Top

'എന്‍ജോയ് എന്‍ജാമി'യു'ടെ അവകാശം മൂന്ന് പേര്‍ക്കും തുല്യം; വിവാദത്തില്‍ ധീ

ചെസ്സ് ഒളിമ്പ്യാഡില്‍ ധീ ഗാനം ആലപിച്ചപ്പോള്‍ അറിവിന്റെ പേര് പരാമര്‍ശിച്ചുവെന്ന് ധീ

2 Aug 2022 8:52 AM GMT
ഫിൽമി റിപ്പോർട്ടർ

എന്‍ജോയ് എന്‍ജാമിയുടെ അവകാശം മൂന്ന് പേര്‍ക്കും തുല്യം; വിവാദത്തില്‍ ധീ
X

'എന്‍ജോയ് എന്‍ജാമി'യുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങില്‍ നടക്കുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് ഗായിക ധീ എന്ന ധീക്ഷിത വെങ്കിടേശന്‍. എന്‍ജോയി എന്‍ജാമി പൂര്‍ണ്ണമായും തന്റെ സൃഷ്ടിയാണെന്ന് അവകാശപ്പെട്ട് ഗായകന്‍ അറിവ് രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് തന്റെ പങ്ക് വെളിപ്പെടുത്തി നിര്‍മ്മാതാവ് സന്തോഷ് നാരായണന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ധീയും എത്തിയിരിക്കുന്നത്.

പാട്ടിന്റെ എല്ലാ ഉടമസ്ഥാവകാശവും തങ്ങള്‍ മൂന്നുപേരും തുല്യമായി പങ്കിടുന്നുവെന്ന് ധീ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അറിവിന്റെ ശബ്ദം ഏറ്റവും ഉച്ചത്തില്‍ കേള്‍ക്കണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നത്. അറിവിന് പറയാനുള്ളത് പ്രധാനപ്പെട്ടതാണെന്നും അത് എല്ലാവരും കേള്‍ക്കേണ്ടതാണെന്നും ഞാന്‍ വിശ്വസിക്കുന്നുവെന്ന് ധീ പറഞ്ഞു. ഗാനത്തിന്റെ എല്ലാ വരുമാനവും ഉടമസ്ഥാവകാശവും തങ്ങള്‍ മൂന്നുപേരും തുല്യമായാണ് പങ്കിടുന്നതെന്നും ഏതെങ്കിലും തരത്തിലുള്ള അസമത്വത്തെ അംഗീകരിക്കുകയാണെങ്കില്‍ താന്‍ അതിന്റെ ഭാഗമാകില്ലെന്നും ധീ വ്യക്തമാക്കി.

'എന്‍ജോയ് എന്‍ജാമിയിലെ' ഇരുവരുടെയും പ്രാധാന്യം ഞാന്‍ ഒരു ഘട്ടത്തിലും കുറയ്ക്കുകയോ താഴ്ത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ എപ്പോഴെങ്കിലും ആഘോഷിക്കാനും അവരുടെ ജോലി ഹൈലൈറ്റ് ചെയ്യാനും മാത്രമേ ആഗ്രഹിച്ചിട്ടുള്ളൂ, ഓരോ ഘട്ടത്തിലും ഞാന്‍ അത് ചെയ്യുന്നു. ബാഹ്യ സ്രോതസ്സുകള്‍ ഞങ്ങളുടെ ഗാനം പങ്കിടുകയും പ്രമോട്ട് ചെയ്യുകയും ചെയ്യുന്ന രീതിയില്‍ എനിക്ക് യാതൊരു നിയന്ത്രണവുമില്ല. ഈ ഗാനത്തിന്റെ നിര്‍മ്മാണത്തില്‍ സംവിധായകന്‍ മണികണ്ഠന്‍ വളരെയധികം സംഭാവന ചെയ്തിട്ടുണ്ട്, അദ്ദേഹത്തിന്റെ 'കടൈസി വ്യവസായി' എന്ന സിനിമയാണ് എന്‍ജോയ് എന്‍ജാമിയുടെ പിന്നിലെ പ്രേരകശക്തി. ഓരോ ഘട്ടത്തിലും ഞാന്‍ ഇത് അംഗീകരിച്ചിട്ടുണ്ട്' ധീ പറഞ്ഞു.

ചെസ്സ് ഒളിമ്പ്യാഡില്‍ ധീ ഗാനം ആലപിച്ചപ്പോള്‍ അറിവിന്റെ പേര് പരാമര്‍ശിച്ചില്ലെന്നായിരുന്നു ആരോപണം. എന്നാല്‍ അറിവിന്റെ പേര് പരാമര്‍ശിച്ചുവെന്ന് ധീ വ്യക്തമാക്കി. 'ഒളിമ്പ്യാഡ് ചെസ്സ് പ്രകടനത്തെക്കുറിച്ച് പറയുകയാണെങ്കില്‍ ഇവന്റ് സംഘാടകര്‍ എന്നെയും അറിവിനെയും ഈ പരിപാടിക്ക് അവതരിപ്പിക്കാന്‍ സമീപിച്ചിരുന്നു. പക്ഷേ അറിവ് യുഎസില്‍ ആയിരുന്നത് കൊണ്ട് പെര്‍ഫോമന്‍സില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വോയ്‌സ് ട്രാക്ക് പ്ലേ ചെയ്തു. അറിവിന്റെ വാക്കുകളെ കുറിച്ചും 'എന്‍ജോയ് എന്‍ജാമി'യിലെ അറിവിന്റെ പ്രകടനത്തെക്കുറിച്ചും പരിപാടിയില്‍ പരാമര്‍ശിച്ചിരുന്നു' ധീ കൂട്ടിച്ചേര്‍ത്തു.

Story Highlights; Dhee on Enjoy Enjaami controversy

Next Story