Top

'ഇവരെ പോലെ മറ്റൊരു കോമ്പിനേഷൻ വേറെ ഇല്ല'; ബ്രോ ഡാഡിയിലെ 'അച്ഛൻ മകൻ' ഗാനത്തെ കുറിച്ച് പൃഥ്വിരാജും ദീപക് ദേവും

''ബ്രോ ഡാഡി എന്ന സിനിമയുടെ തിരക്കഥ ആദ്യം കേൾക്കുമ്പോൾ ഇതിലെ പാട്ടിന്റെ സാഹചര്യത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായിരുന്നില്ല''

20 Jan 2022 4:55 AM GMT
ഫിൽമി റിപ്പോർട്ടർ

ഇവരെ പോലെ മറ്റൊരു കോമ്പിനേഷൻ വേറെ ഇല്ല; ബ്രോ ഡാഡിയിലെ അച്ഛൻ മകൻ ഗാനത്തെ കുറിച്ച് പൃഥ്വിരാജും ദീപക് ദേവും
X

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം ബ്രോ ഡാഡിയുടെ ടൈറ്റിൽ സോങ് ഇന്ന് റിലീസ് ചെയ്യുകയാണ്. അച്ഛനും മകനും തമ്മിലുള്ള ഒരു സംഭാഷണമാണ് ഈ ഗാനം. മോഹൻലാലും പൃഥ്വിരാജും ചേർന്നാണ് ഗാനം ആലപിക്കുന്നത്. ഇപ്പോൾ ഗാനത്തിനെ കുറിച്ചും അതിന്റെ പിന്നണിയിലെ പ്രവർത്തങ്ങളെ കുറിച്ചും സംസാരിക്കുകയാണ് പൃഥ്വിരാജും സംഗീത സംവിധായകൻ ദീപക് ദേവും.

''ബ്രോ ഡാഡി എന്ന സിനിമയുടെ തിരക്കഥ ആദ്യം കേൾക്കുമ്പോൾ ഇതിലെ പാട്ടിന്റെ സാഹചര്യത്തെ കുറിച്ച് ഒരു ചിന്ത ഉണ്ടായിരുന്നില്ല. ഒറിജിനൽ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്ന രണ്ട് മൂന്നു സീനുകൾ മാറ്റേണ്ടി വന്നപ്പോൾ അത് എങ്ങനെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കാം എന്ന ചിന്ത വന്നപ്പോഴാണ് 'പറയാതെ വന്നെൻ..' എന്ന പാട്ടിനെ കുറിച്ച് ആലോചിക്കുന്നത്. അതുപോലെ തന്നെയാണ് ഈ ടൈറ്റിൽ സോങ്ങും. സിനിമയുടെ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞാണ് ഇതിന്റെ ടൈറ്റിൽ ഗാനം ഒരു രണ്ട് മിനിറ്റ് അനിമേഷനായി ചെയ്‌താൽ കൊള്ളാമെന്ന് ആലോചിക്കുന്നത്. ഭാഗ്യ എന്ന ഒരു അനിമേഷൻ ആർട്ടിസ്റ്റാണ് പാട്ടിന്റെ ആനിമേഷൻ ചെയ്തിരിക്കുന്നത്'' പൃഥ്വിരാജ് പറഞ്ഞു.

''അച്ഛനും മകനും തമ്മിലുള്ള ഒരു ഫ്രണ്ട്ഷിപ്പ് സോങ് ആണ് ഇത്. അതിൽ പാട്ടു പാടാൻ ആരെ വെക്കും എന്നത് ഒരു വലിയ ചോദ്യചിന്നമായിരുന്നു. പൃഥ്വിയെ എനിക്ക് കുറച്ചു വർഷമായി പരിചയമുള്ളതുകൊണ്ട് ഒരു കാര്യം ചെയ്യണമെന്ന് പറഞ്ഞാൽ അതൊഴിച്ച് ബാക്കിയെല്ലാം ചെയ്യും, അത് പറ്റില്ല എന്ന് പറയുകയും ചെയ്യും. അതുകൊണ്ട് ഞാൻ മനപൂർവ്വം എന്റെ ആഗ്രഹം അറിയിച്ചില്ല. ഇനി പൃഥ്വി തന്നെ അത് ചെയ്യാം എന്ന് പറഞ്ഞാൽ അത് വേണ്ട എന്ന് പറയാം ഇന്നലെ ചെയ്യൂ എന്നും ഞാൻ കരുതി. പൃഥ്വിയായി തന്നെയാണ് പറയുന്നത് ഞാനും ലാലേട്ടനും കൂടെ ഈ പാട്ട് പാടട്ടെ എന്ന്. അങ്ങനെയാണ് റെക്കോർഡ് ചെയ്യുന്നത്. ചെയ്തു വന്നപ്പോൾ ഇവരെ രണ്ടുപേരേക്കാളും നല്ല മറ്റൊരു കോമ്പിനേഷൻ വേറെ ഇനി ഇല്ല എന്നുതന്നെ തോന്നിപോയി.'' ദീപക് പറഞ്ഞു.

വന്നു പോകും എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുനന്ത് ഡൊ. മധു വാസുദേവനാണ്. മോഹന്‍ലാലിന്റെ മകന്റെ വേഷമാണ് ചിത്രത്തില്‍ പൃഥ്വിരാജ് ചെയ്യുന്നത്. കൂടാതെ ചിത്രത്തില്‍ മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്സ്, ജഗദീഷ്, സൗബിന്‍ എന്നിങ്ങനെ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ചിത്രം ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജനുവരി 26ന് പുറത്തിറങ്ങും.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്-ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ജൂലൈയിലാണ് 'ബ്രോ ഡാഡി' ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയിരുന്നത്. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Next Story