പൂരപ്പാട്ടിന് കാഴ്ച്ചക്കാർ ഒരു കോടി; 'ഒള്ളുള്ളേരു' ഞെഞ്ചിലേറ്റി ആരാധകർ
ക്രിസ്തുമസ് ആഘോഷങ്ങൾക്കും സ്കൂൾ കോളേജുകളിലും പാട്ടു തരംഗമായി മാറിയിരിക്കുകയാണ്
3 Jan 2022 7:22 AM GMT
ഫിൽമി റിപ്പോർട്ടർ

ടിനു പാപ്പച്ചൻ ചെമ്പൻ വിനോദ് ആന്റണി വർഗ്ഗീസ് കൂട്ടുകെട്ടിലുള്ള 'അജഗജാന്തരം' തിയേറ്ററുകളിൽ ഉത്സവാന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. സിനിമ റീലീസിനു മുൻപ് വന്ന ട്രെയ്‌ലറുകളും പാട്ടുകളും ഒക്കെയും പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ഇപ്പോൾ ചിത്രത്തിലെ സൂപ്പർ ഹിറ്റ് പൂരപ്പാട്ടായ 'ഒള്ളുള്ളേരു' എന്ന ഗാനത്തിന് ഒരു കോടി കാഴ്ച്ചക്കാർ കഴിഞ്ഞിരിക്കുന്നു. ക്രിസ്തുമസ് ആഘോഷങ്ങൾക്കും സ്കൂൾ കോളേജുകളിലും പാട്ടു തരംഗമായി മാറിയിരിക്കുകയാണ്. പാട്ടിന്റെ വിജയം പങ്കുവച്ച് ആന്റണി വർഗീസും സോഷ്യൽ മീഡിയയിൽ എത്തി.
"ആൾക്കൂട്ടങ്ങളും, ക്യാമ്പസുകളും, തിയെറ്ററുകളും കടന്ന് 'ഒള്ളുള്ളേരു' ആഘോഷങ്ങളുടെ ഭാഗമാകുന്നു! ഗാനത്തിന് ഒരുകോടി യുട്യൂബ് കാഴ്ചക്കാർ!" ആന്റണി വർഗീസ് കുറിച്ചു. ഒരു കല്യാണവീടിന്റെ പശ്ചാത്തലത്തിൽ ചടുലമായ നൃത്തവുമായി ആഘോഷിക്കുന്ന വധൂവരന്മാരും ആന്റണി പെപ്പയെയുമാണ് ഗാനരംഗത്തിൽ പ്രധാനമായും കാണിക്കുന്നതെങ്കിലും ഉത്സവപറമ്പിലെ മേളകാഴ്ചകളും ഒപ്പം മറ്റൊരു കൂട്ടം സുഹൃത്തുക്കളുടെ ആഘോഷവും കാണിക്കുന്നുണ്ട്. ആന്റണി പെപ്പെയോടൊപ്പം സാബു മോൻ, ടിറ്റോ വിൽസൺ, സിനോജ് വർഗീസ്, കിച്ചു ടെല്ലസ്, വിജിലേഷ് തുടങ്ങിയവരും ഗാനരംഗത്തുണ്ട്.
ആവിഷ്‌കാരത്തിലെ വ്യത്യസ്തതയോടൊപ്പം മാവിലൻ എന്ന ട്രൈബൽ കമ്മ്യൂണിറ്റിയുടെ നാടൻ പാട്ടിനോടൊപ്പമുള്ള ട്രാൻസ് താളമാണ് ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നത്. 'ഒള്ളുള്ളേരു' എന്ന നാടൻ പാട്ടിനെ ട്രാൻസ് താളത്തിനൊപ്പം ഇഴകി ചേർത്തത് സംഗീത സംവിധായകനായ ജസ്റ്റിൻ വർഗീസാണ്.