Top

'സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിക്കുന്നതിന് പകരം ഇത് സംസാരിക്കൂ'; ഗർഭച്ഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞതിൽ പ്രതികരിച്ച് ബില്ലി എലിഷ്

1973ലെ റോ വേഴ്‌സസ് വെയ്ഡ് കേസിൽ യുഎസിൽ ഗർഭചിദ്രത്തിന് നിയമ സാധുത നൽകിയ വിധിയാണ് സുപ്രീം കോടതി റദ്ദാക്കിയത്.

25 Jun 2022 3:55 AM GMT
ഫിൽമി റിപ്പോർട്ടർ

സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിക്കുന്നതിന് പകരം ഇത് സംസാരിക്കൂ; ഗർഭച്ഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞതിൽ പ്രതികരിച്ച് ബില്ലി എലിഷ്
X

ഗർഭഛിദ്ര അവകാശങ്ങൾ എടുത്ത് കളഞ്ഞ അമേരിക്കൻ സുപ്രീം കോടതി വിധിക്കെതിരെ പ്രതികരിച്ച് അമേരിക്കൻ ഗായിക ബില്ലി എലിഷ്. സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശത്തെ എടുത്ത് കളഞ്ഞ കോടതി വിധിക്കെതിരെ സംസാരിക്കുന്നതിന് പകരം ഇന്റർനെറ്റ് ലോകം കൂടുതൽ പ്രാധാന്യം നൽകുന്നത് ജോണി ഡെപ്പ് - ആംബർ ഹേഡ് വിവാഹ മോചനത്തിനാണ് എന്ന ആശങ്കയാണ് ഗായിക പങ്കുവച്ചത്.

"ഞാൻ വിഷാദാവസ്ഥയിൽ ആണ്. എന്റെ സ്വന്തം ശരീരത്തിന്മേലുള്ള അവകാശങ്ങൾ എനിക്ക് നഷ്ടപ്പെട്ടു. ആരും ഇതിൽ ആശങ്കപ്പെടുന്നില്ല. നമ്മൾ എന്തുകൊണ്ടാണ് സെലിബ്രിറ്റികളുടെ വിവാഹമോചനം സംസാരിച്ചുകൊണ്ടിരിക്കുന്നത്? ഇന്റർനെറ്റ് പലപ്പോഴും എന്നെ ആശങ്കപ്പെടുത്തുന്നു," nme.com ന് നൽകിയ അഭിമുഖത്തിൽ ബില്ലി പറഞ്ഞു. "തോക്കുകൾക്ക് സ്ത്രീകളെക്കാൾ അവകാശങ്ങൾ ഉണ്ട്," എന്നായിരുന്നു നടി ഹാലെ ബെറിയുടെ പ്രതികരണം.

1973ലെ റോ വേഴ്‌സസ് വെയ്ഡ് കേസിൽ യുഎസിൽ ഗർഭചിദ്രത്തിന് നിയമ സാധുത നൽകിയ വിധിയാണ് സുപ്രീം കോടതി വെള്ളിയാഴ്ച റദ്ദാക്കിയത്. അമേരിക്കൻ സ്ത്രീകൾക്ക് ​ ​ഗർഭം ധരിച്ച ശേഷമുള്ള ആദ്യ മൂന്ന് മാസങ്ങളിൽ ​ഗർഭഛിദ്രത്തിന് സമ്പൂർണ അവകാശം നൽകുന്നതായിരുന്നു വിധി. ഇനി മുതൽ ഗർഭഛിദ്രം നിരോധിക്കുന്ന നിയമം സംസ്ഥാനങ്ങൾക്ക് ഉണ്ടാക്കാനാവും. പകുതിയോളം സംസ്ഥാനങ്ങൾ ഇത്തരം നിയമ നിർമാണങ്ങൾ ഉടനെ നടത്തുമെന്നാണ് സൂചന. 'രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്ന കോടതി വിധി' എന്നായിരുന്നു പ്രസിഡന്റ് ജോ ബൈഡന്റെ പ്രതികരണം. വ്യക്തി സ്വാതന്ത്ര്യത്തെ ഹനിക്കുന്നതും സ്ത്രീകളുടെ ആരോഗ്യത്തെ അപകടത്തിലുമാക്കുന്നതുമാണ് വിധിയെന്നും ബൈഡൻ വിമർശിച്ചു.

Story highlights: Billie Eilish questions internet's focus on Johnny Depp vs Amber Heard trial instead of courts ruling on abortion law

Next Story