Top

'എഴുതി തീർക്കാത്ത പ്രണയം'; പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് 12 വയസ്സ്

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജീവൻ കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഉള്ളിൽ തന്നെ മൊട്ടിട്ട പ്രണയവും വിരഹവുമൊക്കെയാണ്

10 Feb 2022 5:10 AM GMT
ഫിൽമി റിപ്പോർട്ടർ

എഴുതി തീർക്കാത്ത പ്രണയം; പുത്തഞ്ചേരിയുടെ ഓർമ്മകൾക്ക് 12 വയസ്സ്
X

മലയാള സിനിമയിലെ പ്രണയ കാവ്യങ്ങൾക്ക് പകരം വെക്കാനാകാത്ത അമരക്കാരൻ, ഗിരീഷ് പുത്തഞ്ചേരി. മലയാളികളുടെ മനസ്സിൽ പ്രണയവും വിരഹവും സ്നേഹവും വാത്സല്യവുമൊക്കെ ഹൃദയോത്തോടടുപ്പിക്കാൻ പുത്തഞ്ചേരിയുടെ മാന്ത്രിക വിരലുകൾക്ക് സാധിച്ചിട്ടുണ്ട്. പറഞ്ഞു തീരാതെയും, പാടി തീരാതെയും ഗിരീഷ് പുത്തഞ്ചേരി ഓർമ്മകളിലേക്ക് മറഞ്ഞിട്ട് ഇന്നേക്ക് 12 വർഷം തികയുന്നു.

ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ജീവൻ കൊടുക്കുന്നത് അദ്ദേഹത്തിന്റെ ഉള്ളിൽ തന്നെ മൊട്ടിട്ട പ്രണയവും വിരഹവുമൊക്കെയാണ്. 'ശാന്തമീ രാത്രിയിൽ...' എന്ന സൈപ്പർഹിറ്റ്‌ ഗാനം മുതൽ 'സൂര്യ കിരീടം വീണുടഞ്ഞു.., 'ആരോ വിരൽമീട്ടി..', 'ആകാശദീപങ്ങൾ സാക്ഷി..', 'നിലാവിന്റെ നീലഭസ്മക്കുറിയണിഞ്ഞവളേ...','ഒരു രാത്രികൂടെ വിടവാങ്ങവേ..' എന്നിങ്ങനെ വൈകാരികമായ നിരവധി വരികൾ പുത്തഞ്ചേരിയുടെ മാസ്മരികതയാണ്. 1961 മേയ് 1 ന് കോഴിക്കോടു ജില്ലയിലെ പുത്തഞ്ചേരിയിൽ ജ്യോതിഷം, വൈദ്യം, വ്യാകരണം തുടങ്ങിയ വിഷയങ്ങളിൽ പണ്ഡിതനായിരുന്ന പുളിക്കൂൽ കൃഷ്ണപ്പണിക്കരുടേയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടേയും മകനായാണ് അദ്ദേഹത്തിന്റെ ജനനം. 1989 ൽ യുവി രവീന്ദ്രനാഥ് സംവിധാനംചെയ്ത 'എൻക്വയറി' എന്ന ചിത്രത്തിലെ ഗാനങ്ങളെഴുതിയാണ് ചലച്ചിത്രഗാനരചനാരംഗത്തേക്ക് കടക്കുന്നത്. ആദ്യ ഗാനങ്ങൾക്ക് വലിയ ജനശ്രദ്ധ ഒന്നും നേടാൻ സാധിച്ചില്ല എങ്കിലും 1992ൽ ജയരാജ് സംവിധാനം ചെയ്ത 'ജോണിവാക്കറിലെ' 'ശാന്തമീ രാത്രിയിൽ..' എന്ന ഗാനം പ്രേക്ഷകർക്കിടയിൽ തരംഗം സൃഷ്ടിച്ചു.

344 സിനിമകളിലായി 1600ലേറെ ഗാനങ്ങൾക്ക് വേണ്ടി അദ്ദേഹം തൂലിക ചലിപ്പിച്ചു. എഴുതുന്ന ഓരോ വാക്കുകളും പ്രേക്ഷകരുടെ ഉള്ളിൽ തങ്ങി നിന്ന്. ഏഴ് തവണ സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ചലച്ചിത്ര ഗാനരചയിതാവിനുള്ള പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചു. മേലേപ്പറമ്പിൽ ആൺ‌വീട്, ഇക്കരെയാണെന്റെ മാനസം, പല്ലാവൂർ ദേവനാരായണൻ, വടക്കുംനാഥൻ, അടിവാരം, ഓരോവിളിയും കാതോർത്ത്, കേരളാ ഹൗസ് ഉടൻ വിൽപ്പനക്ക് എന്നീ ചിത്രങ്ങൾക്കു വേണ്ടി കഥയും, വടക്കുംനാഥൻ, പല്ലാവൂർ ദേവനാരായണൻ, കിന്നരിപ്പുഴയോരം ബ്രഹ്മരക്ഷസ്സ് എന്നീച്ചിത്രങ്ങൾക്ക് തിരക്കഥയും അദ്ദേഹം രചിച്ചു. 'രാമൻ പോലിസ് 'എന്നപേരിൽ മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സം‌വിധാനം ചെയ്യാൻ തീരുമാനിച്ചുവെങ്കിലും കാലം പുത്തഞ്ചേരിയുടെ യാത്രകൾക്ക് അവസാനം കുറിച്ചു. 2010 ഫെബ്രുവരി 10-ന് മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് കോഴിക്കോട്ടെ മിംസ് ആശുപത്രിയിൽ വച്ചാണ് അദ്ദേഹം വിട പറയുന്നത്.

മലയാളികൾക്കിടയിൽ ഗിരീഷ് പുത്തഞ്ചേരി സമ്മാനിച്ച വരികൾക്ക് മരണമില്ല. ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രതായത്തിന്റെ അതിരുകൾക്കുള്ളിലും അദ്ദേഹം വാക്കുകൾക്ക് വല്ലാത്തൊരു കാവ്യഭംഗിയും വശ്യതയും ഉണ്ടാക്കിത്തീർത്തു. എഴുതിയ ഭൂരിഭാഗം ഗാനങ്ങളും ഹിറ്റായിരുന്നു എന്നതും ഒരു ഗാനരചയിതാവിന്റെ മികവിന് മാറ്റുകൂട്ടുന്നതാണ്. പുത്തഞ്ചേരിക്ക് ശേഷം പാട്ടെഴുതാൻ എത്രയെത്ര രചയിതാക്കൾ വന്നിട്ടും അദ്ദേഹത്തിന്റെ വരികളുടെ ശക്തിക്ക് പകരം വെക്കാൻ സാധിച്ചിട്ടില്ല. കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനമായി.. ഗിരീഷ് പുത്തഞ്ചേരി ഇന്നും ആസ്വാദകരുടെ മനസ്സുകളിൽ ജീവിക്കുന്നു....

Next Story