ലീഗ് രംഗത്തിറക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങളുയര്‍ന്നിരുന്നു. മുന്‍പ് ലീഗിന്റെ സജീവപ്രവര്‍ത്തകനായിരുന്ന ഫിറോസ് ഇപ്പോഴും പാര്‍ട്ടി പരിപാടികളിലെ സാന്നിധ്യമാണെന്നിരിക്കെയാണ് അദ്ദേഹത്തിന്റെ പേര് സ്ഥാനാര്‍ഥി സാധ്യതകളിലേക്ക് പറയപ്പെട്ടിരുന്നത്. ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലൂടെയും പിന്നീട് അതുസംബന്ധിച്ച വിവാദങ്ങളിലൂടെയും ശ്രദ്ധേയനായ ഫിറോസ് കുന്നുംപറമ്പിലിനെ കളത്തിലിറക്കുമെന്ന ആ റിപ്പോര്‍ട്ടുകളില്‍ പക്ഷേ പിന്നീട്‌ വ്യക്തമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുന്നുംപറമ്പില്‍ കൂടാതെ പി കെ ഫിറോസിന്റെ പേരും ഇത്തരത്തില്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ മണ്ഡലം വിട്ടുകൊടുക്കുന്നതു സംബന്ധിച്ച എല്ലാ ചര്‍ച്ചകളും തള്ളുന്ന നിലപാടാണ് ഇതുവരെ ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് അടക്കമുള്ളവര്‍ നിലവില്‍ കോണ്‍ഗ്രസിന്റെ സീറ്റായ മണ്ഡലം ലീഗിന് വിട്ടുകൊടുക്കേണ്ടതില്ലെന്നാണ് ചര്‍ച്ചകളോട് പ്രതികരിച്ചത്. അത്തരം തീരുമാനങ്ങളെടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം കോണ്‍ഗ്രസ് നേതൃത്വം സീറ്റ് വിട്ടുകൊടുക്കാനുള്ള സാധ്യതകള്‍ കുറവാണ്. കഴിഞ്ഞ തവണ നിലമ്പൂരില്‍ നിന്ന് മത്സിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്തിനെ ഒരട്ടമറിക്കായി കോണ്‍ഗ്രസ് കളത്തിലിറക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ തവണ നിലമ്പൂരില്‍ അപ്രതീക്ഷിത തോല്‍വി നേരിടേണ്ടി വന്നിരുന്നെങ്കിലും ആര്യാടന്‍ ഷൗക്കത്തിന്റെ വ്യക്തിപ്രഭാവം നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഒന്നുകൂടെ പരീക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങിയേക്കും. എന്നാല്‍ ഇത്തവണയും നിലമ്പൂര്‍ തന്നെ മത്സരിക്കാനാണ് ആര്യാടന്‍ ഷൗക്കത്തിന് താല്‍പര്യമെന്നാണ് സൂചനകള്‍. യുവനേതാക്കളെയോ പുതുമുഖങ്ങളെയോ മണ്ഡലത്തില്‍ പരീക്ഷിക്കുന്നത് സംബന്ധിച്ചും കോണ്‍ഗ്രസില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ റിയാസ് മുക്കോളിയെയും അത്തരത്തില്‍ കോണ്‍ഗ്രസ് പരിഗണനയിലുണ്ടെന്നാണ് വിവരം.

അതേസമയം മണ്ഡലമാറ്റത്തെക്കുറിച്ച് സൂചനകളില്ലാത്തതിനാല്‍ ഇത്തവണയും കെ ടി ജലീല്‍ തന്നെയായിരിക്കും മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കെ ടി ജലീലിനെ മണ്ഡലത്തില്‍ നിന്ന് മാറ്റുന്നത് മണ്ഡലത്തില്‍ പ്രതികൂല സാഹചര്യം സൃഷ്ടിക്കാനുള്ള സാധ്യതയും ഇടതുമുന്നണികാണുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിലെ അനുകൂല പ്രതികരണവും മണ്ഡലത്തില്‍ ശക്തനായ ഒരു എതിരാളിയുടെ അഭാവത്തില്‍ വലിയ അട്ടിമറിക്ക് സാധ്യതയുണ്ടാക്കില്ലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പില്‍ ആറായിരത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷം മണ്ഡലത്തില്‍ പിടിക്കാന്‍ ഇടതുപക്ഷത്തിനായത് അനുകൂല സാഹചര്യമായാണ് കാണപ്പെടുന്നത്.

Next Story