Top

'ഉണർന്നിരിക്കുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാനാകില്ല'; സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്ന് അറിവ്

എന്റെ പൂർവ്വികരുടെ ശ്വാസം, അവരുടെ വേദന, അവരുടെ ജീവിതം, സ്നേഹം, അവരുടെ ചെറുത്തുനിൽപ്പ്, അവരുടെ അസ്തിത്വം എല്ലാം പേറുന്ന ഗാനം.

1 Aug 2022 12:03 PM GMT
ഫിൽമി റിപ്പോർട്ടർ

ഉണർന്നിരിക്കുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാനാകില്ല; സത്യം എല്ലായ്‌പ്പോഴും വിജയിക്കുമെന്ന് അറിവ്
X

ഏറെ പ്രചാരമുള്ള തമിഴ് ഗാനം 'എൻജോയ് എൻജാമി'യിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന സ്വതന്ത്ര ഗായകനും എഴുത്തുകാരനും റാപ്പറുമാണ് അറിവരശ് കലൈനേശൻ. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഉദ്ഘാടന ചടങ്ങിൽ ഡീ, എൻജോയ് എൻജാമി തത്സമയം അവതരിപ്പിച്ചിരുന്നു, എന്നാൽ അറിവിനെ ക്ഷണമുണ്ടായിരുന്നില്ല. വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് അറിവ്.

"ഞാൻ 'കമ്പോസ് ചെയ്ത്', 'എഴുതി', 'പാടി', 'അവതരിപ്പിച്ച', എൻജോയ് എൻജാമി ആസ്വദിക്കൂ. ഇതെഴുതാൻ ആരും എനിക്ക് ട്യൂണും മെലഡിയും വാക്കുകളും തന്നില്ല. ഇന്ന് കാണുന്ന എല്ലാത്തിനുമായി ഏകദേശം 6 മാസത്തോളമുള്ള ഉറക്കമില്ലാത്ത പിരിമുറുക്കമുള്ള രാത്രികളും പകലുകളും ഞാൻ ചെലവിട്ടു. ഇതൊരു മികച്ച ടീം വർക്കാണെന്നതിൽ സംശയമില്ല. അത് എല്ലാവരേയും ഒരുമിച്ച് നിർത്തുമെന്നതിലും സംശയമില്ല. പക്ഷേ, അത് വള്ളിയമ്മാളിന്റെയോ ഭൂരഹിതരായ തേയിലത്തോട്ടത്തിലെ എന്റെ പൂർവ്വികരുടെയോ ചരിത്രമല്ലെന്ന് അർത്ഥമാക്കുന്നില്ല. എന്റെ ഓരോ പാട്ടിലും തലമുറകളുടെ അടിച്ചമർത്തലിന്റെ പാടുകൾ ഉണ്ടാകും.

ഇത് പോലെ, ഈ നാട്ടിൽ 10000 നാടൻ പാട്ടുകളുണ്ട്. എന്റെ പൂർവ്വികരുടെ ശ്വാസം, അവരുടെ വേദന, അവരുടെ ജീവിതം, സ്നേഹം, അവരുടെ ചെറുത്തുനിൽപ്പ്, അവരുടെ അസ്തിത്വം എല്ലാം പേറുന്ന ഗാനങ്ങൾ. രക്തവും വിയർപ്പും കലർന്ന വിമോചന കലകളുടെ ഈണങ്ങളായി മാറിയ ഒരു തലമുറയാണ് ഞങ്ങൾ. പാട്ടുകളിലൂടെ ഞങ്ങൾ പൈതൃകം വഹിക്കുന്നു. നിങ്ങൾ ഉറങ്ങുമ്പോൾ ആർക്കും നിങ്ങളുടെ നിധി തട്ടിയെടുക്കാം. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഒരിക്കലും അതിന് കഴിയില്ല. ജയ് ഭീം. സത്യം എല്ലായ്‌പ്പോഴും വിജയിക്കും." അറിവ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.

സ്വതന്ത്ര സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന എ ആർ റഹ്മാന്റെ മ്യൂസിക് ലേബൽ മജ്ജയുടെ പിന്തുണയോടെ സംഗീതസംവിധായകൻ സന്തോഷ് നാരായണൻ ആയിരുന്നു ഗാനത്തിന്റെ നിർമ്മാണം. യൂട്യൂബിൽ 42 കോടിയിലധികം കാഴ്ചക്കാരുള്ള എൻജോയ് എൻജാമി അറിവും ഡീയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്.

Story highlights: Enjoy Enjaami rapper Arivu reacts to not being invited with Dhee to perform song

Next Story