Top

ഫാന്റസിയും ടൈം ട്രാവലും അൽപ്പം കാത്തിരിപ്പും; 'രാധേ രാധേ വസന്തരാധേ'; 'മഹാവീര്യറി'ലെ ആദ്യഗാനം

വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

15 April 2022 3:42 PM GMT
ഫിൽമി റിപ്പോർട്ടർ

ഫാന്റസിയും ടൈം ട്രാവലും അൽപ്പം കാത്തിരിപ്പും; രാധേ രാധേ വസന്തരാധേ; മഹാവീര്യറിലെ ആദ്യഗാനം
X

നിവിന്‍ പോളിയേയും ആസിഫ് അലിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന മഹാവീര്യറിലെ ആദ്യഗാനം പുറത്തുവിട്ടു. രാധേ രാധേ വസന്തരാധേ എന്ന ഗാനത്തിന്റെ ലിറിക്ക് വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. വിദ്യാധരന്‍ മാസ്റ്ററും ജീവന്‍ പത്മകുമാറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഇഷാന്‍ ചബ്രയാണ് സംഗീതം നല്‍കിയിരിക്കുന്നത്.


പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍റെ കഥയെ ആസ്പദമാക്കിയാണ് എബ്രിഡ് ഷൈന്‍ തിരക്കഥയൊരുക്കിയിരിക്കുന്നത്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് നിര്‍മ്മാണം. ലാൽ, ലാലു അലക്സ്, സിദ്ദിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്നു.

വലിയ ക്യാൻവാസിൽ ചിത്രീകരിച്ചിരിക്കുന്ന ഈ ചലച്ചിത്രം പുതിയ കാഴ്ചകൾ സമ്മാനിക്കുന്ന കാമ്പുള്ള ഒന്നായിരിക്കും എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നു. വര്‍ഷങ്ങൾക്കു ശേഷമാണ് നിവിന്‍ പോളിയും ആസിഫ് അലിയും ഒരുമിച്ച് അഭിനയിക്കുന്നത്. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം മൂന്നാം തവണ നിവിന്‍ പോളിയും എബ്രിഡ് ഷൈനും ഒന്നിക്കുന്ന ചിത്രവുമാണ് മഹാവീര്യര്‍. രാജസ്ഥാനിലും കേരളത്തിലുമായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കൊവിഡ് മഹാമാരിക്കിടെ ഒട്ടേറെ വെല്ലുവിളികള്‍ നേരിട്ടാണ് വലിയ ബജറ്റില്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്.

സംസ്ഥാന അവാർഡ് ജേതാവ് ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു. ചിത്ര സംയോജനം മനോജ്‌, ശബ്ദ മിശ്രണം വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം ചന്ദ്രകാന്ത്, മെൽവി ജെ, ചമയം ലിബിൻ മോഹനൻ, മുഖ്യ സഹ സംവിധാനം ബേബി പണിക്കർ.

story highlights: mahaveeryar movie song lyrical video out

Next Story