Top

'ബപ്പി ലഹിരിയ്ക്കായി പാട്ട് പാടിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല'; വേദന പങ്കുവെച്ച് ബിജു നാരായണൻ

സംഗീതജ്ഞരിൽ ഏറ്റവും അധികം സ്വർണ്ണം ധരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ ഗോൾഡ് ആണ് എന്റെ ഭാഗ്യത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

16 Feb 2022 6:37 AM GMT
ഫിൽമി റിപ്പോർട്ടർ

ബപ്പി ലഹിരിയ്ക്കായി പാട്ട് പാടിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല; വേദന പങ്കുവെച്ച് ബിജു നാരായണൻ
X

ഇന്ത്യൻ സിനിമയ്ക്ക് ഡിസ്കോ ഗാനശൈലി പരിചയപ്പെടുത്തിയായ സംഗീത സംവിധായകൻ ബപ്പി ലഹിരിയുടെ വിയോഗത്തിന്റെ വേദന പങ്കുവെച്ച് ഗായകൻ ബിജു നാരായണൻ. അദ്ദേഹത്തിന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇന്നും ഗാനമേള സ്റ്റേജുകളിൽ പാടുന്നുണ്ട്. നിരവധി തകർപ്പൻ ഗാനങ്ങൾ ഒരുക്കിയ അദ്ദേഹം തന്നെയാണ് 'കഭി അൽവിദാ നാ കെഹാന' എന്ന മെലഡിയും ഒരുക്കിയത് എന്നത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്നും ബിജു നാരായണൻ പറഞ്ഞു.

ബപ്പി ലഹിരി മലയാളത്തിൽ ഒരുക്കിയ 'ഗുഡ് ബോയ്സ്' എന്ന ചിത്രത്തിലെ ഗാനം താൻ ആലപിച്ചിരുന്നു. എന്നാൽ അദ്ദേഹത്തെ നേരിൽ കാണാൻ സാധിച്ചില്ല. അതിൽ വേദനയുണ്ടെന്ന് ബിജു നാരായണൻ പറഞ്ഞു. റിപ്പോർട്ടർ ടിവിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ബിജു നാരായണന്റെ വാക്കുകൾ:

ബപ്പി ലഹിരിയുടെ വിയോഗത്തിൽ അനുശോചനം അറിയിക്കുന്നു. 1980കളാണ് അദ്ദേഹത്തിന്റെ ഒരു യഥാർത്ഥ സമയം എന്ന് വിളിക്കാവുന്ന കാലം. ആ സമയം വരെ നമ്മൾ കേട്ടുകൊണ്ടിരുന്ന ഹിന്ദി ഗാനങ്ങളിൽ നിന്നും വ്യത്യസ്തമായി ഡിസ്കോ ശൈലിയിൽ അദ്ദേഹം ഗാനങ്ങൾ ഒരുക്കി. ഇന്ത്യൻ സിനിമയിൽ അത് കൊണ്ടുവന്നത് തന്നെ ബപ്പി ലഹിരി സാറാണ്. അദ്ദേഹത്തിന്റെ നിരവധി ഹിറ്റുകൾ ഇന്നും ഗാനമേള സ്റ്റേജുകളിൽ ലൈവ് ആയി നിൽക്കുന്നതാണ്. അതോടൊപ്പം കിഷോർ കുമാറിന്റെ 'ചൽത്തെ ചൽത്തെ'യും ഇദ്ദേഹം ചെയ്തത് ആണ് എന്നത് നമ്മളെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ഒരുപിടി നല്ല മെലഡി ഗാനങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

അദ്ദേഹം പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യമാണ് ഇംഗ്ലീഷിൽ ഒരു പ്രശസ്ത ഗായകനുണ്ട് എൽവിസ് പ്രെസ്ലി. പ്രെസ്ലിയുടെ ഇമേജ് കണ്ടിട്ട് ബപ്പി ലഹിരി സാർ തന്റെ കംപോസിങ്ങിലും പാടുന്ന ശൈലിയിലും അപ്പിയറൻസിലും മാറ്റങ്ങൾ വരുത്തി. നമുക്ക് അറിയാം അദ്ദേഹം ഒരുപാട് ഗോൾഡ് ഇടുന്ന ആളാണ്. സംഗീതജ്ഞരിൽ ഏറ്റവും അധികം സ്വർണ്ണം ധരിക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഈ ഗോൾഡ് ആണ് എന്റെ ഭാഗ്യത്തിന് കാരണം എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

അദ്ദേഹം മലയാളത്തിൽ സംഗീതം ഒരുക്കിയ 'ഗുഡ് ബോയ്സി'ൽ ഞാനും ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എനിക്ക് എപ്പോഴും അത്ഭുതമാണ് ആ ചിത്രത്തിൽ എങ്ങനെ അദ്ദേഹം എത്തിയെന്ന്. അദ്ദേഹത്തെ പോലൊരു എക്സ്പെൻസിവ് സംഗീത സംവിധായകനെ നമ്മുടെ ഇന്ഡസ്ട്രിയ്ക്ക് താങ്ങാൻ പറ്റില്ല. എനിക്ക് സങ്കടമുള്ള ഒരു കാര്യം അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ആണ് ഗാനത്തിന് ഒപ്പമുണ്ടായിരുന്നത്. അദ്ദേഹത്തിന് വേണ്ടി ഒരു പാട്ട് പാടിയെങ്കിലും അദ്ദേഹത്തെ കാണാൻ സാധിച്ചില്ല എന്ന സങ്കടമുണ്ട്.

story highlights: singer biju narayanan shares his grief over the demise of music director bappi lahiri

Next Story