Top

'എപ്പോഴെങ്കിലും മടങ്ങിവരാം'; 'അനിശ്ചിതകാല ഇടവേള' പ്രഖ്യാപിച്ച് ബിടിഎസ്

പ്രായപൂർത്തിയായ പുരുഷന്മാർ നിർബന്ധിത സൈനീക സേവനം ചെയ്യണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം.

15 Jun 2022 6:43 AM GMT
ഫിൽമി റിപ്പോർട്ടർ

എപ്പോഴെങ്കിലും മടങ്ങിവരാം; അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ച് ബിടിഎസ്
X

ലോകമെമ്പാടും ആരാധകരുള്ള ദക്ഷിണ കൊറിയൻ പോപ്പ് ബാന്‍ഡ് ബിടിഎസ് അനിശ്ചിതകാല ഇടവേള പ്രഖ്യാപിച്ചു. 'വ്യക്തിഗത കരിയറുകൾ' പിന്തുടരാനാണ് ഇടവേള. എന്നാൽ എപ്പോൾ വേണമെങ്കിലും മടങ്ങിവരാം എന്ന പ്രതീക്ഷ ആരാധകർക്ക് നൽകിയാണ് സംഘം ഇടവേളയെടുക്കുന്നത്. ബാൻഡ് രൂപീകരിച്ച് ഒൻപത് വർഷം പൂർത്തിയാക്കിയ വേളയിൽ നടത്തിയ പ്രത്യേക അത്താഴ വിരുന്ന് 'ഫെസ്റ്റ 2022ന്' ശേഷമാണ് ബിടിഎസിന്റെ പുതിയ പ്രഖ്യാപനം. ഇടവേള പ്രഖ്യാപനം ബിടിഎസിനും ബിടിഎസ് ആർമിക്കും ഒരുപോലെ വിഷമകരമായിരുന്നു. അത്താഴ വിരുന്നിന്റെ യുട്യൂബ് സ്ട്രീമിങിൽ സംസാരിച്ച സംഘാംഗങ്ങൾ വികാരഭരിതരായി.

2020-ൽ ഡൈനാമിറ്റ് പുറത്തിറക്കിയതിന് ശേഷം ടീമിന് ദിശാബോധം നഷ്‌ടപ്പെടുകയാണെന്ന് തനിക്ക് തോന്നിയെന്നും തനിക്ക് പിടി നഷ്ടപ്പെട്ടെന്നും ബിടിഎസ് ടീം ലീഡർ ആർഎം വിശദീകരിച്ചു. ഇനി തങ്ങളുടേത് ഏത് തരത്തിലുള്ള ഗ്രൂപ്പാണെന്ന് തനിക്കറിയില്ലെന്നും ആർഎം കൂട്ടിച്ചേർത്തു. "ബിടിഎസ് മറ്റ് ഗ്രൂപ്പുകളിൽ നിന്ന് വ്യത്യസ്തമാണെന്ന് ഞാൻ എപ്പോഴും കരുതിയിരുന്നു. എന്നാൽ, കെ-പോപ്പിൻ്റേയും അതുപോലുള്ള ഐഡലുകളുടേയും കുഴപ്പം അവ ഇങ്ങൾക്ക് പക്വത പ്രാപിക്കാൻ സമയം നൽകുന്നില്ല എന്നതാണ്." ആർഎം പറഞ്ഞു.

അതേസമയം "ഞങ്ങളുടെ ആരാധകരെക്കുറിച്ച് ചിന്തിക്കാതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല, ഞങ്ങളുടെ ആരാധകരാൽ ഓർക്കപ്പെടുന്ന കലാകാരന്മാരാകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു." എന്ന് ബിടിഎസ് സംഘാംഗം ജിമിൻ പറഞ്ഞു.

വീഡിയോയുടെ അവസാനത്തിലേക്കെത്തുമ്പോഴേയ്ക്ക് സംഘാംഗങ്ങളിൽ പലരും വികാരഭരിതരാകുകയും ഈ താൽകാലിക ഇടവേളയെ ആരോഗ്യകരമായ ഒരു തിരിച്ചുവരവിനുള്ള മടക്കമായി കാണണമെന്നും പറയുന്നു. കുറച്ചു കാലത്തിനു ശേഷം ബിടിഎസ് വീണ്ടും ഒരുമിക്കുമെന്നും ഇപ്പോഴത്തേതിനേക്കാൾ പക്വതയോടെ തിരികെ വരുമെന്നും ബാൻഡ് അംഗം ജംഗൂക് ഉറപ്പു നൽകുന്നുണ്ട്.

സൈനിക സേവനത്തിനു പോകേണ്ടതിനാലാണ് ബിടിഎസ് പിരിയുന്നതെന്ന തരത്തിലുള്ള ചർച്ചകളാണ് ഇപ്പോൾ ആരാധകർക്കിടയിൽ നടക്കുന്നത്. പ്രായപൂർത്തിയായ പുരുഷന്മാർ ഇരുപത്തിയെട്ട് വയസ്സിനുള്ളിൽ പതിനെട്ട് മാസമെങ്കിലും നിർബന്ധിത സൈനീക സേവനം ചെയ്യണമെന്നാണ് ദക്ഷിണ കൊറിയയിലെ നിയമം. ബിടിഎസ് സംഘാംഗങ്ങൾ അവരുടെ ഇരുപതുകളിലാണ്.

Story highlights: BTS announces hiatus as a group to focus on solo projects

Next Story