Top

നഗ്ന ചിത്രം ഉപയോഗിച്ചതായ പരാതി; 'നിർവാണ'യ്ക്കെതിരായ കേസ് തള്ളി കോടതി

നാല് മാസം പ്രായമുള്ള ചിത്രം ‘കുട്ടികളുടെ അശ്ലീല ചിത്രീകരണ‘മായി ആരോപിച്ചുള്ളതായിരുന്നു പരാതി.

5 Sep 2022 8:27 AM GMT
ഫിൽമി റിപ്പോർട്ടർ

നഗ്ന ചിത്രം ഉപയോഗിച്ചതായ പരാതി; നിർവാണയ്ക്കെതിരായ കേസ് തള്ളി കോടതി
X

അമേരിക്കൻ റോക്ക് ബാൻഡായ 'നിർവാണ'യ്ക്കെതിരായ കേസ് തള്ളി കോടതി. ബാൻഡിന്റെ 'നെവർമൈന്റ്' എന്ന ആൽബം കവറിനായി തന്റെ നഗ്ന ചിത്രം ഉപയോഗിച്ചു എന്ന് കാണിച്ച് സ്പെൻസർ ഏഡൻ എന്ന വ്യക്തി നൽകിയ കേസിൽ ആണ് കോടതി വിധി. നാല് മാസം പ്രായമുള്ള ചിത്രം 'കുട്ടികളുടെ അശ്ലീല ചിത്രീകരണ'മായി ആരോപിച്ചുള്ളതായിരുന്നു പരാതി. 1991ൽ പുറത്തിറങ്ങിയതാണ് ആൽബം.

കവറിനേക്കുറിച്ച് അറിഞ്ഞ് ഏകദേശം പത്ത് വർഷം കഴിഞ്ഞാണ് പരാതി നൽകിയത്. ലൈംഗീക ചൂഷണം അവകാശപ്പെടാൻ വളരെ കാലം കാത്തിരുന്നു എന്നും കോടതി നിരീക്ഷിച്ചു. നിർവാണ അംഗങ്ങളായ ഡേവ് ഗ്രോൾ, ക്രിസ്റ്റ് നോവോസെലിക്, അന്തരിച്ച ഗായകൻ കുർട്ട് കോബെയ്ന്റെ പങ്കാളിയായിരുന്ന കോർട്ട്നി ലവ്, ഫോട്ടോഗ്രാഫർ കിർക് വെഡിൽ എന്നിവരെ പ്രതിചേർത്തുള്ളതായിരുന്നു പരാതി. 2021 ആഗസ്റ്റിൽ ആരംഭിച്ച കേസിനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. യുഎസ് ഡിസ്ട്രിക്ട് കോടതിയുടേതായിരുന്നു വിധി.

1991 ൽ കാലിഫോർണിയയിലെ പസഡെന അക്വാട്ടിക് സെൻ്ററിൽ വച്ച് വെഡിൽ എടുത്ത ചിത്രം നിർവാണ ഉപയോഗിക്കുകയായിരുന്നു. ഒരു മീൻ ചൂണ്ടയിൽ കൊളുത്തിയ ഡോളറിന് നേരെ നീന്തി വരുന്ന കുട്ടിയായിരുന്നു ചിത്രത്തിൽ. 2003ൽ പന്ത്രണ്ടാം വയസിൽ റോളിംഗ് സ്റ്റോൺ മാഗസിൻ ഫോട്ടോയേക്കുറിച്ച് ഏഡനുമായി നടത്തിയ അഭിമുഖത്തിൽ 'ചിലപ്പോൾ അതിൽ നിന്നും കുറച്ച് പണം ലഭിക്കുമായിരിക്കും' എന്ന് ഏഡൻ പറഞ്ഞിരുന്നു. 2016ൽ പ്രായപൂർത്തിയായ ശേഷം നെഞ്ചിൽ ഇതേ ചിത്രം പച്ച കുത്തുകയും ചെയ്തു.

Story highlights: Nirvana wins lawsuit over naked baby on Nevermind album cover

Next Story