Top

'ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണിത്'; 'പത്തൊമ്പതാം നൂറ്റാണ്ടി'ലെ ആദ്യ ഗാനമെത്തി

'പൂതം വരുന്നേടി' എന്ന ഗാനം സയനോരയാണ് പാടിയിരിക്കുന്നത്.

23 Aug 2022 2:43 PM GMT
ഫിൽമി റിപ്പോർട്ടർ

ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണിത്; പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യ ഗാനമെത്തി
X

വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പത്തൊമ്പതാം നൂറ്റാണ്ടിലെ ആദ്യഗാനം റിലീസ് ചെയ്തു. 'പൂതം വരുന്നേടി' എന്ന ഗാനം സയനോരയാണ് പാടിയിരിക്കുന്നത്. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് എം ജയചന്ദ്രനാണ് സംഗീതം ഒരുക്കിയത്. വിനയൻ ഗാനം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

'പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ സോംഗ് റിലീസ് ചെയ്യുകയാണ്. അതിന്റെ ലിങ്ക് ആണ് ഇവിടെ പോസ്റ്റ് ചെയ്യുന്നത്. ഈ സിനിമയിൽ എം ജയചന്ദ്രനും റഫീക്ക് അഹമ്മദും ചേർന്നൊരുക്കിയ നാല് പാട്ടുകളുണ്ട്. മറ്റു പാട്ടുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയിലാണ് ജയചന്ദ്രൻ "പൂതം വരുന്നേടി" എന്ന ഗാനം ഒരുക്കിയിരിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ക്ഷേത്രത്തിൽ പോകാനോ ഈശ്വരനെ ആരാധിക്കാനോ അനുവാദമില്ലാത്ത അധസ്ഥിത വർഗ്ഗത്തിന് അവരുടെ ആരാധനാ മൂർത്തിയായ പൂതത്തിന്റെ മുന്നിൽ തുള്ളാനും പ്രാർത്ഥിക്കാനുമുള്ള അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ ഗാനം ഒരു കാലഘട്ടത്തിന്റെ ഉണർത്തുപാട്ടാണ്', വിനയൻ കുറിച്ചു.

'പത്തൊമ്പതാം നൂറ്റാണ്ട്' സെപ്റ്റംബര്‍ എട്ട് തിരുവോണ ദിനത്തില്‍ തിയേറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ റിലീസ് ആയാണ് ചിത്രം എത്തുക. സാമൂഹിക പരിഷ്‌കര്‍ത്താവായിരുന്ന ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ ജീവിതമാണ് സിനിമയുടെ പ്രമേയം. വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വേഷമിടുന്ന ചിത്രത്തില്‍ വന്‍ താരനിയാണുള്ളത്. വിനയന്‍ തന്നെ തിരക്കഥയെഴുതിയ പത്തൊമ്പതാം നൂറ്റാണ്ട് നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ്.

കയാദു ലോഹര്‍ ആണ് നായിക. അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, സുദേവ് നായര്‍, വിഷ്ണു വിനയന്‍, സുരേഷ് കൃഷ്ണ, സുധീര്‍ കരമന, ദീപ്തി സതി, സെന്തില്‍, മണികണ്ഠന്‍ ആചാരി, പൂനം ബാജുവ, ടിനി ടോം തുടങ്ങിയവര്‍ക്കൊപ്പം നിര്‍മ്മാതാവ് ഗോകുലം ഗോപാലനും വളരെ ശ്രദ്ധേയമായ വേഷം ചെയ്യുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയത് തമിഴിലെ പ്രശ്‌സ്ത സംഗീതജ്ഞന്‍ സന്തോഷ് നാരായണനാണ്.

story highlights: pathonpatham nootandu movie first song released

Next Story