Top

'സർജറി വിജയിച്ചു, കൊവിഡും ഭേദമായി വരുന്നു'; ബിടിഎസ് താരം ജിമിന് ആശംസകളുമായി ആരാധകർ

"എന്റെ പ്രിയപ്പെട്ട കുടുംബം" എന്ന കുറിപ്പോടെയാണ് ബാൻഡിലെ അംഗങ്ങളെല്ലാവരുമായും നിൽക്കുന്ന ചിത്രം പങ്കുവച്ചത്.

1 Feb 2022 1:50 PM GMT
ഫിൽമി റിപ്പോർട്ടർ

സർജറി വിജയിച്ചു, കൊവിഡും ഭേദമായി വരുന്നു; ബിടിഎസ് താരം ജിമിന് ആശംസകളുമായി ആരാധകർ
X

പ്രശസ്ത കൊറിയൻ ബാൻഡായ ബിടിഎസ്സിലെ താരം ജിമിന് ആശംസകളുമായി ആരാധകർ. ശസ്ത്രക്രിയക്ക് ശേഷം ലോകത്തിന്റെ എല്ലാ കോണുകളിൽ നിന്നും ആരാധകർ ജിമിന്റെ സുഖവിവരത്തിൽ സന്തോഷം അറിയിച്ചെത്തിയിരിക്കുകയാണ്. തിങ്കളാഴ്ച ജിമിന്റെ തിരിച്ചു വരവിൽ ബിടിഎസ്സിലെ മറ്റൊരംഗമായ വി ജിമിന് ആശംസകൾ അറിയിച്ചിരുന്നു. "എന്റെ പ്രിയപ്പെട്ട കുടുംബം" എന്ന കുറിപ്പോടെയാണ് ബാൻഡിലെ അംഗങ്ങളെല്ലാവരുമായും നിൽക്കുന്ന ചിത്രം പങ്കുവച്ചത്.

അക്യൂട്ട് അപ്പെൻഡിസൈറ്റിസ് സ്ഥിരീകരിച്ചതിനെ തുടർന്ന് തിങ്കളാഴ്ചയാണ് ജിമിൻ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒപ്പം കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്. ജിമിനെക്കുറിച്ചുള്ള പുതിയ വാർത്തകൾക്കായി ബിടിഎസ് ആർമി ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

"ജനുവരി 30 ന് ഉച്ചയ്ക്ക് ജിമിന് ശാരീരിക ബുദ്ധിമുട്ടുകൾക്കൊപ്പം പെട്ടെന്ന് വയറുവേദനയും അനുഭവപ്പെട്ടു. അദ്ദേഹം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെത്തി വിശദമായ പരിശോധനയും പിസിആർ പരിശോധനയും നടത്തി. ജിമിന് അക്യൂട്ട് അപ്പെൻഡിസൈറ്റിസ് ഉണ്ടെന്ന് കണ്ടെത്തി, പരിശോധനയിൽ കോവിഡ് പോസിറ്റീവ് ആയിരുന്നു. ജനുവരി 31 തിങ്കളാഴ്ച പുലർച്ചെ ഡോക്ടറുടെ ഉപദേശപ്രകാരം അദ്ദേഹം ശസ്ത്രക്രിയയ്ക്ക് വിധേയനായി'' എന്നായിരുന്നു ബിഗ് ഹിറ്റ് പുറത്തിറക്കിയ പ്രസ്താവന.

തുടർന്ന് ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ജിമിൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണെന്നും വേഗത്തിൽ സുഖം പ്രാപിച്ചുവരികയാണെന്നും പ്രസ്താവനയിൽ പറയുന്നു. ബിടിഎസ്സിലെ മുഴുവൻ അംഗങ്ങളുടെയും ആരോഗ്യത്തിന് കമ്പനി മുൻ‌ഗണന നൽകുന്നുവെന്നും ജിമിനെ വേഗത്തിൽ സുഖപ്പെടുത്താൻ സഹായിക്കുന്നതിന് തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നും പരാമർശിച്ചുകൊണ്ടാണ് പ്രസ്താവന അവസാനിപ്പിച്ചത്.

Next Story