ഗായകന്‍ പൃഥ്വിരാജ്; 'ഹൃദയ'ത്തിലെ പുതിയ ഗാനം
സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിത്.
7 Jan 2022 12:47 PM GMT
ഫിൽമി റിപ്പോർട്ടർ

പ്രണവ് മോഹന്‍ലാല്‍ ചിത്രം 'ഹൃദയ'ത്തിലെ പുതിയ ഗാനം പുറത്തുവിട്ടു. 'താരം തെളിഞ്ഞു' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പൃഥ്വിരാജാണ്. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് ഷോം അബുദുള്‍ വഹാബാണ്. ക്യാമ്പസും ഹോസ്റ്റല്‍ ലൈഫുമാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്.സിനിമയില്‍ ആകെയുള്ള പതിനഞ്ച് ഗാനങ്ങളില്‍ അഞ്ചാമത്തെ ഗാനമാണിത്.
പ്രണവ് മോഹന്‍ലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രണവ് മോഹന്‍ലാലിനൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു. സെറ്റില്‍ നേരത്തെ എത്തുകയും, ഡയലോഗുകള്‍ എല്ലാം നേരത്തെ നോക്കി വ്യക്തമായി പഠിച്ച് വരുകയും ചെയ്യുമെന്നാണ് വിനീത് ശ്രീനിവാസന്‍ പ്രണവിനെ കുറിച്ച് പറഞ്ഞത്.
ചിത്രത്തില്‍ കല്ല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ദര്‍ശന വളരെ സ്വാഭാവികമായാണ് അഭിനയിക്കുന്നത്. ഇത്തരത്തിലുള്ള അഭിനേതാക്കള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ വളരെ എളുപ്പമാണെന്നും വിനീത് വ്യക്തമാക്കിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്ക് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തില്‍ പറഞ്ഞിരുന്നു.