Top

'അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി' ; ഗായിക ചിന്മയിയുടെ അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം

ഈ അടുത്താണ് ചിന്മയി തൻ്റെ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയത്.

25 Jun 2022 1:58 AM GMT
ഫിൽമി റിപ്പോർട്ടർ

അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി ; ഗായിക ചിന്മയിയുടെ അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം
X

ചില പോളിസികളുടെ പേരിൽ ഗായിക ചിന്മയി ശ്രീപദയുടെ അക്കൗണ്ട് പൂട്ടി ഇൻസ്റ്റഗ്രാം. തന്റെ 'ബാക്ക്അപ്പ്' അക്കൗണ്ടിലൂടെ ചിന്മയി തന്നെയാണ് ആരാധകർക്കായി വിവരം പങ്കുവച്ചത്.

"അവസാനം ഇൻസ്റ്റഗ്രാം എന്റെ യതാർത്ഥ അക്കൗണ്ട് നീക്കം ചെയ്തു. അധിക്ഷേപിക്കുന്നവരെ നിലനിർത്തിക്കൊണ്ട് ശബ്ദമുയർത്തുന്നവരെ ഒഴിവാക്കി." ചിന്മയി എഴുതി.

പുരുഷന്മാർ തങ്ങളുടെ ലിംഗത്തിന്റെ ചിത്രങ്ങൾ ഡിഎമ്മുകളിൽ അയക്കുന്നത് പരാതിപ്പെട്ട തന്റെ അക്കൗണ്ട് ഇൻസ്റ്റഗ്രാം നീക്കം ചെയ്തതായി അവർ വെളിപ്പെടുത്തി. തനിക്ക് വരുന്ന ഡിഎമ്മുകൾ ബ്ലോക്ക് ചെയ്യപ്പെട്ടതായി ശ്രദ്ധയിൽപ്പെട്ട ചിന്മയി ഒരു ബാക്ക്അപ്പ് അക്കൗണ്ട് സൃഷ്ടിച്ച് അതിൽ പോസ്റ്റുകൾ ചെയ്ത് തുടങ്ങിയിരുന്നു. " ഈ സമൂഹ മാധ്യമങ്ങൾ പ്രത്യക്ഷത്തിൽ വ്യത്യസ്തമായി പ്രവർത്തിക്കുകയും, നയങ്ങളുടെ പേരിൽ ആശ്ചര്യപ്പെടുത്തുന്ന നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നു. ഡിഎമ്മുകളിൽ എനിക്ക് ചില പുരുഷന്മാർ അവരുടെ ലിംഗത്തിന്റെ ചിത്രങ്ങൾ അയക്കുന്നത് റിപ്പോർട്ട് ചെയ്ത എന്റെ അക്കൗണ്ട് ഇൻസ്റ്റഗ്രാം നീക്കം ചെയ്തു. കുറച്ച് കാലമായി റിപ്പോർട്ടിങ് നടക്കുന്നുണ്ട്. ഇപ്പോൾ എന്നെ അക്കൗണ്ട് ഉപയോഗിക്കുന്നതിൽ നിന്ന് തടഞ്ഞിരിക്കുന്നു. എന്തായാലും, ഇതാണ് എന്റെ ബാക്ക്അപ്പ് അക്കൗണ്ട്," ചിന്മയി എഴുതി.

#മീടൂ പ്രസ്ഥാനത്തിനായി സംസാരിക്കുകയും, തമിഴ് സിനിമയിലെ ചില പ്രമുഖരുടെ പേരുകൾ തുറന്ന് പറയുകയും ചെയ്തത് മുതൽ സമൂഹ മാധ്യമങ്ങളിൽ ചിന്മയി വളരെ അധികം അധിക്ഷേപങ്ങൾക്ക് വിധേയമായിട്ടുണ്ട്. അതേ സമയം വലിയൊരു വിഭാഗം വിഷയത്തിൽ ഗായികയെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു.

Story highlights: Instagram suspends singer Chinmayi Sripadas account

Next Story