'ഒണക്ക മുന്തിരിയ്ക്ക്' നാല് മില്യൺ, ട്രെൻഡിങ്ങിൽ ഒന്നാമത്; നന്ദി അറിയിച്ച് വിനീത് ശ്രീനിവാസൻ
ഗാനം റിലീസ് ചെയ്ത് 10 ദിവസം പിന്നിട്ടിട്ടും യൂട്യൂബിൽ ട്രെൻഡിങ് നമ്പർ ഒന്നിലാണ് 'ഒണക്ക മുന്തിരി'യുടെ സ്ഥാനം
3 Jan 2022 4:16 AM GMT
ഫിൽമി റിപ്പോർട്ടർ

വിനീത് ശ്രീനിവാസൻ ചിത്രം 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനമാണ് 'ഉണക്കമുന്തിരി' എന്നു തുടങ്ങുന്ന പാട്ട്. വിനീത് ശ്രീനിവാസന്റെ വരികൾക്ക് ദിവ്യ വിനീത് പാടിയ ഗാനം വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ചിരുന്നു. ആകർഷകമായ വരികൾ കൊണ്ടും ആലാപന രീതി കൊണ്ടും ഹിറ്റായ ഗാനം ഇപ്പോൾ നാല് മില്യൺ കാഴ്ചക്കാർ കടന്നിരിക്കുകയാണ്. ഗാനം ഏറ്റെടുത്തതിന് പ്രേക്ഷകർക്ക് വിനീത് ശ്രീനിവാസൻ സോഷ്യൽ മീഡിയയിലൂടെ നന്ദിയും അറിയിച്ചു.
ഗാനം റിലീസ് ചെയ്ത് 10 ദിവസം പിന്നിട്ടിട്ടും യൂട്യൂബിൽ ട്രെൻഡിങ് നമ്പർ ഒന്നിലാണ് 'ഒണക്ക മുന്തിരി'യുടെ സ്ഥാനം. പാട്ടിന് നിരവധി മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്, വീണ്ടും വീണ്ടും പാട് കേട്ട് ആസ്വദിക്കുന്നു എന്നും, മലയാളത്തിൽ ഇന്ന് വരെ കേൾക്കാത്ത ഒരു സ്റ്റൈൽ പാട്ട് എന്നിങ്ങനെയാണ് പ്രേക്ഷക പ്രതികരണങ്ങൾ. ഹെഷാം അബ്ദുൾ വഹാബാണ് സംഗീതം പകർന്നിരിക്കുന്നത്. പ്രണവും കല്യാണി പ്രിയദർശനുമാണ് ഗാനരംഗങ്ങളിലുള്ളത്. 15 പാട്ടുകളാണ് ചിത്രത്തിൽ ആകെയുള്ളത്.
പ്രണവ് മോഹൻലാലിന്റെ മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ഒരു സംവിധായകൻ എന്ന നിലയിൽ പ്രണവ് മോഹൻലാലിനൊപ്പം സിനിമ ചെയ്യാൻ വളരെ എളുപ്പമായിരുന്നു എന്ന വിനീത് നേരത്തെ പറഞ്ഞിരുന്നു.
ചിത്രത്തിൽ കല്ല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളാണ്. ഹൃദയത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് വിനീതിന്റെയും ഭാര്യ ദിവ്യയുടെയും ജീവിതവുമായി ബന്ധപ്പെടുത്തിയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം പറയുന്നത് അവരുടെ ജീവിതമല്ലെന്നും മറിച്ച് തങ്ങളുടെ കോളേജ് സമയത്തുള്ള ചില നിമിഷങ്ങളും, അനുഭവങ്ങളും ചിത്രത്തിലുണ്ടെന്നും വിനീത് അഭിമുഖത്തിൽ പറഞ്ഞിരുന്നു.